ന്യൂഡല്‍ഹി: മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രിം കോടതി സംസ്ഥാനങ്ങളുടെ നിലപാട് തേടി. ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം. തുടര്‍ന്നുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ ഹര്‍ജിക്കാര്‍ക്ക് ഇതിനുള്ള മറുപടി നല്‍കാം. അതിനുശേഷം കേസ് വീണ്ടും പരിഗണിക്കും.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങി സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ക്കെതിരേയുള്ള ഹര്‍ജികളിലാണ് നടപടി. ഈ നിയമങ്ങള്‍ കിരാതമാണെന്നും അടിയന്തര സ്റ്റേ വേണമെന്നുമാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി യു സിങ് വാദിച്ചത്.
വ്യത്യസ്ത മതവിശ്വാസം പിന്തുടരുന്നവര്‍ വിവാഹിതരായാല്‍ ജാമ്യം കിട്ടാത്ത സ്ഥിതിയുണ്ടെന്നും സിങ് പറഞ്ഞു. എന്നാല്‍, നിയമം പാസാക്കി മൂന്നും നാലും വര്‍ഷത്തിനുശേഷം പെട്ടെന്നു ഹര്‍ജിയുമായി വരുന്നതില്‍ പൊരുത്തക്കേടുണ്ടെന്നു സംസ്ഥാനങ്ങള്‍ക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് ചൂണ്ടിക്കാട്ടി. അഡ്വ. സൃഷ്ടിയെ ഹര്‍ജിക്കാരുടെയും അഡ്വ. രുചിരയെ സംസ്ഥാനങ്ങളുടെയും നോഡല്‍ അഭിഭാഷകരായി കോടതി നിയമിച്ചു.