'ഇറാനുമായി വേണ്ട തരത്തിലുള്ള കരാറിലെത്താനാകില്ല'; 60 ദിവസത്തെ സമയപരിധി കഴിഞ്ഞു: ട്രംപ്

'ഇറാനുമായി വേണ്ട തരത്തിലുള്ള കരാറിലെത്താനാകില്ല'; 60 ദിവസത്തെ സമയപരിധി കഴിഞ്ഞു: ട്രംപ്


വാഷിങ്ടൺ: ആണവ പദ്ധതി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി കരാറിലെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും, അമേരിക്ക ആവശ്യപ്പെടുന്ന തരത്തിലുള്ള കരാറിന് ഇറാൻ തയ്യാറാകുന്നില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജൂൺ 17ന് യുഎസും ഇറാനും ധാരണയിലെത്തിയതിനെ തുടർന്ന് നിശ്ചയിച്ച 60 ദിവസത്തെ സമയപരിധി തിങ്കളാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.

'ഇറാൻ കരാറിലെത്താൻ ആഗ്രഹമുണ്ട്. എന്നാൽ എനിക്ക് ആവശ്യമായ തരത്തിലുള്ള കരാറിന് അവർ തയ്യാറാകുന്നില്ല' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കണമെന്ന ആശയം മികച്ചതാണെന്നും ട്രംപ് പറഞ്ഞു. കടലിടുക്കിൽ അമേരിക്കയ്ക്ക് നിയന്ത്രണമുണ്ടെന്നും ഉപരോധം ഫലപ്രദമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും എണ്ണവില കുറഞ്ഞുവരികയാണെന്നും ട്രംപ് പറഞ്ഞു.

ഇറാനിൽ 300 ശതമാനം പണപ്പെരുപ്പമാണെന്നും രാജ്യം വലിയ പ്രതിസന്ധിയിലാണെന്നും ട്രംപ് ആരോപിച്ചു.

കിം മറുപടി നൽകിയെന്ന് ട്രംപ്

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ തന്റെ സന്ദേശങ്ങൾക്ക് മറുപടി നൽകിയതായും ട്രംപ് വെളിപ്പെടുത്തി. ദക്ഷിണ കൊറിയയുമായുള്ള സൈനികാഭ്യാസങ്ങൾ കുറയ്ക്കാൻ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് കിമ്മിന്റെ പ്രതികരണം ഉണ്ടായതെന്നാണ് സൂചന. എന്നാൽ മറുപടിയുടെ വിശദാംശങ്ങൾ ട്രംപ് പുറത്തുവിട്ടില്ല.

കിമ്മുമായി തനിക്ക് നല്ല ബന്ധമാണെന്നും നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

'വ്യാജ വാർത്ത'; മാധ്യമപ്രവർത്തകയോട് ക്ഷുഭിതനായി

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണിലെ ഭക്ഷണക്ഷാമവും ജീവനക്കാരുടെ മോശം സാഹചര്യങ്ങളും സംബന്ധിച്ച റിപ്പോർട്ടുകളെയും ട്രംപ് തള്ളി. കപ്പൽ ദീർഘകാലമായി കടലിലാണെങ്കിലും മികച്ച രീതിയിൽ പരിപാലിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

ഇതിനിടെ, കപ്പലുമായി ബന്ധപ്പെട്ട ചോദ്യമുന്നയിച്ച സിഎൻഎൻ മാധ്യമപ്രവർത്തകയോട് ട്രംപ് ക്ഷുഭിതനായി. മാധ്യമപ്രവർത്തകയെ 'വ്യാജ റിപ്പോർട്ടർ' എന്ന് വിളിച്ച ട്രംപ് പലതവണ 'മിണ്ടാതിരിക്കൂ' എന്നും ആവശ്യപ്പെട്ടു.

കാലിഫോർണിയ തീരത്ത് തിരമാലകളിൽപ്പെട്ട 10 വയസ്സുകാരന്റെ ജീവൻ രക്ഷിച്ച കൗമാരക്കാരനായ റൈഡർ വില്യംസിനെ വൈറ്റ് ഹൗസിൽ ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു ട്രംപിന്റെ പ്രതികരണങ്ങൾ.