എങ്കില്‍ ഗാന്ധിജിക്കും നെഹ്‌റുവിനും പട്ടേലിനുമെതിരെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യൂ: ബി ജെ പിയോട് ഖാര്‍ഗെ

എങ്കില്‍ ഗാന്ധിജിക്കും നെഹ്‌റുവിനും പട്ടേലിനുമെതിരെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യൂ: ബി ജെ പിയോട് ഖാര്‍ഗെ


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പിന്തുടരുന്ന രീതിയില്‍ വന്ദേ മാതരം ആലപിക്കുന്നത് കുറ്റമാണെങ്കില്‍ അതേ രീതി പിന്തുടര്‍ന്ന ഗാന്ധിജിക്കും നെഹ്‌റുവിനും പട്ടേലിനുമെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബി ജെ പി സര്‍ക്കാറിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ. 

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേ മാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. താന്‍ ആലപിച്ചത് മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ചരിത്രപരമായി ആലപിച്ച അതേ രീതിയിലുള്ള വന്ദേ മാതരമാണെന്നും ഖാര്‍ഗെ വ്യക്തമാക്കി.

അത്തരത്തില്‍ ആലപിക്കുന്നത് കുറ്റമാണെങ്കില്‍ അവര്‍ കഴിഞ്ഞ 18 വര്‍ഷമായി ആ കുറ്റം ചെയ്തുകൊണ്ടിരിക്കുകയാണ്. 'ഇത് കുറ്റമാണെങ്കില്‍ ഗാന്ധിജിക്കെതിരെ കേസെടുക്കൂ. നെഹ്‌റുജിക്കെതിരെയും കേസെടുക്കൂ. വല്ലഭായ് പട്ടേലിനെതിരെയും കേസെടുക്കൂ,' ഖാര്‍ഗെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

രാജ്യത്തിന് ഏതൊക്കെ ദേശീയ ഗാനങ്ങള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ പറയുന്നതെന്തും രാജ്യത്തിന്റെ മാനദണ്ഡമായി മാറണമെന്നില്ല. നാളെ മറ്റൊരു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അവര്‍ പറയുന്നതെല്ലാം നിയമമാകുമോ? 90 വര്‍ഷമായി നിലനില്‍ക്കുന്ന രീതിയാണ് ഞങ്ങള്‍ തുടരുന്നത്,' ഖാര്‍ഗെ വ്യക്തമാക്കി.

ആഗസ്റ്റ് 15ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേ മാതരം ആലപിക്കുന്ന സമയത്ത് ഖാര്‍ഗെയും സോണിയ ഗാന്ധിയും തമ്മില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. ദേശീയ ഗാനത്തോട് കോണ്‍ഗ്രസ് നേതൃത്വം അനാദരവ് കാട്ടിയെന്ന് ബി ജെ പി ആരോപിക്കുകയും ഖാര്‍ഗെയോടും കോണ്‍ഗ്രസിനോടും പരസ്യമായി മാപ്പുപറയാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തിങ്കളാഴ്ച ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലും വിവാദം തുടര്‍ന്നു. ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ വന്ദേ മാതരത്തിന്റെ രണ്ട് ചരണങ്ങള്‍ മാത്രമാണ് ആലപിച്ചത്.

ഗോവയിലെ സൗത്ത് ഗോവയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ബി ജെ പിക്കും ആര്‍ എസ് എസിനുമെതിരെ ഖാര്‍ഗെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ബി ജെ പിക്കും ആര്‍ എസ് എസിനും എന്ത് സംഭാവനയാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഖാര്‍ഗെ പരിഹസിച്ചു. തന്റെ ദീര്‍ഘകാല രാഷ്ട്രീയ ജീവിതം ചൂണ്ടിക്കാട്ടിയ ഖാര്‍ഗെ, അമിത് ഷാ ജനിക്കുന്നതിന് മുമ്പുതന്നെ താന്‍ എം എല്‍ എയായിരുന്നുവെന്നും പറഞ്ഞു.

ഗാന്ധി കുടുംബത്തെയും സോണിയ ഗാന്ധിയെയും ബി ജെ പി നിരന്തരം ലക്ഷ്യമിടുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി ജെ പി എം എല്‍ എമാരെ 'തട്ടിക്കൊണ്ടുപോയെന്നും' ഭരണകക്ഷി 'ഇന്ത്യാവിരുദ്ധവും മതവിരുദ്ധവുമായ' നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

2027ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഖാര്‍ഗെ ചൊവ്വാഴ്ച ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതാക്കള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ നേരിട്ട് നേതാക്കളുമായി ബന്ധപ്പെട്ടതായി ഖാര്‍ഗെ പറഞ്ഞു. ബ ിജെ പിയെ പരാജയപ്പെടുത്താന്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

പ്രാദേശിക സര്‍ക്കാരിന്റെ ഭീഷണിപ്പെടുത്തലുകളും അടിച്ചമര്‍ത്തല്‍ ശ്രമങ്ങളും ഉണ്ടായിട്ടും ഗോവയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ധൈര്യത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. ജനാധിപത്യത്തില്‍ അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും അധികാരമാറ്റമുണ്ടായാലും ഭരണഘടനാപരമായ നിയമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാധാനപരമായ രീതിയില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആവശ്യമായ നടപടികള്‍ ജനങ്ങള്‍ സ്വീകരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.