ഹരിപ്പാട് കരിവാറ്റയിലെ കൊലപാതകത്തിന് പിന്നിലെ ആസൂത്രിത ഗൂഡാലോചനയും കൊലപാതകത്തിന്റെ കാരണങ്ങളും അറിഞ്ഞവരെല്ലാം യഥാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. കൊലപ്പെടുത്തിയത് മുത്തച്ഛനെ. ആസൂത്രണം നടത്തിയ 13കാരിയായ പേരക്കുട്ടിയും കൗമാരക്കാരായ ആൺ സുഹൃത്തുക്കളും ചേർന്ന്. പെൺകുട്ടിക്ക് ഐ ഫോണും കൂട്ടുകാർക്ക് മോട്ടോർ ബൈക്കും വേണമായിരുന്നത്രേ. അതിന് സിനിമ സ്റ്റൈലിൽ വീടിന്റെ ശുചിമുറിയുടെ വെന്റിലേറ്ററിലൂടെ അകത്തുകടന്ന് വൃദ്ധനെ തലയ്ക്കടിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
മുത്തച്ഛനെ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയതും സ്വർണം കവർച്ച ചെയ്തതും പേരക്കുട്ടിയും ക്വട്ടേഷൻ സംഘവുമാണെന്നത് കേരളമാകെ ഞെട്ടലോടെയാണ് അറിഞ്ഞത്. പാമ്പിനെ പാലൂട്ടി വളർത്തിയതാണോ എന്ന് ചോദിച്ചിട്ട് കാര്യമില്ല, വിഷം ദിനംപ്രതി കൂടുന്നവയെ നമ്മൾ സൃഷ്ടിക്കുകയും അവയെ വളർത്തുകയും ചെയ്യുന്നു എന്നതാണ് സത്യം. ഓരോ വീട്ടിലും ഇതുപോലെ വീര്യം കൂടിയ വിഷവിത്തുക്കൾ വളരുന്നുണ്ടെന്ന് പറയാതിരിക്കാനാവില്ല. മൊബൈലും ഇന്റർനെറ്റും വഴിവിട്ട സുഹൃത്തുക്കളും ഹൊറർ ചിന്താഗതികളും എല്ലാം ചേർന്ന് നമ്മുടെ ഉള്ളിലുള്ള വിഷങ്ങളെ ഉഗ്രരൂപത്തിലാക്കുന്ന വിഷവിത്തുക്കളെ നമ്മൾ സൃഷ്ടിച്ചെടുക്കുന്നു. അവയെ നമ്മൾക്കും സമൂഹത്തിനും വേണ്ടാത്ത വിധത്തിൽ വളർത്തുന്നു. വേണ്ടാത്ത സമ്പർക്കങ്ങളിലൂടെ ഉഗ്രവിഷ രൂപികളാകുന്നു. എന്നിട്ട് കുടുംബത്തിൽ തന്നെ നാശം വിതയ്ക്കുന്നു. ഭർത്താവും ഭാര്യയും പരസ്പരം കൊല്ലുന്നു, മക്കൾ മാതാപിതാക്കളെ കൊല്ലുന്നു, സഹോദരങ്ങൾ പരസ്പരം തമ്മിൽതല്ലി തലപൊളിക്കുന്നു.... അണുകുടുംബങ്ങൾ വളർന്ന് വികസിച്ച് വിഷക്കൂടുകളാകുന്നു. ഇങ്ങനെ തുടരെ തുടരെ കുടുംബത്തിനുള്ളിൽ നടക്കുന്ന അണുകുടുംബ ഹത്യകൾ കേരളത്തെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നതാണ് ചോദ്യമുയരുന്നത്.
വൻ ആസൂത്രണം
കരുവാറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (65) ആണ് കൊല്ലപ്പെട്ടത്. വൻ ആസൂത്രണം നടത്തിയായിരുന്നു കൊലപാതകം.കൊലപാതകത്തിന് തൊട്ടുമുൻപ് ശിവൻകുട്ടി അതിക്രൂരമായ ശാരീരിക മർദ്ദനങ്ങൾക്ക് ഇരയായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്.
