നിരന്തരമായി വേട്ടയാടുന്നു; ന്യൂയോര്‍ക്ക് ടൈംസിനെതിരെ 15 ബില്ല്യണ്‍ ഡോളര്‍ മാനനഷ്ടത്തിന് കേസ് നല്‍കി ട്രംപ്

നിരന്തരമായി വേട്ടയാടുന്നു; ന്യൂയോര്‍ക്ക് ടൈംസിനെതിരെ 15 ബില്ല്യണ്‍ ഡോളര്‍ മാനനഷ്ടത്തിന് കേസ് നല്‍കി ട്രംപ്


വാഷിംഗ്ടണ്‍ : ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനെതിരെ നിയമനടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരന്തരമായി തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം. സ്ഥാപനത്തിനെതിരേ 124,500 കോടിയുടെ (15 ബില്ല്യണ്‍ ഡോളര്‍) മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. 

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുഖപത്രമായാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രവര്‍ത്തിക്കുന്നതെന്നാണ് ട്രംപിന്റെ ആരോപണം. തന്നെക്കുറിച്ചും തന്റെ ബിസിനസുകളെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും പത്രം വ്യാജവാര്‍ത്ത നല്‍കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പത്രം കമല ഹാരിസിന് മുന്‍പേജില്‍ നല്‍കിയ പ്രാധാന്യം ഇതുവരെയുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നിയമവിരുദ്ധമായ തെരഞ്ഞെടുപ്പ് സംഭാവനയ്ക്ക് തുല്യമാണെന്നും ട്രംപ് പറഞ്ഞു.

ന്യൂയോര്‍ക്ക് ടൈംസ് വളരെക്കാലമായി എന്നെക്കുറിച്ച് സ്വതന്ത്രമായി നുണ പറയുകയും താറടിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. അതിന് ഇപ്പോള്‍ത്തന്നെ അറുതിവരുത്തും.' എബിസി, സിബിഎസ് ഡിസ്‌നി എന്നിവയുള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ മുന്‍പ് നടത്തിയ, വിജയകരമായ നിയമനടപടികളെ കുറിച്ചും ട്രംപ് പറഞ്ഞു.