ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി തപാൽ വഴിയുള്ള വോട്ടിംഗിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടികൾക്ക് സുപ്രീം കോടതിയുടെ അനുമതി. നവംബറിലെ മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി, കീഴ്കോടതി ഏർപ്പെടുത്തിയിരുന്ന സ്റ്റേ നീക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ കൺസർവേറ്റീവ് ഭൂരിപക്ഷത്തിന്റെ ഉത്തരവ്. ഭിന്നാഭിപ്രായങ്ങൾക്കിടയിലാണ് കോടതിയുടെ ഈ തീരുമാനം.
വോട്ടർമാരുടെ യോഗ്യതാ പട്ടിക പരിശോധിക്കാനും, അംഗീകൃത പട്ടികയിലുള്ളവർക്ക് മാത്രം തപാൽ ബാലറ്റുകൾ എത്തിക്കാനും യുഎസ് പോസ്റ്റൽ സർവീസിന് അനുവാദം നൽകുന്നതാണ് ഉത്തരവ്. പൗരന്മാരല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് കണ്ടെത്താനോ നിരീക്ഷിക്കാനോ ഭരണകൂടത്തിന് ഉപയോഗിക്കാവുന്ന യുഎസ് പൗരന്മാരുടെ പട്ടികകൾ ഈ ഉത്തരവിന്റെ ഭാഗമായി 'ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി' തയ്യാറാക്കും.
ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിന്റെ നിയമസാധുത കീഴ്ക്കോടതി പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴും, മെയിൽ ബാലറ്റുകളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള പദ്ധതികളുമായി ഭരണകൂടത്തിന് മുന്നോട്ട് പോകാമെന്നാണ് ഈ ഉത്തരവിൽ വ്യക്തമാക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ദിവസത്തിന് രണ്ട് മാസത്തിൽ താഴെ മാത്രം സമയമേയുള്ളൂ എന്നതും, പല സംസ്ഥാനങ്ങളിലും നേരത്തെയുള്ള വോട്ടിംഗ് അതിലും കുറഞ്ഞ സമയത്തിനുള്ളിൽ ആരംഭിക്കുമെന്നതും കണക്കിലെടുക്കുമ്പോൾ, കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം നിർണ്ണായകമാകുന്ന ഈ തിരഞ്ഞെടുപ്പിൽ വൈറ്റ് ഹൗസിന്റെ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമോ എന്നത് അവ്യക്തമാണ്. പദ്ധതിയുടെ അന്തിമ വിധി വന്നിട്ടില്ലാത്തതിനാൽ, കൂടുതൽ നിയമനടപടികൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.
അതേസമയം, കീഴ്ക്കോടതി പുറപ്പെടുവിച്ച മറ്റൊരു ഉത്തരവിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. എക്സിക്യൂട്ടീവ് ഉത്തരവിന്റെ ചില ഭാഗങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് പോസ്റ്റൽ സർവീസിനെ കോടതി നേരത്തെ തടഞ്ഞിരുന്നു. ആ കേസും ഉടൻ തന്നെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുമെന്നാണ് കരുതുന്നത്.
കീഴ്ക്കോടതികൾ ഏർപ്പെടുത്തിയ സ്റ്റേ നീക്കിയില്ലെങ്കിൽ ട്രംപ് ഭരണകൂടത്തിന് "പരിഹരിക്കാനാകാത്ത നഷ്ടം" സംഭവിക്കുമെന്ന് നിരീക്ഷിച്ച ഭൂരിപക്ഷ ബെഞ്ച്, പദ്ധതികളുമായി മുന്നോട്ട് പോകാനുള്ള സർക്കാരിന്റെ വാദത്തോട് യോജിക്കുന്നതായി വ്യക്തമാക്കി. മൂന്ന് ലിബറൽ ജഡ്ജിമാർ ഇതിൽ വിയോജിപ്പ് രേഖപ്പെടുത്തി. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളിൽ അനാവശ്യമായ അരാജകത്വവും അനിശ്ചിതത്വവും സൃഷ്ടിക്കുന്ന നടപടിയാണിതെന്ന് ജസ്റ്റിസ് കെറ്റാൻജി ബ്രൗൺ ജാക്സൺ മുന്നറിയിപ്പ് നൽകി.
