ദോഹ: ചര്‍ച്ചകള്‍ നടത്തുന്ന രാഷ്ട്രീയക്കാരെ തന്നെ വധിക്കാന്‍ ആസൂത്രിതമായും സ്ഥിരമായും പ്രവര്‍ത്തിക്കുന്ന ഒരു രാജ്യത്തിന്റെ ചരിത്രം ഇതിനുമുമ്പ് കേട്ടിട്ടുണ്ടോ എന്ന ചോദ്യവുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അടിയന്തര അറബ്- ഇസ്ലാമിക് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ഇസ്രായേല്‍- ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെ വധിക്കാന്‍ ഇസ്രായേല്‍ ഖത്തറില്‍ നടത്തിയ ആക്രമണം പരാമര്‍ശിച്ചാണ് ഖത്തര്‍ അമീര്‍ ഇസ്രായേലിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചത്. ചര്‍ച്ചകള്‍ നടക്കുന്ന മധ്യസ്ഥ രാജ്യത്തെ ആക്രമിക്കുന്ന എന്തെങ്കിലും മുമ്പു കേട്ടിട്ടുണ്ടോ എന്നും ശൈഖ് തമീം ചോദിച്ചു.
ഇസ്രായേല്‍ ഹമാസിന്റെ രാഷ്ട്രീയ നേതൃത്വത്തെ വധിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പിന്നെ അവരെന്തിനാണ് ചര്‍ച്ചയുടെ പേരു പറയുന്നതെന്നും അമീര്‍ ചോദ്യം ഉന്നയിച്ചു. ബന്ദികളുടെ മോചനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതുമായി ചര്‍ച്ചകള്‍ നടത്താന്‍ കഴിയുന്ന എല്ലാവരെയും വധിക്കുന്നത് എന്തിനാണെന്ന ചോദ്യവും അദ്ദേഹം ചോദിച്ചു. ചര്‍ച്ചകള്‍ക്കായി തന്റെ രാജ്യത്തേക്ക് ഇസ്രായേല്‍ പ്രതിനിധികളെ ഇനിയെങ്ങനെയാണ് സ്വാഗതം ചെയ്യാനാവുകയെന്നും അദ്ദേഹം ചോദിച്ചു.
ഷെറാട്ടണ്‍ ദോഹ ഹോട്ടലിലാണ് അടിയന്തര അറബ്- ഇസ്ലാമിക് ഉച്ചകോടി നടന്നത്.
ആക്രമണ വിമാനം പറന്നുയര്‍ന്ന സ്ഥലത്ത് നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയാണ് ദോഹ സ്ഥിതി ചെയ്യുന്നത്. ഗാസ മുനമ്പില്‍ പാലസ്തീന്‍ ജനതയ്ക്കെതിരെ നടക്കുന്ന മാരകവും വിനാശകരവുമായ യുദ്ധം അവസാനിപ്പിക്കുന്നതിനും ഇസ്രായേലി ബന്ദികളുടെ മോചനം ഉറപ്പാക്കുന്നതിനും രണ്ട് വര്‍ഷമായി കഠിനമായി പരിശ്രമിക്കുന്ന മധ്യസ്ഥ രാഷ്ട്രമങ്ങളിലൊന്നാണ് ഖത്തറെന്നും അമീര്‍ പറഞ്ഞു. ഈ ചര്‍ച്ചകളില്‍ ദോഹയില്‍ ഹമാസില്‍ നിന്നും ഇസ്രായേലില്‍ നിന്നുമുള്ള പ്രതിനിധി സംഘങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഈജിപ്തുമായും അമേരിക്കയുമായും സഹകരിച്ച് 2023ലും 2025ലും രണ്ട് വെടിനിര്‍ത്തലുകള്‍ക്ക് പകരമായി 135 ബന്ദികളെ മോചിപ്പിക്കാനും നൂറുകണക്കിന് പാലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനും മധ്യസ്ഥതയിലൂടെ ഇതിനകം സാധിച്ചിട്ടുണ്ടെന്നും എന്നിട്ടും ഇസ്രായേലാണ് യുദ്ധം തുടര്‍ന്നതെന്നും ശൈഖ് തമീം പറഞ്ഞു. സ്ഥിരമായ ഒരു വെടിനിര്‍ത്തല്‍, എല്ലാ ബന്ദികളെയും മോചിപ്പിക്കല്‍, ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങല്‍, മാനുഷിക സഹായം നല്‍കല്‍, പാലസ്തീന്‍ തടവുകാരെ മോചിപ്പിക്കല്‍ എന്നിവ കൈവരിക്കാനുള്ള പ്രതീക്ഷയിലാണ് തങ്ങള്‍ മധ്യസ്ഥത തുടര്‍ന്നതെന്നും ്അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയിലെ മറ്റൊരു കക്ഷിയായ ഇസ്രായേലിന് മധ്യസ്ഥതയുടെ പശ്ചാത്തലത്തിലെങ്കിലും നയതന്ത്രജ്ഞരും പത്രപ്രവര്‍ത്തകരും മറ്റുള്ളവരും പതിവായി സന്ദര്‍ശിക്കുന്ന അറിയപ്പെടുന്ന സ്ഥലത്താണ് യോഗം നടക്കുന്നതെന്ന് അറിയാമായിരുന്നുവെന്ന് വ്യക്തമാണെന്നും എന്നിട്ടും അമേരിക്കന്‍ നിര്‍ദ്ദേശങ്ങളില്‍ നടപടി സ്വീകരിക്കാനും പ്രതികരിക്കാനും തയ്യാറെടുത്തവരെയാണ് വധിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഉള്‍ക്കാഴ്ചയുള്ള