നെതന്യാഹു ന്യൂയോർക്കിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് ആവർത്തിച്ച് സിറ്റി മേയർ സ്ഥാനാർത്ഥി സോഹ്രാൻ മംദാനി

നെതന്യാഹു ന്യൂയോർക്കിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് ആവർത്തിച്ച് സിറ്റി മേയർ സ്ഥാനാർത്ഥി സോഹ്രാൻ മംദാനി


വാഷിംഗ്ടൺ ഡിസി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നഗരത്തിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുമെന്ന് ആവർത്തിച്ച് ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സോഹ്രാൻ മംദാനി . നവംബർ 4ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ താൻ ന്യൂയോർക്കിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറന്റ് നടപ്പാക്കാൻ പോലീസിന് നിർദ്ദേശം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നവംബർ 4ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നാണ് മംദാനിയുടെ പ്രഖ്യാപനം. ഗാസയിലെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹുവിനെതിരെ മംദാനി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ഗാസയിൽ വംശഹത്യ നടത്തിയ യുദ്ധക്കുറ്റവാളിയാണ് നെതന്യാഹു എന്ന് മംദാനി ആരോപിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് താൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യമാണെന്നും മംദാനി പറഞ്ഞു.

അതെസമയം അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാരപരിധി അംഗീകരിക്കാത്ത രാജ്യമാണ് അമേരിക്ക. അതിനാൽ മംദാനിയുടെ പ്രസ്താവനകൾ ന്യൂയോർക്കിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ ജൂത ജനസംഖ്യയുള്ള നഗരമാണ് ന്യൂയോർക്ക്. ഗാസയിലെ പലസ്തീൻ വിഷയത്തിൽ ന്യൂയോർക്കിലെ ജനങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

തെരഞ്ഞെടുപ്പിൽ മംദാനിയുടെ പ്രധാന എതിരാളിയായ ആൻഡ്രൂ കുമോ, ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഐസിസി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ നെതന്യാഹുവിന്റെ നിയമ പ്രതിരോധ സംഘത്തിൽ ചേരാൻ തയ്യാറാണെന്നും കുമോ അറിയിച്ചു.

2023 മുതൽ ഐസിസി വാറന്റ് പുറപ്പെടുവിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തന്റെ പദ്ധതിയിൽ ഉൾപ്പെടുമെന്ന് മംദാനി പറഞ്ഞു. അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കുന്ന ഒരു നഗരമായിരിക്കണം ന്യൂയോർക്ക് എന്ന് താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സമാനമായ ഭീഷണി മുമ്പ് വന്നപ്പോൾ നെതന്യാഹു അതിനെ വിലകുറച്ച് കാണുകയാണ് ചെയ്തത്. താൻ ട്രംപിനൊപ്പം ന്യൂയോർക്കിൽ വരുമെന്നും അപ്പോൾ കാണാമെന്നുമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. മംദാനി ശരിയായി പെരുമാറിയില്ലെങ്കിൽ വലിയ പ്രശ്‌നങ്ങളുണ്ടാകുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 60,000ലധികം പലസ്തീനികൾ മരിച്ചിട്ടുണ്ട്. ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെടുകയും നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. ബന്ദികളെ മോചിപ്പിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് നെതന്യാഹു പറഞ്ഞു.