എച്ച്ഡിഎഫ്‌സി ബാങ്കിനെതിരെ യുഎസിൽ അന്വേഷണം; നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചോയെന്ന് മൂന്ന് നിയമ സ്ഥാപനങ്ങൾ പരിശോധിക്കുന്നു

എച്ച്ഡിഎഫ്‌സി ബാങ്കിനെതിരെ യുഎസിൽ അന്വേഷണം; നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചോയെന്ന് മൂന്ന് നിയമ സ്ഥാപനങ്ങൾ പരിശോധിക്കുന്നു


മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിനെതിരെ അമേരിക്കയിലെ മൂന്ന് നിയമ സ്ഥാപനങ്ങൾ അന്വേഷണം ആരംഭിച്ചു. ബാങ്ക് യുഎസ് ഫെഡറൽ സെക്യൂരിറ്റീസ് നിയമങ്ങൾ ലംഘിച്ചോയെന്നും നിക്ഷേപകർക്ക് തെറ്റായ വിവരങ്ങൾ നൽകിയോയെന്നും പരിശോധിക്കാനാണ് നീക്കം.

ഗ്ലാൻസി പ്രോംഗേ & റോട്ടർ എൽഎൽപി, ഫ്രാങ്ക് ആർ. ക്രൂസ് ലോ ഓഫീസസ്, ഹോവാർഡ് ജി. സ്മിത്ത് ലോ ഓഫീസസ് എന്നീ സ്ഥാപനങ്ങളാണ് പ്രത്യേക അന്വേഷണങ്ങൾ പ്രഖ്യാപിച്ചത്. ബാങ്കിന്റെ ഓഹരികളിൽ നഷ്ടം നേരിട്ട നിക്ഷേപകരോട് ഇവർ ബന്ധപ്പെടാനും ആവശ്യപ്പെട്ടിട്ടുണ്ട്.

എച്ച്ഡിഎഫ്‌സി ബാങ്ക് നിക്ഷേപകർക്ക് നൽകിയ വിവരങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളുണ്ടായിരന്നോയെന്നും പ്രധാന വിവരങ്ങൾ മറച്ചുവെച്ചോയെന്നും പരിശോധിക്കുമെന്ന് നിയമ സ്ഥാപനങ്ങൾ അറിയിച്ചു. ബാങ്കിന്റെ അമേരിക്കൻ ഡെപ്പോസിറ്ററി ഷെയറുകൾ (ADS) ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ HDB എന്ന ടിക്കർ ചിഹ്നത്തിലാണ് വ്യാപാരം നടക്കുന്നത്. അതിനാൽ നിക്ഷേപകർക്ക് നൽകുന്ന വിവരങ്ങളിൽ ബാങ്ക് യുഎസ് സെക്യൂരിറ്റീസ് നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.

മെയ് 27ന് പ്രസിദ്ധീകരിച്ച ഒരു മാധ്യമ റിപ്പോർട്ടാണ് അന്വേഷണങ്ങൾക്ക് വഴിവെച്ചത്. ബാങ്കിന്റെ മാർക്കറ്റിങ് വിഭാഗത്തിലൂടെ നടത്തിയതായി ആരോപിക്കുന്ന ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആഭ്യന്തര വിജിലൻസ് അന്വേഷണം നടന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷന് (MSRDC) ഉയർന്ന പലിശ നൽകുന്നതിനായി 45 കോടി രൂപ മാർക്കറ്റിങ് ചെലവായി രേഖപ്പെടുത്തിയെന്ന ആരോപണവും റിപ്പോർട്ടിലുണ്ടെന്ന് അമേരിക്കൻ നിയമ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടി.

അതേസമയം, അന്വേഷണ പ്രഖ്യാപനങ്ങൾ സംബന്ധിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും യുഎസ് സെക്യൂരിറ്റീസ് നിയമലംഘനം നടന്നിട്ടണ്ടോ എന്നതാണ് നിയമ സ്ഥാപനങ്ങൾ പരിശോധിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.