ശിവൻകുട്ടിയുടെ പേരക്കുട്ടിയായ പതിമൂന്നുകാരി തന്നെയാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകയെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി (എസ്പി) ടി.കെ. വിഷ്ണു പ്രദീപ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഐഫോണും ബൈക്കുകളും വാങ്ങാനും പണം സമ്പാദിക്കാനുമായി വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കവരാൻ പെൺകുട്ടിയാണ് കൃത്യമായ പദ്ധതി തയ്യാറാക്കിയത്. ഇതിനായി കൊല്ലത്തുനിന്ന് തന്റെ കാമുകനെയും സുഹൃത്തിനെയും പെൺകുട്ടി കരുവാറ്റയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഓഗസ്റ്റ് 15-ന് വൈകുന്നേരമാണ് കൊല്ലത്തുനിന്ന് ട്രെയിൻ മാർഗ്ഗം പതിനാറും പതിനേഴും വയസ്സുള്ള പ്രതികൾ കരുവാറ്റയിലെത്തിയത്. രാത്രി വീടിന്റെ ശുചിമുറിയിലെ വെന്റിലേറ്ററിലൂടെ ഇവർ അകത്തുകടക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ശിവൻകുട്ടിയുമായി മൽപ്പിടിത്തമുണ്ടാവുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കൊലപാതകം നടക്കുമ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്ന പതിമൂന്നുകാരിക്ക്, കാമുകൻ വീഡിയോ കോളിലൂടെ കൊലപാതക ദൃശ്യങ്ങൾ തത്സമയം കാണിച്ചുകൊടുത്തതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടാണ് ശിവൻകുട്ടിയെ അയൽവാസികൾ അവസാനമായി പുറത്തുകണ്ടത്. അന്ന് രാത്രി തന്നെ കൊലപാതകം നടന്നതായാണ് പൊലീസ് കരുതുന്നത്. മകളുടെ പ്രസവത്തിനായി ശിവൻകുട്ടിയുടെ ഭാര്യ ആശുപത്രിയിലായതിനാൽ വാടകവീട്ടിൽ ഇദ്ദേഹവും പേരക്കുട്ടിയും മാത്രമാണുണ്ടായിരുന്നത്. രണ്ടുദിവസമായി വീട് പൂട്ടിയിട്ടിരിക്കുകയാണെന്ന് പേരക്കുട്ടി തന്നെയാണ് അയൽവാസികളെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ കിടക്കവിരികളും മറ്റും ഉപയോഗിച്ച് കൈകാലുകൾ പിന്നിലേക്ക് വലിച്ചുകെട്ടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. കിടപ്പുമുറിയിലെ അലമാര പൊളിച്ചിട്ട നിലയിലായിരുന്നു.
സിനിമകൾ കണ്ട പ്രേരണയിലാണ് തെളിവ് നശിപ്പിക്കാൻ വീട്ടിനുള്ളിൽ മുളകുപൊടി വിതറിയത്. കൃത്യം നടത്തിയ ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ മുത്തച്ഛനെ കാണാനില്ലെന്ന് നാട്ടുകാരെ ആദ്യം അറിയിച്ചതും ഈ പെൺകുട്ടി തന്നെയാണ്. ചോദ്യം ചെയ്യലിലെ മൊഴിയിലെ വൈരുദ്ധ്യമാണ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായത്. പ്രായപൂർത്തിയാകാത്ത പ്രതികൾ മുതിർന്ന ക്രിമിനലുകളെപ്പോലെയാണ് ഈ പൈശാചിക കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
സംഭവ സമയം പെൺകുട്ടി വീട്ടിൽ നിന്ന് മാറി നിന്നിരുന്നു. പണം കണ്ടെത്താനുള്ള എളുപ്പവഴിയായിരുന്നു കൗമാര സംഘത്തിന് കൊലപാതകം. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ കൂസലൊന്നും കൂടാതെയായിരുന്നു പെൺകുട്ടിയുടെ പെരുമാറൽ. മുത്തച്ഛൻ തന്നെ 'ബാഡ് ടച്ച്' ചെയ്തെന്നും അതിനാലാണ് കൊലപ്പെടുത്താൻ ആവശ്യപ്പെട്ടതെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇത് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് എസ്.പി പറഞ്ഞു. കുടുംബപരമായ പ്രശ്നങ്ങൾ നേരിടുന്ന കുട്ടിയുടെ മുൻകാല പശ്ചാത്തലങ്ങളും മുൻപ് കാണാതായ സംഭവങ്ങളും വിശദമായി പരിശോധിക്കും. കവർച്ച നടത്തിയ 4.5 ഗ്രാമോളം സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ നഷ്ടപ്പെട്ട മുഴുവൻ സ്വർണ്ണവും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഇതിൽ 16,000 രൂപയ്ക്ക് കൊല്ലത്തെ ജ്വല്ലറിയിൽ വിറ്റ മോതിരവും ഉൾപ്പെടുന്നു. പരവൂറിൽ നിന്നാണ് കൊലപാതകം ചെയ്ത കൗമാരക്കാരെ അറസ്റ്റ് ചെയ്തത്.
