വാരണാസി: കലാപത്തിനുശേഷം നേപ്പാളിന്റെ അധികാരമേറ്റെടുക്കുന്നഇടക്കാല സര്‍ക്കാരിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി സുശീല കാര്‍ക്കിക്ക് ഇന്ത്യയുമായും രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുമായും ശക്തമായ ബന്ധമുണ്ട്. 1975ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നേപ്പാളിന്റെ ആദ്യത്തെ വിമാനഹൈജാക്കിംഗ് നടത്തിയ വിവാദം സൃഷ്ടിച്ച ഭര്‍ത്താവ് ദുര്‍ഗ പ്രസാദ് സുബേദിയും അതേ സര്‍വകലാശാലയില്‍ സുശീല കാര്‍ക്കിയുടെ സഹപാഠിയായിരുന്നു.
1973 ജൂണ്‍ 10നായിരുന്നു വിവാദങ്ങള്‍ക്ക് ആധാരമായ വിമാനറാഞ്ചല്‍ നടന്നത്. അന്ന് നേപ്പാളി കോണ്‍ഗ്രസിന്റെ യുവ നേതാവായിരുന്നു ദുര്‍ഗ പ്രസാദ് സുബേദി. മൂന്ന് സായുധര്‍ ഒരു നേപ്പാളി വിമാനം ഹൈജാക്ക് ചെയ്ത് ഇന്ത്യയിലേക്ക് കടക്കുകയും അന്ന് ഏകദേശം 400,000 ഡോളറോളം മൂല്യം വരുന്ന പണവുമായി വനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നാണ് 1973 ജൂണ്‍ 11ലെ ന്യൂയോര്‍ക്ക് ടൈംസ് പത്രം നേപ്പാള്‍ എംബസിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. നാഗേന്ദ്ര ധുങ്കേല്‍, ബസന്ത് ഭട്ടറായി എന്നിവരായിരുന്നു സുബേദിക്കൊപ്പമുണ്ടായിരുന്നത്.
ബിരാത്‌നഗറില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ റോയല്‍ നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനമാണ് ഇവര്‍ റാഞ്ചിയത്. അന്ന് വിമാനത്തിലുണ്ടായിരുന്ന 19 യാത്രക്കാരില്‍ ബോളിവുഡ് നടി മാലാ സിന്‍ഹയും ഉള്‍പ്പെട്ടിരുന്നു. മഹേന്ദ്ര രാജാവിനു കീഴിലുള്ള രാജവാഴ്ചക്കെതിരായ സായുധ പോരാട്ടത്തിന് പണം കണ്ടെത്തുക എന്നതായിരുന്നു ഹൈജാക്കിങ്ങിന്റെ പ്രധാന ലക്ഷ്യം. പിന്നീട് നേപ്പാള്‍ പ്രധാനമന്ത്രിയായി ഗിരിജാ പ്രസാദ് കൊയ്‌രാളയാണ് ഈ ഓപ്പറേഷന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാഠ്മണ്ഡുവിലേക്കുള്ള പതിവ് വിമാനത്തില്‍ കൊണ്ടുപോകുകയായിരുന്ന നേപ്പാളി സ്‌റ്റേറ്റ് ബാങ്കിന്റെ പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
യാത്രക്കാരായി വിമാനത്തില്‍ കയറിപറ്റിയ മൂന്നംഗ സംഘം വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ പൈലറ്റിനുനേരെ തോക്ക് ചൂണ്ടി ബിഹാറിലെ ഫാര്‍ബിസ്ഗഞ്ചിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇവരെ കാത്ത് അവിടെ സംഘത്തിലെ മറ്റ് അഞ്ച് പേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയും പണത്തിനായി കാത്തുനിന്നവരില്‍ ഒരാളായിരുന്നു. സംഘം വിമാനത്തില്‍ നിന്ന് പണമടങ്ങിയ മൂന്ന് പെട്ടികള്‍ വിദ?ഗ്ധമായി പുറത്തെത്തിക്കുകയും വിമാനം ബാക്കിയുള്ള യാത്രക്കാരുമായി യാത്ര തുടരുകയുമായിരുന്നു. ഈ സംഭവത്തില്‍ യാത്രക്കാര്‍ക്കോ വിമാനത്തിലെ ജീവനക്കാര്‍ക്കോ ആര്‍ക്കുംതന്നെ പരിക്കേറ്റിരുന്നില്ല.
ഒരു വര്‍ഷത്തിനുള്ളില്‍, ധുങ്കേല്‍ ഒഴികെ സംഘത്തിലെ എല്ലാവരെയും ഇന്ത്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. സുബേദിയും മറ്റുള്ളവരും രണ്ട് വര്‍ഷം ജയിലില്‍ കിടന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയും 1980ലെ ഹിതപരിശോധനയ്ക്ക് തൊട്ടുമുമ്പ് നേപ്പാളിലേക്ക് മടങ്ങുകയും ചെയ്തു. രാജഭരണത്തിനെതിരെ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി ആരംഭിച്ച ജനാധിപത്യത്തിനായുള്ള പോരാട്ടത്തെ പിന്തുണയ്ക്കാന്‍ വേണ്ടിയായിരുന്നു ആ പണമെന്ന് വിരമിച്ച നേപ്പാളി യുഎന്‍ അംബാസഡര്‍ ദിനേഷ് ഭട്ടറായി 2014ല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു.
