'വിദ്യാര്‍ഥികളുടെ ആശങ്കകള്‍ ന്യായം, സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണം'; മോദി സര്‍ക്കാരിനോട് മുരളി മനോഹര്‍ ജോഷി

'വിദ്യാര്‍ഥികളുടെ ആശങ്കകള്‍ ന്യായം, സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണം'; മോദി സര്‍ക്കാരിനോട് മുരളി മനോഹര്‍ ജോഷി


ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുടെ ആശങ്കകള്‍ ന്യായമാണെന്നും അവ സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണമെന്നും മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ദിവസങ്ങളായി ഡല്‍ഹിയിലെ തെരുവുകളില്‍ കഴിയുന്നത് വേദനാജനകമാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് രം​ഗത്തെത്തുന്നത്. 

പരീക്ഷാ രീതികളിലെ അപാകതകള്‍ പരിഹരിക്കാന്‍ ശാശ്വത മാര്‍ഗമാണ് കണ്ടേത്തേണ്ടത്. വിദ്യാര്‍ഥി പ്രതിഷേധത്തെ ക്രമസമാധാന പ്രശ്‌നമായി കണ്ട് ബലംപ്രയോഗിച്ച് അടിച്ചമര്‍ത്തരുതെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമരസ്ഥലത്ത് പെണ്‍കുട്ടികളെപ്പോലും ക്രൂരമായി കൈകാര്യം ചെയ്യുന്നത് കാണുന്നത് ഏറെ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ബലപ്രയോഗങ്ങള്‍ 'വികസിത ഭാരതം' എന്ന ദേശീയ ലക്ഷ്യത്തില്‍ നിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അകറ്റാന്‍ മാത്രമേ ഉപകരിക്കൂ എന്നും ജോഷി മുന്നറിയിപ്പ് നല്‍കി.