റഷ്യയ്ക്ക് ഇന്ത്യയുമായുള്ളത് ആര് ശ്രമിച്ചാലും തകര്‍ക്കാന്‍ പറ്റാത്ത ബന്ധമെന്ന് പുട്ടിന്‍

റഷ്യയ്ക്ക് ഇന്ത്യയുമായുള്ളത് ആര് ശ്രമിച്ചാലും തകര്‍ക്കാന്‍ പറ്റാത്ത ബന്ധമെന്ന് പുട്ടിന്‍


ക്രെംലിന്‍:  ട്രംപിന്റെ തീരുവ, ഉപരോധ ഭീഷണികള്‍ക്കിടയില്‍ ഇന്ത്യ റഷ്യ ബന്ധത്തിന്റെ ആഴം വ്യക്തമാക്കി റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുട്ടിന്‍. ഇന്ത്യയുമായുള്ള റഷ്യയുടെ സൗഹൃദം കൂടുതല്‍ ശക്തമായെന്നും, അത് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള സമ്മര്‍ദ്ദങ്ങളും, ഭീഷണികളും ശക്തമായിരുന്നിട്ടും ഇന്ത്യ ഈ ബന്ധം ദൃഢമായി കൈകാര്യം ചെയ്തതില്‍ റഷ്യ നന്ദിയും അറിയിച്ചു. 

ഇന്ത്യ റഷ്യ ബന്ധം ആത്മവിശ്വാസത്തിന്റെയും, സഹകരണത്തിന്റെയും സൂചകം കൂടിയാണ്. അതു സ്ഥിരമായി മുന്നോട്ട് പോകുന്നു. തടസപ്പെടുത്താനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ റഷ്യ പങ്കാളിത്തം പരമാധികാരം, പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍, ദേശീയ മുന്‍ഗണനകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍ തന്നെ ഇത് പതിറ്റാണ്ടുകളായി തകര്‍ക്കാന്‍ കഴിയാത്തതായി തുടരുന്നുവെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

ആഗോള സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇരു രാജ്യങ്ങളും വലിയ തോതിലുള്ള സംയുക്ത പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നു. ട്രംപിന് ദഹിക്കാത്തതും ഇതുതന്നെ. ഇന്ത്യയുടെ ആഗോള മുന്നേറ്റങ്ങള്‍ ട്രംപിന് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യ ഉറ്റ സുഹൃത്താണെന്നു പറയുകയും, എന്നാല്‍ ശത്രുതാപരമായ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു യുഎസ്. ഇന്ത്യയ്ക്കും, യുഎസിനും ഇടയിലുള്ള ഒരേയൊരു പ്രശ്‌നം റഷ്യ മാത്രമാണെന്ന് ട്രംപ് പറയുന്നു.

ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങല്‍ മാത്രമാണോ ട്രംപിന്റെ പ്രശ്‌നം? അല്ലെന്ന് പറയേണ്ടി വരും. ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങല്‍ യുെ്രെകന്‍ യുദ്ധത്തിന് ഇന്ധനം പകരുന്നുവെന്ന് കാട്ടി ഇന്ത്യയെ പ്രതിരോധത്തിലാക്കാനാണ് ട്രംപിന്റെ ശ്രമം. എന്നാല്‍ ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിലുള്ള സഹകരണങ്ങളാണ് ട്രംപിനെ ശരിക്കും അസ്വസ്ഥനാക്കുന്നത്. റഷ്യന്‍ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ പ്രകാരം ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സിവിലിയന്‍, സൈനിക കഴിവുകള്‍ വര്‍ധിപ്പിക്കല്‍, മനുഷ്യ ബഹിരാകാശ ദൗത്യങ്ങള്‍, ആണവോര്‍ജം, റഷ്യന്‍ എണ്ണ പര്യവേക്ഷണത്തില്‍ ഇന്ത്യന്‍ നിക്ഷേപം എന്നിങ്ങനെ വമ്പന്‍ സഹകരണമുണ്ട്.

നിലവില്‍ ട്രംപ് ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങലാണ് പ്രശ്‌നമാക്കിയിരിക്കുന്നത്. പക്ഷെ ഇതൊരു സമ്മര്‍ദ തന്ത്രം മാത്രമാണ്. ഇവിടെ ഇന്ത്യ മയപ്പെട്ടാല്‍ കൂടുതല്‍ ആവശ്യങ്ങളുമായി ട്രംപ് എത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യയേയും, റഷ്യയേയും തമ്മില്‍ പൂര്‍ണമായി അകറ്റുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇന്ത്യയ്ക്കു മേല്‍ 50% നികുതി ചുമത്തിയതും സമ്മര്‍ദ തന്ത്രം തന്നെ. നിലവില്‍ 100% നികുതി ഭീഷണിയും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്.
അതേസമയം നികുതി നീക്കം ഇന്ത്യ യുഎസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയെന്ന് അടുത്തിടെ ട്രംപ് തന്നെ പ്രതികരിച്ചിരുന്നു. ട്രംപിന്റെ കോളുകള്‍ ഇന്ത്യ 4 തവണ ബഹിഷ്‌കരിച്ചുവെന്ന് വാര്‍ത്ത ലോകത്തെ തന്നെ അമ്പരപ്പിച്ചിരുന്നു.