വാഷിംഗ്ടൺ : ഇന്ത്യൻ വംശജനായ കാഷ് പട്ടേലിന് ആ സ്ഥാനത്ത് തുടരാൻ കഴിയുമോ? യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായി ചാർലി കിർക്കിന്റെ വധത്തോടെ കാഷ് പട്ടേൽ ഒരിക്കൽ കൂടി സൂക്ഷ്മ നിരീക്ഷണത്തിന് വിധേയനായിരിക്കുകയാണ്. കിർകിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ മേധാവി കോൺഗ്രസ് അംഗങ്ങളുടെ വിചാരണ നേരിടേണ്ടി വരുമെന്നാണ് ഇതു സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട്.
സെപ്തംബർ 10നാണ് യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയിൽ നടന്ന രാഷ്ട്രീയ സംവാദത്തിനിടെയാണ് വലതു പക്ഷ രാഷ്ട്രീയ പ്രവർത്തകനും യു.എസിലെ യാഥാസ്ഥിതിക പ്രസ്ഥാനത്തിലെ മുന്നണിപ്പോരാളിയുമായ ചാർലി കിർക് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ ടെയ്‌ലർ റോബിൻസൺ എന്നയാളെ വ്യാഴാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
യു.എസ് പ്രസിഡന്റുമായി അടുപ്പം പുലർത്തുന്ന പലർക്കും കാഷ് പട്ടേലിനെ പുറത്താക്കണം എന്ന അഭിപ്രായമാണെന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മിസോറി മുൻ അറ്റോണി ജനറൽ ആൻഡ്രൂ ബെയ്‌ലിയെ എഫ്.ബി.ഐ മേധാവിയാക്കാനായിരുന്നു ട്രംപ് നേരത്തേ തീരുമാനിച്ചിരുന്നത്. ബെയ്!*!ലി എഫ്.ബി.ഐ ഡെപ്യൂട്ടി ഡയറക്ടർ ഡാൻ ബോംഗിനോയുമായി അധികാരം പങ്കിടാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് കാഷ് പട്ടേൽ എഫ്.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താകുമെന്ന അഭ്യൂഹം ശക്തമായതും.
ചാർലി കിർക് മരണപ്പെട്ട് രണ്ടു ദിവസത്തിന് ശേഷമാണ് കൊലയാളിയായ ടെയ്!*!ലർ റോബിൻസണെ എഫ്.ബി.ഐക്ക് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. കൊലപാതകം നടന്ന് കുറച്ചു മണിക്കൂറുകൾക്കം രണ്ടുപേരെ എഫ്.ബി.ഐ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇവരല്ല പ്രതികളെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു.
കിർകിന്റെ കൊലയാളിയെ കണ്ടെത്തിയതിന്റെ ക്രെഡിറ്റ് കാഷ് പട്ടേൽ പരസ്യമായി അവകാശപ്പെട്ടത് എഫ്.ബി.ഐ ജീവനക്കാരിലും അമർഷമുണ്ടാക്കിയിരുന്നു. അതുപോലെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ സംശയത്തിന്റെ മാത്രം അടിസ്ഥാനത്തിൽ എഫ്.ബി.ഐ രണ്ടുപേരെ അറസ്റ്റ് ചെയ്തതിനെയും ജീവനക്കാരിൽ ചിലർ വിമർശിക്കുന്നുണ്ട്.
കിർകിന്റെ കൊലപാതകം മാത്രമല്ല, ഒരു ഫെഡറൽ അന്വേഷണ ഏജൻസിയെ കാഷ് പട്ടേൽ കൈകാര്യം ചെയ്തതിനെ കുറിച്ചും കോൺഗ്രഷനൽ വിചാരണയിൽ ചോദ്യങ്ങളുണ്ടാകും.
കൊലയാളിയെ പിടികൂടിയതിന് പിന്നാലെ കാഷ് പട്ടേലിനെയും എഫ്.ബി.ഐയെയും പ്രശംസിച്ച് ട്രംപ് രംഗത്തുവന്നിരുന്നു. അഭിഭാഷകനായ കാഷ്, ട്രംപിന്റെ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്. കശ്യപ് പട്ടേൽ എന്നാണ് പേരെങ്കിലും കാഷ് പട്ടേലെന്നാണ് അറിയപ്പെടുന്നത്.വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻ മേധാവി സ്റ്റീവൻ ചുങ്ങും അന്വേഷണത്തിന്റെ കാര്യത്തിൽ കാഷിനെയും ടീമംഗങ്ങളെയും പ്രശംസിച്ചിരുന്നു.
അതേസമയം, എഫ്.ബി.ഐയെ മുന്നോട്ട് നയിക്കാനുള്ള കാഷിന്റെ കഴിവിനെ വൈറ്റ് ഹൗസ് അറ്റോണി ജനറൽ പാം ബോണ്ടിയും ഡെപ്യൂട്ടി അറ്റോണി ജനറൽ ടോഡ് ബ്ലാഞ്ചും ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് ഫോക്‌സ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്. അവർക്ക് കാഷ് പട്ടേലിലുള്ള വിശ്വാസം നഷ്ടമായി. ജെഫ്രി എപ്സ്റ്റീൻ കേസിലും കാഷിന് വീഴ്ച പറ്റിയിരുന്നു.
ജെഫ്രി എപ്സ്റ്റീൻ കേസ് രേഖകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നീതിന്യായ വകുപ്പും എഫ്.ബി.ഐയും തമ്മിൽ കടുത്ത ഭിന്നതയും സംഘർഷവുമാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കാഷ് പട്ടേലും ഡെപ്യൂട്ടി ഡയറക്ടർ ഡാൻ ബോംഗിനോയും രാജിക്കൊരുങ്ങിയതായി അഭ്യൂഹങ്ങൾ പ്രചരിച്ചത്. എന്നാൽ ഇത്തരം ഊഹാപോഹങ്ങ തള്ളി പിന്നീട് കാഷ് തന്നെ രംഗത്തുവന്നു. കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ അറ്റോർണി ജനറൽ പാം ബോണ്ടി കൈകാര്യം ചെയ്യുന്നതിൽ കാഷ് പട്ടേൽ അതൃപ്തനാണെന്നും ഡെപ്യൂട്ടി ഡാൻ ബോംഗിനോ സ്ഥാനമൊഴിയുകയാണെങ്കിൽ താനും രാജിവെക്കാൻ തയ്യാറാണെന്നും ഡെയ്‌ലി വയർ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പ്രതികരണവുമായി കാഷ് പട്ടേൽ രംഗത്തുവന്നത്.
ചാർലി കിർക്കിന്റെ കൊലപാതകം: എഫ്.ബി.ഐ തലവൻ കാഷ് പട്ടേലിന്റെ കസേര തെറിക്കുമോ?
