വാഷിങ്ടൺ: ലോകവ്യാപാരത്തെ അമേരിക്കയ്ക്ക് കൂടുതൽ അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടപ്പാക്കിയ തീരുവ നയത്തിന്റെ ഏറ്റവും വലിയ നേട്ടക്കാരായി അപ്രതീക്ഷിതമായി വിയറ്റ്നാം മാറുന്നു. ഈ വർഷം ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം അമേരിക്കയുമായുള്ള വ്യാപാരമിച്ചത്തിൽ വിയറ്റ്നാം ചൈനയെയും മെക്സിക്കോയെയും തായ്വാനെയും പിന്നിലാക്കിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ഔദ്യോഗിക കണക്കുകൾ പ്രകാരം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ വിയറ്റ്നാമിന്റെ അമേരിക്കയുമായുള്ള വ്യാപാരമിച്ചം 114 ബില്യൺ ഡോളറിലെത്തി.
ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം ചൈനയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കുകയും അമേരിക്കൻ വ്യാപാരക്കമ്മി ചുരുക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ഉയർന്ന തീരുവയിൽനിന്ന് രക്ഷപ്പെടാൻ ഉൽപ്പാദനം ചൈനയിൽനിന്ന് വിയറ്റ്നാമിലേക്ക് മാറ്റിയതോടെ ഫലം മറിച്ചായി. അമേരിക്കൻ വിപണിയിലേക്ക് വിയറ്റ്നാമിൽനിന്നുള്ള ഉൽപ്പന്നങ്ങളുടെ ഒഴുക്ക് കുത്തനെ വർധിച്ചു.
ഈ വർഷം ആദ്യ ആറുമാസത്തിൽ അമേരിക്ക വിയറ്റ്നാമിൽനിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങളുടെ മൂല്യം 123 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർധനയാണിത്. വിയറ്റ്നാമിന്റെ കയറ്റുമതി വളർച്ചയിൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയ മേഖലകൾക്ക് നിർണായക പങ്കുണ്ട്.
ഉൽപ്പാദനം ചൈനയിൽനിന്ന് വിയറ്റ്നാമിലേക്ക്
ട്രംപിന്റെ തീരുവനയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ ചെലവ് കൂട്ടുകയായിരുന്നു. എന്നാൽ അമേരിക്കൻ കമ്പനികൾക്കും ആഗോള ഉൽപ്പാദകർക്കും മറ്റൊരു വഴി കണ്ടെത്തേണ്ടിവന്നു. ചൈനയിൽ ഉൽപ്പാദിപ്പിച്ചിരുന്ന പല ഉൽപ്പന്നങ്ങളുടെയും നിർമാണം വിയറ്റ്നാമിലേക്ക് മാറ്റുകയായിരുന്നു അതിലൊന്ന്.
ആപ്പിൾ, നൈക്കി തുടങ്ങിയ വൻകിട കമ്പനികൾക്കൊപ്പം ചെറുകിട കമ്പനികളും വിയറ്റ്നാമിലെ ഉൽപ്പാദനശേഷി വർധിപ്പിച്ചു. ഇലക്ട്രോണിക്സ് രംഗത്ത് സാംസങ്, ഇന്റൽ, ഫോക്സ്കോൺ തുടങ്ങിയ കമ്പനികളുടെ സാന്നിധ്യവും വിയറ്റ്നാമിനെ ആഗോള വിതരണ ശൃംഖലയിലെ പ്രധാന കേന്ദ്രമാക്കി മാറ്റി.
അമേരിക്ക ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തിയപ്പോൾ വിയറ്റ്നാമിൽനിന്നുള്ള ഇറക്കുമതിക്ക് താരതമ്യേന കുറഞ്ഞ തീരുവയാണ് ബാധകമായത്. ജൂണിലെ കണക്കനുസരിച്ച് വിയറ്റ്നാമിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഫലപ്രദമായ ശരാശരി തീരുവ ഏകദേശം 6.5 ശതമാനം ആയിരുന്നപ്പോൾ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അത് 23.2 ശതമാനം ആയിരുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേർണൽ ചൂണ്ടിക്കാട്ടുന്നു. ഈ വ്യത്യാസം ഉൽപ്പാദനം വിയറ്റ്നാമിലേക്ക് മാറ്റാനുള്ള കമ്പനികളുടെ താൽപര്യം വർധിപ്പിച്ചു.
