വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കയുടെ ഒന്നാം പരിഗണന എണ്ണവില കുറയ്ക്കുകയല്ലെന്നും ഇറാന് ആണവായുധം സ്വന്തമാക്കാൻ കഴിയാത്ത സാഹചര്യം ഉറപ്പാക്കുകയാണെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നേരത്തെ നടത്തിയ പരാമർശത്തിൽ നിന്ന് ട്രംപിന്റെ നിലപാട് വ്യത്യസ്തമാണെന്ന ചർച്ച ശക്തമായി.
അമേരിക്കൻ ജനങ്ങൾക്ക് എണ്ണയുടെയും ഗ്യാസിന്റെയും വില കുറച്ച് നിലനിർത്തുന്നതാണ് യുദ്ധത്തിലെ ഒന്നാം ലക്ഷ്യമെന്നായിരുന്നു കഴിഞ്ഞ ദിവസം വാൻസ് പറഞ്ഞത്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയുക രണ്ടാമത്തെ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ തിങ്കളാഴ്ച സമൂഹമാധ്യമത്തിലൂടെ ട്രംപ് തന്റെ വ്യത്യസ്ത നിലപാട് വ്യക്തമാക്കി. 'ഇറാന് ആണവായുധം ഉണ്ടാകരുത് എന്നതാണ് ഒന്നാം ലക്ഷ്യം, എന്നും അതുതന്നെയായിരിക്കും' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾ തടയുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു. അമേരിക്കൻ ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇറാനെതിരായ സൈനിക തീരുമാനങ്ങളെ സ്വാധീനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ഇരുവരുടെയും നിലപാടുകളിൽ വൈരുധ്യമില്ലെന്ന് വിശദീകരിച്ച് വൈറ്റ് ഹൗസ് രംഗത്തുവന്നു. എണ്ണവില നിയന്ത്രിക്കുന്നതും ഇറാനെ ആണവായുധത്തിൽ നിന്ന് തടയുന്നതും ഒരുപോലെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണെന്നാണ് വൈറ്റ് ഹൗസ് നിലപാട്.
എങ്കിലും ട്രംപിന്റെ പുതിയ പ്രസ്താവന വാൻസിന്റെ മുൻ പരാമർശങ്ങളെ തിരുത്തുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള എണ്ണവിപണിയെ ബാധിക്കുന്ന സാഹചര്യത്തിൽ, ആണവായുധം തടയലാണോ എണ്ണവില നിയന്ത്രണമാണോ അമേരിക്കയുടെ യഥാർഥ മുൻഗണന എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
അമേരിക്കയിൽ പെട്രോൾ വില ഉയർന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടയിലും, ഇറാനെതിരായ നടപടിയുടെ പേരിൽ വില വർധനവുണ്ടായാലും താൻ അതിൽ മാപ്പുപറയില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും ഇറാന് ആണവായുധം ലഭിക്കുന്നത് അനുവദിക്കാനാകില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
'ഒന്നാമത്തെ ലക്ഷ്യം ഇറാന്റെ ആണവായുധം തന്നെ'; വാൻസിന്റെ വാദം തിരുത്തി ട്രംപ്