പ്രസിഡന്റിന്റെ ഉത്തരവിനെതിരെ രംഗത്തുവന്ന സംസ്ഥാനങ്ങൾക്ക്, ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ലാത്ത വോട്ടിംഗ് ചട്ടങ്ങൾ മൂലം കാര്യമായ ദോഷം സംഭവിച്ചുവെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ഭൂരിപക്ഷ വിധിയിൽ പറയുന്നു. തങ്ങളുടെ ഉത്തരവ് പ്രാഥമികമാണെന്നും, പദ്ധതികൾ പൂർത്തിയാകുമ്പോൾ ഭരണകൂടത്തിന്റെ ഉത്തരവ് നിയമപരമായിരിക്കുമോ എന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനമല്ല ഇതെന്നും ജഡ്ജിമാർ വ്യക്തമാക്കി. "അക്കാര്യത്തിൽ കാലം ഉത്തരം നൽകും," എന്ന് പത്ത് പേജുള്ള, ഉത്തരവിൽ ഭൂരിപക്ഷ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരം അടിയന്തര ഉത്തരവുകളിൽ പതിവുള്ളതുപോലെ, തിങ്കളാഴ്ചത്തെ സുപ്രീം കോടതി ഉത്തരവിൽ ജഡ്ജിമാരുടെ ഒപ്പുകളുണ്ടായിരുന്നില്ല.
ഭരണകൂടത്തിന്റെ വിപുലമായ എക്സിക്യൂട്ടീവ് അധികാര അവകാശവാദങ്ങളോട് സുപ്രീം കോടതിയിലെ യാഥാസ്ഥിതിക ഭൂരിപക്ഷം ഭാഗികമായി മാത്രമേ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളൂ. യുഎസ് പൗരന്മാരുടെ പട്ടിക തയ്യാറാക്കണമെന്ന ട്രംപിന്റെ ഉത്തരവിലെ വ്യവസ്ഥ, "പ്രസിഡന്റ് തന്റെ കീഴ്ജീവനക്കാരന് നൽകിയ ആഭ്യന്തര നിർദ്ദേശം" മാത്രമാണെന്നും, അതിനാൽ സംസ്ഥാനങ്ങൾക്ക് മേൽ അത് ഇതുവരെ യാതൊരു ബാധ്യതയും ചുമത്തുന്നില്ലെന്നും ഭൂരിപക്ഷ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് എങ്ങനെ നടപ്പിലാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് വെള്ളിയാഴ്ച പോസ്റ്റൽ സർവീസ് അന്തിമ ചട്ടങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെയാണ് കോടതിയുടെ ഈ ഉത്തരവും വന്നത്. സുപ്രീം കോടതി ഭരണകൂടത്തിന് അനുകൂലമായി വിധി പ്രസ്താവിക്കുന്നില്ലെങ്കിൽ, "2026-ലെ തിരഞ്ഞെടുപ്പിനായി പ്രത്യേകമായി ഈ ചട്ടം നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കില്ല" എന്ന് പോസ്റ്റൽ സർവീസ് തങ്ങളുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് ഈ വിധിയെ "വേദനകരമായ തിരിച്ചടി" എന്നാണ് വിശേഷിപ്പിച്ചതെങ്കിലും, കോടതിയുടെ അന്തിമ വാക്ക് ഇതല്ലായിരിക്കുമെന്ന് കരുതുന്നെന്ന് പറഞ്ഞു.
തപാൽ വഴിയുള്ള വോട്ടിംഗിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കത്തിന് സുപ്രീം കോടതിയുടെ താത്കാലിക അനുമതി