വിയറ്റ്നാമിന്റെ കയറ്റുമതി കുതിക്കുന്നു
വിയറ്റ്നാമിന്റെ സ്വന്തം ഔദ്യോഗിക കണക്കുകളും രാജ്യത്തിന്റെ കയറ്റുമതി മേഖലയിൽ ഉണ്ടായ കുതിപ്പ് വ്യക്തമാക്കുന്നു. 2026ലെ ആദ്യ ആറുമാസത്തിൽ വിയറ്റ്നാമിന്റെ മൊത്തം ചരക്ക് കയറ്റുമതി 266.52 ബില്യൺ ഡോളറായിരുന്നു, മുൻവർഷത്തെക്കാൾ 21 ശതമാനം വർധന. ഇറക്കുമതി 283.17 ബില്യൺ ഡോളറായി ഉയർന്നതോടെ രാജ്യത്തിന് മൊത്തം ചരക്കുവ്യാപാരത്തിൽ 16.65 ബില്യൺ ഡോളറിന്റെ കമ്മിയുണ്ടായി.
അതേസമയം, അമേരിക്കയാണ് വിയറ്റ്നാമിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണി. ആദ്യ ആറുമാസത്തിൽ അമേരിക്കയിലേക്കുള്ള വിയറ്റ്നാമിന്റെ കയറ്റുമതി 86.5 ബില്യൺ ഡോളറായിരുന്നു. ചൈനയിൽനിന്നുള്ള ഇറക്കുമതി 115.2 ബില്യൺ ഡോളറിലെത്തി; ചൈനയാണ് വിയറ്റ്നാമിന്റെ ഏറ്റവും വലിയ ഇറക്കുമതി ഉറവിടം.
ചൈനീസ് ഉൽപ്പന്നങ്ങൾ വിയറ്റ്നാം വഴി?
വിയറ്റ്നാമിന്റെ കയറ്റുമതി കുതിപ്പിനൊപ്പം അമേരിക്കയിൽ മറ്റൊരു ആശങ്കയും ശക്തമാകുന്നുണ്ട്. ചൈനയിൽ നിർമിച്ച ഉൽപ്പന്നങ്ങൾ വിയറ്റ്നാം വഴി അമേരിക്കയിലെത്തിച്ച് തീരുവ ഒഴിവാക്കുന്ന രീതിയിലുള്ള മറുവഴിയുള്ള കയറ്റുമതി വർധിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.
ചൈനീസ് ഉൽപ്പന്നങ്ങൾ മൂന്നാം രാജ്യങ്ങൾ വഴി അമേരിക്കയിലെത്തിക്കുന്ന ഇത്തരം ഇടപാടുകൾ മൂലം യുഎസിന് പ്രതിവർഷം ഏകദേശം 19 മുതൽ 26 ബില്യൺ ഡോളർ വരെ തീരുവ വരുമാനം നഷ്ടപ്പെടുന്നതായി അമേരിക്കൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിയറ്റ്നാം ഈ വിഷയത്തിൽ അമേരിക്കയുമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാൽ വിയറ്റ്നാമിന്റെ കയറ്റുമതി കുതിപ്പിനെ മുഴുവൻ ചൈനീസ് ഉൽപ്പന്നങ്ങളുടെ വഴിതിരിച്ചുവിടലായി കാണാനാകില്ലെന്നാണ് വ്യവസായ രംഗത്തെ വിലയിരുത്തൽ. ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള മേഖലകളിൽ വിയറ്റ്നാമിൽ യഥാർഥ ഉൽപ്പാദനശേഷി വൻതോതിൽ വികസിച്ചിട്ടുണ്ടെന്നും അമേരിക്കൻ കമ്പനികൾ ഉൾപ്പെടെ നിരവധി ആഗോള കമ്പനികൾ അവിടെ നേരിട്ട് ഉൽപ്പാദനം നടത്തുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയുടെ ലക്ഷ്യത്തിന് വിരുദ്ധമായ ഫലം?
ട്രംപിന്റെ 'അമേരിക്ക ആദ്യം' വ്യാപാരനയം ചൈനയെ സമ്മർദത്തിലാക്കുകയും അമേരിക്കൻ വ്യാപാരക്കമ്മി കുറയ്ക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ ചൈനയിൽനിന്നുള്ള ഉൽപ്പാദനം വിയറ്റ്നാമിലേക്ക് മാറിയതോടെ അമേരിക്കയുടെ ചൈനയുമായുള്ള വ്യാപാരക്കമ്മിയുടെ ഒരു ഭാഗം മറ്റൊരു ഏഷ്യൻ രാജ്യത്തേക്ക് മാറുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.
