ഇംഫാല്‍: മണിപ്പൂരിലെ ജനങ്ങളുടെ ആവേശത്തിനു മുമ്പില്‍ സല്യൂട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സര്‍ക്കാര്‍ മണിപ്പൂരിനൊപ്പമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ കലാപം പൊട്ടിപ്പുറപ്പെട്ട 2023ന് ശേഷം ആദ്യമായാണ് മോഡി മണിപ്പൂരിലെത്തിയത്.
ധൈര്യത്തിന്റേയും നിശ്ചയധാര്‍ഢ്യത്തിന്റേയും നാടാണ് മണിപ്പൂര്‍. പ്രകൃതിയുടെ അമൂല്യമായ സമ്മാനമാണ് ഈ മലകള്‍. നിര്‍ഭാഗ്യവശാല്‍, ഈ ഊര്‍ജ്ജസ്വലമായ പ്രദേശം അക്രമത്തിന്റെ പിടിയിലായിരുന്നു. ക്യാംപുകളില്‍ കഴിയുന്ന ദുരിതബാധിതരായ ആളുകളെ കണ്ടുമുട്ടിയെന്നും അവരുമായി സംസാരിച്ചതിന് ശേഷം മണിപ്പൂരില്‍ പ്രതീക്ഷയുടെയും വിശ്വാസത്തിന്റേയും പുതിയ പ്രഭാതം പൊട്ടിപ്പുറപ്പെടുന്നുവെന്ന് പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനത്തിലേക്കുള്ള മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോഡി മണിപ്പൂരിലെത്തിയത്. ഐസ്വാള്‍ സന്ദര്‍ശനത്തോടെയാണ് പ്രധാനമന്ത്രി ത്രിദിന സന്ദര്‍ശനത്തിന് തുടക്കമിട്ടത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സാഹചര്യത്തില്‍ മണിപ്പൂരില്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന സേനകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.