ടെല്‍അവീവ്: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം 'പരാജയപ്പെട്ട ശ്രമം' അല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ദോഹയില്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയോടൊപ്പം വേദി പങ്കിടവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
ദോഹ ആക്രമണം ഭീകരര്‍ക്ക് ഒളിക്കാന്‍ കഴിയാത്ത സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം ഇസ്രായേല്‍ പദ്ധതി മാത്രമാണെന്നും ഇസ്രായേല്‍ സൈന്യം നടത്തിയതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ''ഞങ്ങള്‍ തീവ്രവാദികള്‍ക്ക് ഒരു സന്ദേശം അയച്ചു: നിങ്ങള്‍ക്ക് ഓടാം, പക്ഷേ നിങ്ങള്‍ക്ക് ഒളിക്കാന്‍ കഴിയില്ല. റെയ്ഡ് പരാജയപ്പെട്ടില്ല. അതിന് ഒരു കേന്ദ്ര സന്ദേശം ഉണ്ടായിരുന്നു,'' നെതന്യാഹു പറഞ്ഞു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇസ്രായേലിന്റെ 'ഏറ്റവും വലിയ സുഹൃത്ത്' എന്ന് വിളിച്ച നെതന്യാഹു റൂബിയോയുടെ സന്ദര്‍ശനം അമേരിക്ക ഇസ്രായേലിനൊപ്പം നില്‍ക്കുന്നു എന്നതിന്റെ 'വ്യക്തമായ സന്ദേശമാണ്' എന്ന് പറഞ്ഞു.
അതേസമയം, ഇസ്രായേല്‍ സന്ദര്‍ശനം അവസാനിപ്പിച്ച ശേഷം ഖത്തര്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്ന റൂബിയോ ഗാസ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഖത്തറിനോട് വാഷിംഗ്ടണ്‍ തുടര്‍ന്നും ആവശ്യപ്പെടുമെന്ന് പറഞ്ഞു. 'ക്രിയാത്മക പങ്ക് വഹിക്കാന്‍ ഖത്തറിനെ പ്രോത്സാഹിപ്പിക്കുന്നത് ഞങ്ങള്‍ തുടരും,' റൂബിയോ പറഞ്ഞു.
ഹമാസിന്റെ ഉന്നത നേതൃത്വത്തിനെതിരെയാണ് വ്യോമാക്രമണം നടത്തിയത് എന്ന് അവകാശപ്പെട്ടായിരുന്നു ഇസായേല്‍ ദോഹ വ്യോമാക്രമണത്തെ ന്യായീകരിച്ചത്. ദോഹയിലെ മുതിര്‍ന്ന ഹമാസ് നേതാക്കള്‍ക്കെതിരായ ആക്രമണം 'പൂര്‍ണ്ണമായും സ്വതന്ത്രമായ ഒരു ഇസ്രായേലി നടപടി'യാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. ബാഹ്യ ഏകോപനമോ വിദേശ ഇടപെടലോ ഇല്ലാതെ, 'പൂര്‍ണ്ണമായും ഇസ്രായേല്‍ മാത്രമാണ്' ഓപ്പറേഷന്‍ നടത്തിയതെന്ന് പ്രസ്താവനയില്‍ പറയുന്നു. എന്നിരുന്നാലും, വ്യോമാക്രമണത്തെക്കുറിച്ച് യുഎസ് ഭരണകൂടത്തെ അറിയിച്ചതായി ട്രംപിന്റെ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധിയോട് ഖത്തറികളെ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും 'അദ്ദേഹം അങ്ങനെ ചെയ്തു' എന്നും കൂട്ടിച്ചേര്‍ത്തു. ആക്രമണ സ്ഥലം തെരഞ്ഞെടുത്തതിനെ കുറിച്ച് മോശമായിതോന്നുന്നുവെന്ന് ട്രംപിന് അഭിപ്രായമുണ്ടായിരുന്നു. ഖത്തറിനെ 'അടുത്ത സഖ്യകക്ഷി' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
അതേസമയം, ഖത്തര്‍ സര്‍ക്കാര്‍ അവകാശവാദങ്ങള്‍ നിഷേധിച്ചു. ദോഹയില്‍ ഐ ഡി എഫ് ആക്രമണത്തിന് മുമ്പ് ഖത്തറിന് നല്‍കിയ വിവരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് എക്സില്‍ കുറിച്ചു. ആക്രമണത്തെ ഖത്തര്‍ അപലപിച്ചു. 'ഭീരുത്വ ആക്രമണം' എന്നാണ് ഖത്തര്‍ വിശേഷിപ്പിച്ചത്. മാത്രമല്ല മധ്യസ്ഥ ചര്‍ച്ച നടത്തുന്നയാള്‍ എന്ന നിലയിലുള്ള തങ്ങളുടെ പങ്ക് അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍-താനി നെതന്യാഹുവിനെ രൂക്ഷമായി വിമര്‍ശിക്കുകയും 'പ്രാദേശിക സഖ്യകക്ഷികളില്‍ നിന്ന് കൂട്ടായ പ്രതികരണം ഉണ്ടാകുമെന്ന്' മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മധ്യസ്ഥ ശ്രമങ്ങളില്‍ ഖത്തറിന്റെ സമയം പാഴാക്കുകയും പശ്ചിമേഷ്യന്‍ മേഖലയെ 'കുഴപ്പത്തിലേക്ക്' നയിക്കുകയും ചെയ്യുന്നുവെന്ന് നെതന്യാഹുവിനെതിരെ ഖഖത്തര്‍ ആരോപണം ഉന്നയിച്ചു.