തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ നാഴികക്കല്ല്. സമ്പൂര്‍ണ കരമാര്‍ഗ കയറ്റുമതി- ഇറക്കുമതി ചരക്കുനീക്കത്തിന് വിഴിഞ്ഞത്ത് തുടക്കമായി. മുഖ്യമന്ത്രി വി ഡി സതീശന്‍ ആദ്യ കയറ്റുമതി കണ്ടെയ്‌നറുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതുവരെ ട്രാന്‍സ്ഷിപ്പ്മെന്റ് (ചരക്കുകള്‍ ഒരു കപ്പലില്‍ നിന്നും മറ്റൊരു കപ്പലിലേക്ക് മാറ്റല്‍) പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് തുറമുഖത്ത് നടന്നിരുന്നത്.
കേരളത്തിന്റെ സമഗ്ര വ്യവസായ- ലോജിസ്റ്റിക് വികസനം ലക്ഷ്യമിട്ടുള്ള 'മിഷന്‍ സമുദ്ര' പദ്ധതിക്കും തുടക്കമായി. കേരളത്തിന്റെ തീരദേശ- തുറമുഖാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയെ അടിമുടി മാറ്റിമറിക്കാന്‍ പോകുന്ന സമഗ്ര വികസന പദ്ധതിയാണിത്. 400 കോടി രൂപയുടെ ഈ ബൃഹത് പദ്ധതിയിലൂടെ വിഴിഞ്ഞത്തെ വലിയ സമുദ്ര സാമ്പത്തിക മേഖലയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
കൊളംബോ, സിംഗപ്പൂര്‍, ദുബായ് തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന ദക്ഷിണേന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് യൂറോപ്പ് ഉള്‍പ്പെടെയുള്ള ആഗോള വിപണികളിലേക്ക് ചരക്കുകള്‍ അയക്കാം. യാത്രാസമയത്തിലും ചെലവിലും വലിയ ലാഭം ഉറപ്പുനല്‍കുന്ന ഈ മാറ്റം, കാര്‍ഷികോത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കശുവണ്ടി, സമുദ്രോത്പന്നങ്ങള്‍, കൈത്തറി- തുണിത്തരങ്ങള്‍ എന്നീ മേഖലകളിലെ ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് പുതിയ വിദേശ വിപണികളിലേക്ക് വഴിതുറക്കും.
വിഴിഞ്ഞത്തുനിന്നുള്ള പുതിയ റൂട്ടിലൂടെ 24 ദിവസത്തിനുള്ളില്‍ യൂറോപ്പില്‍ ചരക്കുകള്‍ എത്തിക്കാനാകും. നിലവിലുള്ള മറ്റു റൂട്ടുകളേക്കാള്‍ 10 ദിവസം കുറവാണിത്. 20 മുതല്‍ 24 മീറ്റര്‍ വരെ സ്വാഭാവിക ആഴമുള്ളതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് പോലും ഇവിടെ ആയാസരഹിതമായി അടുക്കാനാകും. അന്താരാഷ്ട്ര കിഴക്ക്- പടിഞ്ഞാറ് കപ്പല്‍ച്ചാലില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ മാത്രമാണ് വിഴിഞ്ഞം തുറമുഖത്തേക്കുള്ള ദൂരം.
