മിസൈലുകൾ ഇനി സ്വകാര്യ മേഖലയിലും നിർമിക്കും; സാങ്കേതിക വിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി

മിസൈലുകൾ ഇനി സ്വകാര്യ മേഖലയിലും നിർമിക്കും; സാങ്കേതിക വിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി


ന്യൂഡൽഹി: ഡിആർഡിഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതിക വിദ്യകൾ സ്വകാര്യമേഖലയ്ക്ക് കൈമാറുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. പ്രതിരോധ നിർമ്മാണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിർണായക തീരുമാനം. ഡിആർഡിഒ വികസിപ്പിച്ചെടുത്ത എല്ലാ പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യകൾ രാജ്യത്തെ സ്വകാര്യ-പൊതുമേഖല പ്രതിരോധ വ്യവസായങ്ങൾക്ക് ഉൽപ്പാദനത്തിനായി കൈമാറാനാണ് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. ആവശ്യമായ യോഗ്യതകൾക്കും സർട്ടിഫിക്കേഷനുകൾക്കും നിയന്ത്രണ മാനദണ്ഡങ്ങൾക്കും വിധേയമായി ഇന്ത്യൻ കമ്പനികൾക്ക് ഇനി ഇത്തരം മിസൈൽ സംവിധാനങ്ങൾ രാജ്യത്തിനകത്തുതന്നെ നിർമ്മിക്കാൻ ചരിത്രപരമായ ഈ തീരുമാനം വഴിയൊരുക്കും. 

നിയമപരമായ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതും കൃത്യമായ യോഗ്യതയും മുൻപരിചയവുമുള്ള സ്ഥാപനങ്ങൾക്കായിരിക്കും ഈ ടെക്നോളജി ട്രാൻസ്ഫർ ലഭ്യമാക്കുക. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും മറ്റ് സാങ്കേതിക പങ്കാളികൾക്കും ഈ വിതരണ ശൃംഖലയുടെ ഭാഗമാകാൻ ഇതിലൂടെ വലിയ അവസരങ്ങൾ ലഭിക്കും. കൂടാതെ, പ്രതിരോധ മേഖലയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും മിസൈൽ ഉൽപ്പാദനത്തിൽ തദ്ദേശീയ വിഭവങ്ങളുടെ പങ്കാളിത്തവും ആഭ്യന്തര മൂല്യം വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും. 

ആത്മനിർഭർഭാരത് പദ്ധതിയുടെ ഭാഗമായി പ്രതിരോധ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നത് രാജ്യത്തിന്റെ സാങ്കേതിക കുതിപ്പിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സർക്കാരിന്റെ ഈ സുപ്രധാന നീക്കം ഇന്ത്യയെ ആഗോളതലത്തിലെ ഒരു പ്രധാന പ്രതിരോധ കയറ്റുമതി രാജ്യമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്. എന്നാൽ, സുരക്ഷാ പ്രശ്നങ്ങൾ വേണ്ട രീതിയിൽ പരി​ഗണിക്കാതെയാണ് തീരുമാനമെന്ന് എതിരഭിപ്രായവും ഉയർന്നിട്ടുണ്ട്.