ഇസ്ലാമാബാദ്: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനുമായി പാകിസ്ഥാനും ഇറാനും വീണ്ടും ചർച്ച നടത്തി. പാകിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ ടെഹ്‌റാനിൽ ഇറാനിയൻ നേതൃത്വവുമായി "വിപുലമായ ചർച്ചകൾ" നടത്തിയതായി കരസേനയുടെ മാധ്യമ വിഭാഗം ചൊവ്വാഴ്ച അറിയിച്ചു.
യു.എസ്-ഇറാൻ സംഘർഷത്തിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഇസ്ലാമാബാദിന്റെ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ചർച്ച നടത്തിയത്. കരസേനാ മേധാവി ഇറാനിൽ ഒരു ദിവസം നീണ്ടുനിന്ന സന്ദർശനം പൂർത്തിയാക്കിയതായി ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് പ്രസ്താവനയിൽ പറഞ്ഞു. ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്കിയാൻ, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ സുപ്രീം ലീഡറുടെ പ്രതിനിധി മൊഹ്‌സെൻ റെസായി, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി, ഇറാൻ ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമേനി എന്നിവരെ സൈനിക മേധാവി സന്ദർശിച്ചു. യു.എസ്-ഇറാൻ സംഘർഷത്തിലെ സ്തംഭനാവസ്ഥ അവസാനിപ്പിക്കുന്നതിനും മേഖലയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയില്ലായ്മയ്ക്ക് അറുതി വരുത്തുന്നതിനുമുള്ള വഴികൾ തേടുന്നതിനുമുള്ള പാകിസ്ഥാന്റെ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ സന്ദർശനം.
"കൂടുതൽ സംഘർഷം തടയുന്നതിനുള്ള നടപടികൾ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കൽ, സംഘർഷം വേഗത്തിൽ അവസാനിപ്പിക്കുക എന്നിവയെക്കുറിച്ചാണ് സമഗ്രമായ ചർച്ചകൾ കേന്ദ്രീകരിച്ചത്," മേഖലയിലെ സമാധാനം, തർക്കങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണാനുള്ള സാധ്യതകൾ എന്നിവയും പാകിസ്ഥാൻ-ഇറാൻ നേതാക്കൾ തമ്മിലുള്ള ചർച്ചയിൽ ഉൾപ്പെട്ടിരുന്നു.
സംഭാഷണങ്ങൾ സുഗമമാക്കുന്നതിലും സംഘർഷം ലഘൂകരിക്കുന്നതിലും സമാധാനപരമായ പരിഹാരം കാണുന്നതിലും പാകിസ്ഥാൻ വഹിച്ച "സൃഷ്ടിപരമായ പങ്കിനെ" ഇറാനിയൻ നേതൃത്വം അഭിനന്ദിച്ചതായി പ്രസ്താവനയിൽ പറയുന്നു. സ്തംഭിച്ചുപോയ യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പുനരുജ്ജീവിപ്പിക്കുന്നതിനും സമാധാനത്തിനായുള്ള ശ്രമങ്ങൾക്കും പാകിസ്ഥാൻ നേതൃത്വം നൽകിവരികയാണ്.
ഏപ്രിലിൽ, യുഎസ്- ഇറാൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള കരാറിനൊപ്പം വെടിനിർത്തലും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്നീട് സമാധാന പ്രക്രിയ തടസ്സപ്പെട്ടതോടെ അത് വീണ്ടും ശരിയായ പാതയിലാക്കാൻ സാധിച്ചിട്ടില്ല.
പശ്ചിമേഷ്യൻ സംഘർഷ ലഘൂകരണത്തിന് വീണ്ടും ശ്രമം; പാകിസ്ഥാനും ഇറാനും വീണ്ടും ചർച്ച നടത്തി