നന്തൻകോടെ കൊടുംപക
മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ നന്തൻകോട് സംഭവവും ഇതോടൊപ്പം കൂട്ടിവായിക്കണം. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ചെന്നൈയിലേക്ക് ഒളിവില്‍ പോയ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടുകയായിരുന്നു.
തന്നെ നിരന്തരം അവഗണിച്ച പിതാവിനെ കൊലപ്പെടുത്താനാണ് ആദ്യം പദ്ധതിയിട്ടതെന്നും പിന്നീടു മറ്റുള്ളവരെയും കൊലപ്പെടുത്തിയെന്നുമാണ് കണ്ടെത്തിയത്. ആളുകളെ വെട്ടിക്കൊല്ലുന്നത് യൂട്യൂബിൽ കണ്ടതും മഴു ഓൺലൈനിൽ വാങ്ങിയതും പ്രധാന തെളിവായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധം ഉപയോഗിച്ചു പരുക്കേൽപ്പിക്കുക, വീട് നശിപ്പിക്കൽ എന്നിവയ്‌ക്കെതിരായ വകുപ്പുകളാണ് കേഡലിനെതിരെ ചുമത്തിയിരുന്നത്.
അത് പണത്തിന് വേണ്ടിയായിരുന്നില്ല. ഒടുങ്ങാത്ത പക- അതായിരുന്നു മോട്ടീവ്. അതിനുള്ള കാരണങ്ങളോ ആഗ്രഹങ്ങൾ അതേപടി സാധിക്കാത്തതിലുള്ളതും. മാനസികനില തകരാറിലാണെന്നും പ്രായത്തിന്റെ അപക്വമാണെന്നുമുള്ള പ്രതി കേഡൽ ജിൻസൺ രാജയുടെ വാദങ്ങളൊന്നും വിലപ്പോയില്ല. ആസ്ട്രല്‍ പ്രൊജക്ഷന്‍, സാത്താന്‍ ആരാധന തുടങ്ങിയവയെല്ലാം കെട്ടിച്ചമച്ച കഥയാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവം മനോരോഗമാണെന്ന് പറയാനാവില്ലെന്ന് കേഡലിനെ പരിശോധിച്ച മനോരോഗ വിദഗ്ധന്‍ ഡോ. മോഹന്‍ റോയിയും വെളിപ്പെടുത്തിയിരുന്നു.
മാനസിക രോഗമുള്ള ഒരാള്‍ എങ്ങനെ മൂന്ന് പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷന്റെ വാദം. ജന്മം നല്‍കിയ അമ്മയെയും കാഴ്ച ഇല്ലാത്ത വൃദ്ധയെയും എങ്ങനെ കൊല്ലാന്‍ സാധിച്ചു. പ്രതിക്ക് ഒരു മാനസാന്തരവുമില്ല. പ്രതി വീണ്ടും പുറത്തിറങ്ങിയാല്‍ വീണ്ടും ഇത്തരം പ്രവൃത്തി ചെയ്യില്ലെന്ന് എന്താണ് ഉറപ്പെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. മാതാപിതാക്കളും സഹോദരിയും അടക്കം നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് 2025 മെയ് മാസത്തിൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ആസ്ട്രൽ പ്രൊജക്ഷൻ പരീക്ഷണങ്ങളുടെ ഭാഗമായാണ് കൊലപാതകമെന്നായിരുന്നു പ്രതിയുടെ വാദമെങ്കിലും ആസൂത്രിതമായ കൊലപാതകമെന്ന് കണ്ടെത്തി കോടതി ശിക്ഷ ഉറപ്പാക്കുകയായിരുന്നു.
കുടുംബത്തെ കാർന്നുതിന്നുന്ന കൊടുംപകകൾ; ക്വട്ടേഷൻ കൊടുത്തത് 13 കാരി, നടപ്പാക്കിയത് കൗമാരക്കാർ, ഹരിപ്പാട് കരുവാറ്റയിലെ കൊലപാതകവും ചൂണ്ടിക്കാട്ടുന്നത്....