'ബിഎച്ച്‌യുവില്‍ ഉണ്ടായിരുന്ന കാലം മുതല്‍ ഞങ്ങള്‍ക്ക് അവരുമായി ഒരു നല്ല ബന്ധമുണ്ട്... നേപ്പാള്‍ രാജ്യത്തെ നയിക്കാന്‍ ഒരു നിഷ്പക്ഷനും സത്യസന്ധനുമായ വ്യക്തിയെ ലഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.' കാര്‍ക്കി സ്‌നേഹപൂര്‍വ്വം സംസാരിച്ച വിരമിച്ച ബിഎച്ച്‌യു പ്രൊഫസറും ഗാന്ധിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്റ്റഡീസിന്റെ മുന്‍ ഡയറക്ടറുമായ പ്രൊഫ. ദീപക് മാലിക് പറഞ്ഞു.
'ഞാന്‍ നേപ്പാളില്‍ പോകുമ്പോഴെല്ലാം അവരെ കാണാന്‍ മറക്കില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു, അവസാനമായി അവരെ സന്ദര്‍ശിച്ചത് 2024 നവംബറില്‍ ആയിരുന്നു. സത്യസന്ധത, അഴിമതിയോടുള്ള സഹിഷ്ണുത, രാഷ്ട്രീയ നിഷ്പക്ഷത, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായ സുപ്രധാന വിധികള്‍ എന്നിവയിലെ കര്‍ക്കിയുടെ ശക്തമായ പ്രശസ്തി പ്രൊഫസര്‍ മാലിക് എടുത്തുകാട്ടി.
സിഎന്‍എന്‍ന്യൂസ് 18 ന് നല്‍കിയ ഒരു അഭിമുഖത്തില്‍, കര്‍ക്കി 'ഇന്ത്യയുടെ സുഹൃത്താണ് താന്‍ എന്നാണ് സ്വയം വിശേഷിപ്പിച്ചുത്. ഈ ബന്ധം ബിഎച്ച്‌യുവില്‍ താന്‍ ചെലവഴിച്ച കാലംമുതലുണ്ടെന്നും അവര്‍ പറഞ്ഞു. 'ബിഎച്ച്‌യുവിലെ എന്റെ വര്‍ഷങ്ങള്‍ ഒരു ശാശ്വതമായ മതിപ്പ് അവശേഷിപ്പിച്ചുവെന്ന് അവര്‍ തന്റെ അധ്യാപകരെയും സുഹൃത്തുക്കളെയും ഓര്‍മ്മിച്ചുകൊണ്ട് പറഞ്ഞു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെ കാര്‍ക്കി ഊന്നിപ്പറയുകയും നേപ്പാളിനോടുള്ള ഇന്ത്യയുടെ പിന്തുണയും സൗഹാര്‍ദ്ദവും എടുത്തുകാണിക്കുകയും ചെയ്തു. ഇന്ത്യയിലെ നേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോള്‍, തനിക്ക് 'മോഡിജിയെക്കുറിച്ച് നല്ല മതിപ്പുണ്ടെന്ന്' അവര്‍ പറഞ്ഞു.
1952 ജൂണ്‍ 7 ന് ബിരാത്‌നഗറില്‍ ജനിച്ച കര്‍ക്കി 1972 ല്‍ മഹേന്ദ്ര മൊറാങ് കാമ്പസില്‍ നിന്ന് ബിഎയും തുടര്‍ന്ന് ബിഎച്ച്‌യുവില്‍ നിന്ന് എംഎയും നേടി. 1978 ല്‍ നേപ്പാളിലെ ത്രിഭുവന്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ അവര്‍ 1979 ല്‍ നിയമജീവിതം ആരംഭിച്ചു, 2007 ല്‍ സീനിയര്‍ അഭിഭാഷകയായും 2010 ല്‍ സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു. 2016 ഏപ്രില്‍ 13 മുതല്‍ 2016 ജൂലൈ 10 വരെ നേപ്പാളിലെ സുപ്രീം കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായും തുടര്‍ന്ന് 2017 ജൂണ്‍ 7 വരെ ചീഫ് ജസ്റ്റിസായും കര്‍ക്കി സേവനമനുഷ്ടിച്ചു.
ഇന്ത്യയുടെ സുഹൃത്തായ നേപ്പാള്‍ ഇടക്കാല പ്രധാനമന്ത്രി സുശീല കാര്‍ക്കി ബിഎച്ച്‌യുവിലെ പൂര്‍വ വിദ്യാര്‍ത്ഥിനി
