'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്': ഇറാനുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയിലെ നാല് കമ്പനികൾക്ക് മേൽ യുഎസ് ഉപരോധം

'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്': ഇറാനുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയിലെ നാല് കമ്പനികൾക്ക് മേൽ യുഎസ് ഉപരോധം


വാഷിം​ഗ്ടൺ: ഇറാനുമായി പെട്രോളിയം വ്യാപാരം നടത്തിയെന്നാരോപിച്ച് ഇന്ത്യ ആസ്ഥാനമായുള്ള നാല് കമ്പനികൾക്കും വ്യക്തികൾക്കുമെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തി. ഇറാനെതിരെ യുഎസ് ആരംഭിച്ച പുതിയ സാമ്പത്തിക സമ്മർദ്ദ നീക്കമായ "ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്"-ന്റെ ഭാഗമായാണ് ഉപരോധം. സദാശിവ ഓവർസീസിസ്, പി.പി സോഫ്റ്റ്‌ടെക്, പ്രകൃതിസ് ഇൻഫ്ര ഇംപെക്സ്, പോർട്ടീസ് പാർട്ണേഴ്സ് എന്നീ നാല് ഇന്ത്യൻ കമ്പനികൾക്കെതിരേയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ട്രഷറി വകുപ്പും ഉപരോധം ഏർപ്പെടുത്തിയത്. 

ഇറാനിൽ നിന്നുള്ള വിതരണക്കാരിൽ നിന്ന് പെട്രോളിയം, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ സഹായിച്ചുവെന്നാരോപിച്ചാണ് ഈ കമ്പനികൾക്കെതിരെയുള്ള നടപടി. കസ്റ്റംസ് ബ്രോക്കർ സ്ഥാപനമായ 'പോർട്ടീസ് പാർട്ണേഴ്സ് എൽഎൽപി' എന്ന സ്ഥാപനം ഇറാനിയൻ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ നിരവധി ചരക്ക് നീക്കങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സഹായിച്ചെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആരോപിക്കുന്നത്. ഈ സ്ഥാപനത്തിലെ പങ്കാളികളായ ഇന്ത്യൻ പൗരന്മാരായ ഇന്ദ്രിസ്മിയ അഷ്റഫ്മിയ ഷെയ്ഖ്, ഹരീഷ് രാമചന്ദ്ര രംഗി എന്നിവരെയും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

'സദാശിവ ഓവർസീസ് ലിമിറ്റഡ്' എന്ന കമ്പനി 2024 ഫെബ്രുവരി മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ, യുഎസ് ഉപരോധ പട്ടികയിലുള്ള 'ബോൺജോർ കമ്മോഡിറ്റി എഫ്.ഇസഡ്.ഇ' ഉൾപ്പെടെയുള്ള വിവിധ കമ്പനികളിൽ നിന്ന് ഏകദേശം 69 ദശലക്ഷം ഡോളർ മൂല്യമുള്ള ഇറാനിയൻ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തെന്നാണ് ആരോപണം. "ഇറാനിൽ നിന്നുള്ള പെട്രോളിയം അല്ലെങ്കിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനോ കൈവശപ്പെടുത്തുന്നതിനോ വിൽക്കുന്നതിനോ കടത്തുന്നതിനോ വിപണനം ചെയ്യുന്നതിനോ വേണ്ടിയുള്ള സുപ്രധാന ഇടപാടുകളിൽ അറിഞ്ഞുകൊണ്ട് ഏർപ്പെട്ടതിനാലാണ് എക്സിക്യൂട്ടീവ് ഓർഡർ (E.O.) 13846-ലെ സെക്ഷൻ 3(a)(ii) പ്രകാരം 'സദാശിവ ഓവർസീസി'നെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തുന്നത്"- സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ഉപരോധ പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു ഇന്ത്യൻ കമ്പനിയായ 'പിപി സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡ്' 2024 ജനുവരി മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ ഏകദേശം 25 ദശലക്ഷം ഡോളർ മൂല്യമുള്ള ഇറാനിയൻ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. പിപി സോഫ്റ്റ്ടെക്കിന്റെ ഡയറക്ടറും ഇന്ത്യൻ പൗരനുമായ പ്രശാന്ത് ഗാർഗിനെയും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തി.

