വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; പാർട്ടി നേതൃത്വത്തെ വിമർശിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ ഫോൺ സംഭാഷണം പുറത്ത്

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; പാർട്ടി നേതൃത്വത്തെ വിമർശിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ ഫോൺ സംഭാഷണം പുറത്ത്


വയനാട്: മുൻ ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി കുടുംബം. വിജയന്‍റെ മരണത്തിന് പിന്നാലെ കോണ്‍ഗ്രസ് നൽകിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും വഞ്ചിച്ചെന്നും ആരോപിച്ച് പത്മജ ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് എൻഎം വിജയന്‍റെ കുടുംബം കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനുമായി നടത്തിയ ചർച്ചയുടെ ശബ്ദരേഖ പുറത്തുവിട്ടത്. അതേസമയം, ആരോപണങ്ങളെ തള്ളി കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖും രംഗത്തെത്തി. എൻഎം വിജയന്‍റെ കടബാധ്യതയിലടക്കം കോണ്‍ഗ്രസ് നേതൃത്വം നൽകിയ ഉറപ്പ് പാലിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോട്ടയത്ത് വെച്ചാണ് പത്മജയടക്കമുള്ളവര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ചര്‍ച്ച നടത്തിയത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ വെളിപ്പെടുത്തലുകൾ.

പുറത്തുവന്ന ശബ്ദരേഖയിൽ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചുകൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസാരിക്കുന്നത് കേൾക്കാം. വിജയൻ്റെ കുടുംബത്തിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിലുള്ള അതൃപ്തി അദ്ദേഹം പ്രകടിപ്പിക്കുന്നു. "ഒളിച്ചുകളി ഇഷ്ടമല്ല. രാഷ്ട്രീയത്തിലെ തരികിട പണികളോട് യോജിക്കുന്നില്ല. പറഞ്ഞ വാക്കിന് വിലയുണ്ടാകണം," തിരുവഞ്ചൂർ പറയുന്നു. പ്രശ്നം പരിഹരിക്കാൻ നേതൃത്വം ഇടപെടേണ്ടിയിരുന്നെന്നും പണം നൽകാമെന്ന് ചിരിച്ച് വാക്ക് കൊടുത്തവർക്ക് അതിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തരികിട പണിക്ക് താൻ പോകാറില്ലെന്നും ഇരു ചെവി അറിയാതെ കാര്യങ്ങള്‍ സെറ്റിൽ ചെയ്യേണ്ടതായിരുന്നുവെന്നും പറയുന്നുണ്ട്. വിശ്വസിക്കുന്ന പാർട്ടി തകരാതിരിക്കാനാണ് ഇടപ്പെട്ടത്. ഇപ്പോഴത്തെ നിലപാടുകളോട് തനിക്ക് ഒരു യോജിപ്പുമില്ല. എല്ലാവരും കൂടി കുഴിയിൽ ചാടിക്കും.

എൻ എം വിജയൻ്റെ കുടുംബം പറയുന്നത് നൂറു ശതമാനം ശരിയാണെന്ന് സമ്മതിക്കുന്ന തിരുവഞ്ചൂർ, ടി സിദ്ദീഖ് പറഞ്ഞ കാര്യങ്ങളൊന്നും നടന്നിട്ടില്ലെന്നും വെളിപ്പെടുത്തുന്നു. പാർട്ടിയെ വിശ്വസിച്ച താൻ ഇപ്പോൾ കുഴിയിൽ ചാടുകയാണെന്നും ഇപ്പോഴത്തെ നിലപാടുകളോട് തനിക്ക് ഒരു യോജിപ്പുമില്ലെന്നും അദ്ദേഹം ശബ്ദരേഖയിൽ വ്യക്തമാക്കുന്നുണ്ട്.


ആരോപണങ്ങളെ തള്ളി ടി സിദ്ദീഖ്

അതേസമയം, വിജയൻ്റെ കുടുംബത്തിൻ്റെ ആരോപണങ്ങൾ തെറ്റാണെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖ് പ്രതികരിച്ചു. വിജയൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ പാർട്ടി ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിജയൻ്റെ മകന്റെ ആരോഗ്യകാര്യത്തിൽ മൂന്ന് തവണ താൻ ഇടപെട്ടിരുന്നു. ആശുപത്രി ബില്ലുകൾ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയും വിജയൻ്റെ കുടുംബവുമായി ഒരു കരാറുണ്ടായിരുന്നെന്നും ഇതിൻ്റെ ഭാഗമായി 20 ലക്ഷം രൂപ നൽകിയിരുന്നെന്നും സിദ്ദീഖ് വ്യക്തമാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കടം വീട്ടുകയും ബാങ്കിന് ബാധ്യതയുള്ള വീടും സ്ഥലവും പാർട്ടി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. പണം സ്വരൂപിക്കാൻ വന്ന താമസം മാത്രമാണ് പ്രശ്നത്തിന് കാരണം. പാർട്ടി ആരെയും ചതിച്ചിട്ടില്ലെന്നും അങ്ങനെയൊരു ധാരണ കുടുംബം പരത്തിയത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.