ഏതൊരാള്‍ക്കും വ്യക്തമാകുന്ന സത്യം താന്‍ ചര്‍ച്ച ചെയ്യുന്ന പാര്‍ട്ടിയെ വധിക്കാന്‍ ശ്രമിക്കുന്നു എന്നതിനര്‍ഥം ചര്‍ച്ചകള്‍ അട്ടിമറിക്കുക എന്നതാണ്. തടവുകാരെ മോചിപ്പിക്കാനാണ് ചര്‍ച്ചയെന്നാണ് ഇസ്രായേല്‍ ഭരണാധികാരികള്‍ അവകാശപ്പെടുന്നതെങ്കിലും ഇതിനെ നിരാകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അവര്‍ ചെയ്യുന്നത്. തന്റെ സൈനികരെയും പൗരന്മാരെയും മോചിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ മുന്‍ഗണനകളില്‍ ഉള്‍പ്പെടുന്നില്ലെന്നും ചര്‍ച്ചകള്‍ യുദ്ധത്തിന്റെ ഭാഗം മാത്രമാണെന്നും യുദ്ധവുമായി ബന്ധപ്പെട്ട രാഷ്ട്രീയ തന്ത്രവും ഇസ്രായേലി പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള മാര്‍ഗവുമാണെന്നും അമീര്‍ കുറ്റപ്പെടുത്തി. പൊതുജനാഭിപ്രായം സമ്മര്‍ദ്ദത്തിലാക്കുമ്പോഴാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ചര്‍ച്ചകള്‍ക്കായി ഒരു പ്രതിനിധി സംഘത്തെ അയയ്ക്കുന്നത്. ഒരു കൈകൊണ്ട് അദ്ദേഹം അങ്ങനെ ചെയ്യുമ്പോള്‍ തന്നെ മറുവശത്ത് ചര്‍ച്ചകള്‍ അട്ടിമറിക്കുന്നതാണ് ഇസ്രായേല്‍ ഭരണാധികാരിയുടെ ശക്തിയെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. .യുദ്ധം നിര്‍ത്തുക എന്നതാണ് തന്റെ ബന്ദികളെ മോചിപ്പിക്കാനുള്ള മാര്‍ഗ്ഗമെങ്കില്‍ അതിനുവേണ്ടിയല്ല ഇസ്രായേല്‍ ഭരണാധികാരി പ്രവര്‍ത്തിക്കുന്നത്. അയാള്‍ക്ക് അവരെ ആവശ്യമില്ല. ഗാസയെ വാസയോഗ്യമല്ലാതാക്കുക എന്നതാണ് അദ്ദേഹത്തിന് യഥാര്‍ഥത്തില്‍ വേണ്ടത്. ഗാസയിലെ ജനങ്ങളെ കുടിയിറക്കുകയും 'ഗ്രേറ്റര്‍ ഇസ്രായേല്‍' പദ്ധതി നടപ്പാക്കാനും വിശുദ്ധ ഹറം അല്‍-ഷെരീഫിലെ നിലവിലെ സ്ഥിതി മാറ്റുന്നതിനും വെസ്റ്റ് ബാങ്കിലെ ജനസംഖ്യയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനും അതിന്റെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും അദ്ദേഹം യുദ്ധത്തിന്റെ അവസരം ചൂഷണം ചെയ്യുകയാണെന്നും ഖത്തര്‍ ഭരണാധികാരി പറഞ്ഞു.
ശത്രുക്കളാല്‍ ചുറ്റപ്പെട്ട ജനാധിപത്യമാണ് ഇസ്രായേല്‍ എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വാസ്തവത്തില്‍ ചുറ്റുപാടുകളോട് ശത്രുത പുലര്‍ത്തുന്ന അധിനിവേശത്തിന്റെയും വര്‍ണ്ണവിവേചനത്തിന്റെയും ഭരണകൂടം കെട്ടിപ്പടുക്കുകയും കുറ്റകൃത്യങ്ങളുടെ വംശഹത്യ യുദ്ധം നടത്തുകയുമാണ് ചെയ്യുന്നത്. അറബ് സമാധാന സംരംഭത്തെ ഇസ്രായേല്‍ അംഗീകരിച്ചിരുന്നെങ്കില്‍ മേഖലയെ എണ്ണമറ്റ ദുരന്തങ്ങളില്‍ നിന്ന് രക്ഷിക്കുമായിരുന്നു. ഇസ്രായേല്‍ അതിന്റെ ചുറ്റുപാടുകളുമായുള്ള സമാധാനം നിരസിക്കുക മാത്രമല്ല, മറിച്ച് അവരുടെ മേല്‍ അതിന്റെ ഇഷ്ടം അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുകയാണെ്ന്നും ശൈഖ് തമീം പറഞ്ഞു.
ഇസ്രായേല്‍ ഗവണ്‍മെന്റിന് സംഭവിച്ച അധികാര ഭ്രാന്ത്, ധാര്‍ഷ്ട്യം, രക്തദാഹം എന്നിവയുടെ അവസ്ഥയെ അഭിസംബോധന ചെയ്യാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനന് നയതന്ത്രം സമര്‍പ്പിച്ച സമാധാന മധ്യസ്ഥനാണ് ഖത്തറെന്നും അമീര്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമം അനുസരിച്ച് തങ്ങള്‍ക്ക് ആവശ്യമായതും അനുവദനീയവുമായതെല്ലാം ചെയ്യാന്‍ ദൃഢനിശ്ചയം ചെയ്തതായും ഖത്തറിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ഇസ്രായേലി ആക്രമണത്തെ നേരിടുന്നതിനുമാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.