വിയറ്റ്നാമിന്റെ അമേരിക്കയുമായുള്ള വലിയ വ്യാപാരമിച്ചം ഇപ്പോൾ വാഷിങ്ടണിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അമേരിക്കൻ വ്യാപാരനയത്തിന്റെ ലക്ഷ്യമായ 'വ്യാപാര അസന്തുലിതാവസ്ഥ' പരിഹരിക്കണമെങ്കിൽ വിയറ്റ്നാമും ഭാവിയിൽ കൂടുതൽ സമ്മർദം നേരിടാൻ സാധ്യതയുണ്ട്.
വളരുന്ന സാമ്പത്തിക ശക്തി
അമേരിക്കൻ വിപണിയിലെ കയറ്റുമതി കുതിപ്പിനൊപ്പം വിയറ്റ്നാമിന്റെ സമ്പദ്വ്യവസ്ഥയും ശക്തമായ വളർച്ച രേഖപ്പെടുത്തുകയാണ്. 2026ന്റെ ആദ്യ പകുതിയിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 8.18 ശതമാനം
വളർന്നു. ഉൽപ്പാദന മേഖലയിൽ 10 ശതമാനത്തിലധികം വളർച്ചയും രേഖപ്പെടുത്തി. വിദേശ നേരിട്ടുള്ള നിക്ഷേപവും കുതിച്ചു; ആദ്യ ആറുമാസത്തിൽ 34.65 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് രജിസ്റ്റർ ചെയ്തത്.
ട്രംപിന്റെ വ്യാപാരനയത്തിന്റെ ഏറ്റവും കൗതുകകരമായ തിരിച്ചടിയാണ് വിയറ്റ്നാമിന്റെ ഈ കുതിപ്പ്. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കൻ കമ്പനികൾ വിതരണശൃംഖല വൈവിധ്യവൽക്കരിച്ചപ്പോൾ അതിന്റെ പ്രധാന ഗുണഭോക്താവായി വിയറ്റ്നാം മാറി. കുറഞ്ഞ ചെലവിലുള്ള ഉൽപ്പാദനം, വിദേശ നിക്ഷേപ സൗഹൃദ നയങ്ങൾ, ആഗോള കമ്പനികളുടെ സാന്നിധ്യം, അമേരിക്കൻ വിപണിയിലേക്കുള്ള പ്രവേശനം എന്നിവ വിയറ്റ്നാമിന് അനുകൂലമായി.
എന്നാൽ ഈ വളർച്ച വിയറ്റ്നാമിന് പൂർണമായും സുരക്ഷിതമായ നേട്ടമല്ല. അമേരിക്കയുമായുള്ള വ്യാപാരമിച്ചം 114 ബില്യൺ ഡോളറെന്ന നിലയിലെത്തിയതോടെ വാഷിങ്ടണിന്റെ അടുത്ത ലക്ഷ്യങ്ങളിലൊന്നായി രാജ്യം മാറാനുള്ള സാധ്യതയുണ്ട്. അതേസമയം ചൈനീസ് ഉൽപ്പന്നങ്ങൾ വിയറ്റ്നാം വഴി അമേരിക്കയിലെത്തുന്നുണ്ടെന്ന ആരോപണം ശക്തമായാൽ കൂടുതൽ പരിശോധനയും തീരുവനടപടികളും നേരിടേണ്ടിവരും.
അങ്ങനെ നോക്കുമ്പോൾ, ചൈനയെ ശിക്ഷിക്കാൻ ലക്ഷ്യമിട്ട അമേരിക്കൻ തീരുവനയം ആഗോള ഉൽപ്പാദനത്തിന്റെ ഭൂപടം മാറ്റിയപ്പോൾ, അതിന്റെ ഏറ്റവും വലിയ സാമ്പത്തിക നേട്ടം ലഭിച്ചിരിക്കുന്നത് ചൈനയുടെ അയൽരാജ്യമായ വിയറ്റ്നാമിനാണെന്ന് കാണാം.
ട്രംപിന്റെ തീരുവനയം തിരിച്ചടിച്ചോ? അമേരിക്കയുമായുള്ള വ്യാപാരമിച്ചത്തിൽ ചൈനയെ മറികടന്ന് വിയറ്റ്നാം