നാലാമത്തെ കമ്പനിയായ 'പ്രകൃതീസ് ഇൻഫ്ര ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി'നെതിരെ വാഷിംഗ്ടൺ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. 2023 മെയ് മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ, 'ബോൺജൂർ കമ്മോഡിറ്റി എഫ്.ഇസഡ്.ഇ' (Bonjoure Commodity F.Z.E.) ഉൾപ്പെടെയുള്ള വിവിധ കമ്പനികളിൽ നിന്ന് ഏകദേശം 25 ദശലക്ഷം ഡോളർ മൂല്യമുള്ള ഇറാനിയൻ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തെന്നാണ് ആരോപണം.

ഇറാനു ലഭിക്കുന്ന പെട്രോളിയം വരുമാനം തടയുന്നതിനും, ടെഹ്‌റാൻ്റെ സൈനിക-സംഭരണ ​​പ്രവർത്തനങ്ങളെ സഹായിക്കുന്ന ശൃംഖലകളെ തകർക്കുന്നതിനുമായി യുഎസ് നടത്തുന്ന വിപുലമായ നടപടികളുടെ ഭാഗമാണ് ഈ പുതിയ നീക്കം. ഇറാനെതിരായ വിപുലമായ സാമ്പത്തിക സമ്മർദ്ദ നീക്കങ്ങൾ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ടെഹ്‌റാനെ സഹായിക്കുന്ന സ്ഥാപനങ്ങളെ യുഎസ് ഡോളർ സംവിധാനത്തിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. "ഇറാനുവേണ്ടി പണം വെളുപ്പിക്കാൻ സഹായിക്കുന്ന ഏതൊരു സ്ഥാപനത്തെയും യുഎസ് ഡോളർ സംവിധാനത്തിൽ നിന്ന് നീക്കം ചെയ്യും. അതിനുള്ള സമയം ഇപ്പോൾ ആരംഭിച്ചുകഴിഞ്ഞു," ബെസെൻ്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇറാനുമായുള്ള നിലവിലെ സംഘർഷത്തിനിടയിൽ അവരുടെ സാമ്പത്തിക സ്രോതസ്സുകൾ വിച്ഛേദിക്കാൻ ലക്ഷ്യമിട്ടുള്ള "അഭൂതപൂർവമായ ഒരു നീക്കം" എന്നാണ് ബെസെൻ്റ് ഇതിനെ വിശേഷിപ്പിച്ചത്. "ഈ സ്വേച്ഛാധിപത്യ ഭരണകൂടത്തെ നിലനിർത്തുന്ന എല്ലാ സാമ്പത്തിക സ്രോതസ്സുകളെയും ലോകമെമ്പാടും വിച്ഛേദിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം," അദ്ദേഹം പറഞ്ഞു. "എല്ലാവരെയും ഞങ്ങൾ ഉത്തരവാദികളാക്കും. ഇത് ആ ഭരണകൂടത്തെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് ഇല്ലാതാക്കുന്ന നടപടിയാണ്." 

ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാനം, ഷിപ്പിംഗ് എന്നീ അഞ്ച് മേഖലകളിലേക്ക് കൂടി 'സെക്കൻഡറി ഉപരോധങ്ങളുടെ' സാധ്യത ട്രഷറി വ്യാപിപ്പിച്ചു. ഇറാൻ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ നിലനിർത്താൻ ഈ മേഖലകളെയാണ് ഉപയോഗിക്കുന്നതെന്ന് ട്രഷറി വ്യക്തമാക്കി. ചൈനീസ് ബാങ്കുകൾ ഉൾപ്പെടെയുള്ള ആഗോള ധനകാര്യ സ്ഥാപനങ്ങളിലേക്കും ഈ നടപടികൾ വ്യാപിച്ചേക്കാമെന്ന് ബെസെൻ്റ് മുന്നറിയിപ്പ് നൽകി. "യുഎസ് ഉപരോധങ്ങളുടെ പരിധിക്ക് പുറത്തായി ആരും ഇല്ല," അദ്ദേഹം പറഞ്ഞു.