യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യയുടെ രണ്ട് വിമാന സർവീസുകൾ മുടങ്ങി

യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യയുടെ രണ്ട് വിമാന സർവീസുകൾ മുടങ്ങി


തിരുവനന്തപുരം: യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യയുടെ രണ്ട് വിമാന സർവീസുകൾ മുടങ്ങി. തിരുവനന്തപുരത്ത് മസ്‌കത്ത് വിമാനം റദ്ദാക്കിയപ്പോൾ, കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം പക്ഷിയിടിച്ച് തിരിച്ചിറക്കി. ഇരുസംഭവങ്ങളിലും യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിയും ഏറെ ബുദ്ധിമുട്ടേണ്ടിയും വന്നു.

തിരുവനന്തപുരത്ത് വിമാനം റദ്ദാക്കി; യാത്രക്കാർ പ്രതിഷേധിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മസ്‌കത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. ഇന്ന് രാവിലെ 7.30-ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 549 വിമാനം റദ്ദാക്കിയ വിവരം പുലർച്ചെ 3 മണിക്ക് ചെക്ക്-ഇൻ ചെയ്യാൻ എത്തിയ യാത്രക്കാരെ അറിയിക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയ എയർ ഇന്ത്യയുടെ നടപടിയിൽ നൂറിലധികം യാത്രക്കാർ പ്രതിഷേധിച്ചു.

ജോലിയിൽ പ്രവേശിക്കേണ്ടവരും മറ്റ് അത്യാവശ്യ യാത്രകളുള്ളവരുമാണ് ഇതോടെ പ്രതിസന്ധിയിലായത്. യാത്ര പുനഃക്രമീകരിച്ച് സെപ്റ്റംബർ 17നോ 18നോ ടിക്കറ്റ് നൽകാമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഇത് സ്വീകാര്യമായില്ലെന്ന് യാത്രക്കാർ പറഞ്ഞു. കണക്ഷൻ ഫ്ലൈറ്റുകൾ നൽകണമെന്ന ആവശ്യം പരിഗണിച്ചപ്പോൾ, തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും അവിടെനിന്ന് കൊച്ചിയിലേക്കും വിമാനം നൽകാമെന്ന് അറിയിച്ചു. എന്നാൽ, കൃത്യമായ സമയക്രമം അറിയിക്കാത്തത് ആശയക്കുഴപ്പമുണ്ടാക്കി.

സാങ്കേതിക തകരാര്‍ പരിഹരിച്ച് വിമാനം സര്‍വീസ് നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. ഈ മാസം 21 വരെയുള്ള വിമാനങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.