മുംബൈ: ടാറ്റാ സണ്‍സിന്റെ ചരിത്രത്തിലാദ്യമായി ക്വാറം തികയാത്തതിനെ തുടര്‍ന്ന് വാര്‍ഷിക പൊതുയോഗം മാറ്റിവെച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ 108-ാമത് വാര്‍ഷിക പൊതുയോഗമാണ് ക്വാറം തികയാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പിരിഞ്ഞത്.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് നിശ്ചയിച്ച സമയത്ത് യോഗം ആരംഭിച്ചെങ്കിലും അരമണിക്കൂറിന് ശേഷം, മൂന്നു മണിയോടെ പിരിച്ചുവിട്ടതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ടാറ്റ ട്രസ്റ്റുകളിലെ ഏറ്റവും വലിയ രണ്ട് ട്രസ്റ്റുകളായ സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് (എസ്ഡിടിടി), സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ് (എസ്ആര്‍ടിടി) എന്നിവയുടെ സംയുക്ത പ്രതിനിധിയുടെ അഭാവമാണ് ക്വാറം തികയാതിരിക്കാന്‍ കാരണമായത്.
ടാറ്റ സണ്‍സ് ഡയറക്ടര്‍മാരായ എന്‍ ചന്ദ്രശേഖരനും അനിത ജോര്‍ജും ദക്ഷിണ മുംബൈയിലെ ഗ്രൂപ്പ് ആസ്ഥാനമായ ബോംബെ ഹൗസില്‍ നേരിട്ട് പങ്കെടുത്തു. ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റയും വേണു ശ്രീനിവാസനും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. അന്തരിച്ച ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ വില്‍പത്രത്തിന്റെ എക്‌സിക്യൂട്ടര്‍ എന്ന നിലയില്‍ ടാറ്റ ഗ്രൂപ്പിലെ മുന്‍ ഉദ്യോഗസ്ഥന്‍ മെഹ്ലി മിസ്ട്രിയും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.
ടാറ്റ സണ്‍സിന്റെ ഏകദേശം മൂന്നില്‍ രണ്ട് ഓഹരികളും ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ്. ടാറ്റ ട്രസ്റ്റുകളുടെ ഭാഗമായ 13 ട്രസ്റ്റുകളില്‍ പ്രധാനപ്പെട്ടവയാണ് എസ്ഡിടിടിയും എസ്ആര്‍ടിടിയും.
മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് എസ്ആര്‍ടിടിക്ക് നിലവില്‍ നിയന്ത്രണങ്ങളുണ്ട്. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതും യോഗങ്ങള്‍ ചേരുന്നതും ട്രസ്റ്റിന് വിലക്കിയിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചാരിറ്റി കമ്മീഷണറുടെ അന്വേഷണം നടക്കുന്നതിനിടെയാണ് നിയന്ത്രണം.
ഇതുമൂലം ടാറ്റ സണ്‍സിന്റെ വാര്‍ഷിക പൊതുയോഗത്തിലേക്ക് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യുന്നതിനായി എസ്ആര്‍ടിടിക്ക് യോഗം ചേരാന്‍ കഴിഞ്ഞില്ല. ഇതാണ് ആവശ്യമായ ക്വാറം തികയാത്തതിലേക്ക് നയിച്ചത്.
ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സില്‍ 13 ടാറ്റ ട്രസ്റ്റുകള്‍ക്ക് ആകെ 66 ശതമാനം ഓഹരിയുണ്ട്. വാഹനങ്ങള്‍, സ്റ്റീല്‍, സോഫ്റ്റ്വെയര്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍, ആഡംബര ഹോട്ടലുകള്‍ തുടങ്ങി വിവിധ മേഖലകളിലാണ് ടാറ്റ ഗ്രൂപ്പിന്റെ ബിസിനസ്.
എന്‍ ചന്ദ്രശേഖരന്‍ അടുത്ത ഫെബ്രുവരിയില്‍ കാലാവധി പൂര്‍ത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാര്‍ഷിക പൊതുയോഗം നടന്നത്. അതിനാല്‍ തന്നെ ഇത്തവണത്തെ വാര്‍ഷിക പൊതുയോഗത്തിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു.
ടാറ്റ സണ്‍സിന്റെ സാമ്പത്തിക കണക്കുകള്‍ അംഗീകരിക്കുക, ലാഭവിഹിതം പ്രഖ്യാപിക്കുക, എന്‍ ചന്ദ്രശേഖരനെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ വീണ്ടും നിയമിക്കുക എന്നിവയായിരുന്നു പ്രധാന അജണ്ടകള്‍. ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള പുനര്‍നിയമനത്തിന് പിന്നാലെ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തും അദ്ദേഹത്തിന്റെ കാലാവധി നീട്ടുന്നതിനുള്ള സാധ്യതയുണ്ടായിരുന്നു.
എന്നാല്‍ 2027 ഫെബ്രുവരിയില്‍ നിലവിലെ കാലാവധി അവസാനിച്ചതിന് ശേഷം ഗ്രൂപ്പ് ചെയര്‍മാനായി തുടരാന്‍ മറ്റൊരു കാലാവധി തേടില്ലെന്ന് ചന്ദ്രശേഖരന്‍ വ്യക്തമാക്കിയതോടെ ടാറ്റ ഗ്രൂപ്പില്‍ അപ്രതീക്ഷിത നേതൃത്വമാറ്റത്തിനുള്ള വഴിയൊരുങ്ങി. അത്യാധുനിക സാങ്കേതിക മേഖലകളിലടക്കം വന്‍ നിക്ഷേപ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഗ്രൂപ്പിന് നിര്‍ണായക ഘട്ടത്തിലാണ് ഈ മാറ്റം.
ചന്ദ്രശേഖരന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിന് സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് സംയുക്ത പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന് സ്വന്തം യോഗം ചേരേണ്ടതുണ്ട്. നിലവിലെ നിയന്ത്രണങ്ങളാണ് ഇതിന് തടസ്സമാകുന്നത്.
158 വര്‍ഷം പഴക്കമുള്ള ടാറ്റ ഗ്രൂപ്പിന്റെ ഭാവി നേതൃത്വവുമായി ബന്ധപ്പെട്ട തീരുമാനം ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികളുടെ സംയുക്ത വിപണി മൂല്യം ഏകദേശം 26.5 ലക്ഷം കോടി രൂപയാണ്.
അതേസമയം, ന്യൂനപക്ഷ ഓഹരിയുടമയായ ഷാപൂര്‍ജി പലോണ്‍ജി ഗ്രൂപ്പ് ടാറ്റ സണ്‍സിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ടാറ്റ ട്രസ്റ്റുകള്‍ക്കും ചെയര്‍മാന്‍ നോയല്‍ ടാറ്റയ്ക്കും നിര്‍ണായക സ്വാധീനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
