ഇംഫാല്‍: കനത്ത സുരക്ഷയ്ക്ക് നടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മണിപ്പൂരിലെത്തി. ശക്തമായ മഴയെ തുടര്‍ന്ന് ഇംഫാലില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിലെത്തിയത്. ഇവിടെ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിടും. വംശീയ കലാപം തുടങ്ങി രണ്ട് വര്‍ഷവും നാല് മാസവും പിന്നിടുമ്പോഴാണ് പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനം.
ചുരാചന്ദ്പൂരിലെത്തിയ മോദി കലാപത്തിന് ഇരയായവരെ സന്ദര്‍ശിച്ചു. അതിനുശേഷം ചുരാചന്ദ്പൂരിലെ പൊതുയോഗത്തെ മോദി അഭിസംബോധന ചെയ്യും. നേരത്തെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് അപ്പുറം പുതിയ പ്രഖ്യാപനം എന്തെങ്കിലും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുമോ എന്നാണ് കാത്തിരിക്കുന്നത്.
നേരത്തെ മിസോറാമിലെ പരിപാടിക്ക് ശേഷം ഇംഫാലില്‍ എത്തിയ മോഡി ഹെലികോപ്റ്റര്‍ വഴി ചുരാചന്ദ് പൂരിലെത്താനായിരുന്നു പദ്ധതിയിട്ടത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇതില്‍ മാറ്റം വരുത്തുകയായിരുന്നു. ഇംഫാല്‍ വിമാനത്താവളത്തില്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയും ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഗോയലും ചേര്‍ന്ന് മോഡിയെ സ്വീകരിച്ചു.
മെയ്തി ഭൂരിപക്ഷ പ്രദേശമായ ഇംഫാലില്‍ 1200 കോടയിയുടെ വികസന പദ്ധതികള്‍ക്ക് മോഡി തുടക്കമിടും. മോഡിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇംഫാലിലെ കാംഗ് ല ഫോര്‍ട്ടിലും, ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലുമായി നടക്കുന്ന പ്രധാനമന്ത്രിയുടെ റാലികളുടെ വേദികളിലും സമീപത്തും സംസ്ഥാന, കേന്ദ്ര സേനാംഗങ്ങളെ വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത ശക്തമായ മഴയാണ് തുടരുന്നത്. ഇതിന്റെ ഭാഗമായി പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
വംശീയ കലാപം തുടങ്ങി രണ്ട് വര്‍ഷം പിന്നിട്ട മണിപ്പൂരിലേക്ക് കനത്ത സുരക്ഷയ്ക്ക് നടുവില്‍ നരേന്ദ്രമോഡിയെത്തി
