കുടിയേറ്റ വിരുദ്ധരും ഫാസിസ്റ്റ് വിരുദ്ധരും ലണ്ടനില്‍ പ്രകടനം നടത്തി

കുടിയേറ്റ വിരുദ്ധരും ഫാസിസ്റ്റ് വിരുദ്ധരും ലണ്ടനില്‍ പ്രകടനം നടത്തി


ലണ്ടന്‍: ശനിയാഴ്ച ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ വിഭാഗങ്ങളും ഫാസിസ്റ്റ് വിരുദ്ധ വിഭാഗങ്ങളും റാലി നടത്തി. ഇരു വിഭാഗത്തുമായി ആയിരക്കണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നതോടെ ലണ്ടന്‍ നഗരം ജനസമുദ്രമായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഒരു ലക്ഷത്തിലധികം അനുയായികളാണ് തീവ്ര വലതുപക്ഷ, കുടിയേറ്റ വിരുദ്ധ, ഇസ്ലാം വിരുദ്ധ പ്രവര്‍ത്തകന്‍ ടോമി റോബിന്‍സണ്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കുചേര്‍ന്നതെന്നാണ് പറയുന്നത്.  'യുണൈറ്റ് ദി കിംഗ്ഡം' മാര്‍ച്ചില്‍ പങ്കെടുത്ത പ്രതിഷേധക്കാര്‍ വൈറ്റ്ഹാളില്‍ ഒത്തുകൂടിയപ്പോള്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ തന്ത്രജ്ഞന്‍ സ്റ്റീവ് ബാനന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിക്കാനുണ്ടായിരുന്നു. 

സ്റ്റാന്‍ഡ് അപ്പ് ടു റേസിസം സംഘടിപ്പിച്ച 'മാര്‍ച്ച് എഗൈന്‍സ്റ്റ് ഫാസിസം' എന്ന പ്രതി- പ്രതിഷേധത്തിന് ലണ്ടന്റെ മറ്റൊരു ഭാഗം സാക്ഷിയായി. റസ്സല്‍ സ്‌ക്വയറിനടുത്ത് ആയിരങ്ങളാണ് ഫാസിസ്റ്റ് വിരുദ്ധ റാലിയില്‍ പങ്കെടുത്തത്. 

വാട്ടര്‍ലൂവിന് ചുറ്റുമുള്ള മധ്യ ലണ്ടനിലെ തെരുവുകള്‍ യൂണിയന്‍ ജാക്കുകള്‍, സെന്റ് ജോര്‍ജ്ജ് കുരിശുകള്‍, സ്‌കോട്ടിഷ് സാള്‍ട്ടയറുകള്‍, വെല്‍ഷ് പതാകകള്‍ എന്നിവയുമായാണ് യുണൈറ്റഡ് ദി കിംഗ്ഡം റാലിയില്‍ പങ്കെടുക്കാന്‍ പ്രതിഷേധക്കാര്‍ എത്തിയത്. മാര്‍ച്ചിന് മുന്നോടിയായി വാട്ടര്‍ലൂ പാലത്തിന് സമീപം പ്രതിഷേധക്കാരുടെ വന്‍ കൂട്ടമാണുണ്ടായിരുന്നത്. 

'ബോട്ടുകളെ നിര്‍ത്തുക', 'അവരെ വീട്ടിലേക്ക് അയയ്ക്കുക', 'രാജ്യത്തെ ഒന്നിപ്പിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവര്‍ ഉറക്കെ വിളിച്ചത്. ജനക്കൂട്ടത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യവുമുണ്ടായിരുന്നു. 

ബുധനാഴ്ച യു എസിലെ സര്‍വകലാശാലയില്‍ സംസാരിച്ചുകൊണ്ടിരിക്കെ വെടിയേറ്റു മരിച്ച വലതുപക്ഷ ആക്ടിവിസ്റ്റ് ചാര്‍ളി കിര്‍ക്കിന് ആദരാഞ്ജലി അര്‍പ്പിച്ച് 'ആര്‍ഐപി ചാര്‍ളി കിര്‍ക്ക്' എന്ന് എഴുതിയ ഒരു വലിയ മരക്കുരിശ് ഒരാള്‍ വഹിച്ചിരുന്നു. 

പ്രകടനക്കാര്‍ ബ്രിട്ടന്റെ യൂണിയന്‍ പതാകയും ഇംഗ്ലണ്ടിലെ ചുവപ്പും വെള്ളയും നിറമുള്ള സെന്റ് ജോര്‍ജ്ജ് ക്രോസും വഹിച്ചു. മറ്റുള്ളവര്‍ അമേരിക്കന്‍, ഇസ്രായേലി പതാകകള്‍ വഹിച്ചു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാഗ തൊപ്പികള്‍ ധരിച്ചു. പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനെ വിമര്‍ശിക്കുന്ന മുദ്രാവാക്യങ്ങള്‍ അവര്‍ മുഴക്കി.

രാജ്യം റെക്കോര്‍ഡ് എണ്ണം അഭയ അപേക്ഷകള്‍ നേരിടുന്നതിനാല്‍ തകര്‍ച്ചയിലായ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളെ മറികടന്ന് ബ്രിട്ടനിലെ കുടിയേറ്റം ഒരു പ്രധാന രാഷ്ട്രീയ പ്രശ്‌നമായി മാറിയിരിക്കുന്നു. ഈ വര്‍ഷം ഇതുവരെ 28,000-ത്തിലധികം കുടിയേറ്റക്കാര്‍ ചാനലിന് കുറുകെ ചെറിയ ബോട്ടുകളില്‍ എത്തിയിട്ടുണ്ട്.

അതേസമയം, ലണ്ടനില്‍ ഏകദേശം 1,000 മെട്രോപൊളിറ്റന്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. രണ്ട് പ്രതിഷേധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശൂന്യമായ ഇടം സൃഷ്ടിക്കാന്‍ തടസ്സങ്ങള്‍ സ്ഥാപിച്ചിരുന്നു. 

ലെസ്റ്റര്‍ഷെയര്‍, നോട്ടിംഗ്ഹാംഷെയര്‍, ഡെവണ്‍, കോണ്‍വാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് വാനുകള്‍ ഉള്‍പ്പെടെ മറ്റ് സേനകളില്‍ നിന്ന് 500 ഉദ്യോഗസ്ഥരെയും എത്തിച്ചിരുന്നു. 

'തീവ്ര വലതുപക്ഷത്തിനെതിരെ സ്ത്രീകള്‍', 'ടോമി റോബിന്‍സണെ എതിര്‍ക്കുക', 'അഭയാര്‍ഥികള്‍ക്ക് സ്വാഗതം' എന്നിവ എഴുതിയ പ്ലക്കാര്‍ഡുകളാണ് മാര്‍ച്ച് എഗയ്്ന്‍സ്റ്റ് ഫാസിസം പ്രകടനക്കാര്‍ പിടിച്ചത്.