റഷ്യന്‍ എണ്ണ ഇറക്കുമതി തുടരുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുംമേല്‍ 100% തീരുവ ചുമത്തണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഹ്വാനം കൈയ്യോടെ തള്ളി യൂറോപ്യന്‍ യൂണിയന്‍ (ഇയു). ഇന്ത്യയും ചൈനയും ഇയുവിന്റെ വ്യാപാര പങ്കാളികളാണെന്നും അതു തുടരുമെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താവ് ഒലോഫ് ഗില്‍ പറഞ്ഞു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ സാധ്യമാക്കാന്‍ ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കുന്നതിനിടയിലാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും നികുതി 100 ശതമാനമാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്.
ഇതേ ആവശ്യം ട്രംപ് ജി7 രാഷ്ട്രങ്ങളോടും ഉന്നയിച്ചെങ്കിലും ആരും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ട്രംപിന്റെ ആവശ്യം യൂറോപ്യന്‍ യൂണിയന്‍ തള്ളിയതോടെ സമ്മര്‍ദ്ദത്തില്‍ പതറാതെ നില്‍ക്കുന്ന ഇന്ത്യയ്ക്ക് തിളക്കമേറി.മോഡി നല്ല ചങ്ങാതിയാണെന്നും ഇന്ത്യയുമായി വ്യാപാരക്കരാര്‍ വൈകാതെ സാധ്യമായേക്കുമെന്നും ഒരു വശത്ത് പറഞ്ഞ ട്രംപ്, മറുവശത്ത് ഇന്ത്യയ്‌ക്കെതിരെ തീരുവയുദ്ധം കടുപ്പിക്കുന്ന വിപരീത നിലപാട് ഇരുഭാഗത്തും ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ഇന്ത്യയ്ക്കുമേല്‍ 50% തീരുവ പ്രഖ്യാപിച്ച തന്റെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കിയെന്ന് ഇതിനിടെ ഒരു യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് സമ്മതിച്ചു.
''ഇന്ത്യ റഷ്യന്‍ എണ്ണയുടെ വലിയ കസ്റ്റമറാണ്. അതുകൊണ്ടാണ് ഞാന്‍ തീരുവ പ്രഖ്യാപിച്ചത്. അതത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ല. പക്ഷേ, ഞാനത് ചെയ്തു. ഇന്ത്യയുമായുള്ള ബന്ധം ഇപ്പോള്‍ മോശമാണ്. ഞാനത് ചെയ്തുപോയി. ഒന്നാലോചിക്കൂ, ഇത് (റഷ്യയുക്രെയ്ന്‍ യുദ്ധം) യൂറോപ്പിന്റെ പ്രശ്‌നമാണ്. യുഎസിനേക്കാള്‍ പ്രശ്‌നം യൂറോപ്പിനാണ്'' ട്രംപ് പറഞ്ഞു. പുട്ടിനെ യുദ്ധത്തിന് എണ്ണ വന്‍തോതില്‍ വാങ്ങി ഫണ്ട് ചെയ്യുന്നത് ഇന്ത്യയാണെന്നാണ് യുഎസ് നിരന്തരം ആരോപിക്കുന്നത്.
ട്രംപും അദ്ദേഹത്തിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോയും ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനം തൊടുക്കുമ്പോഴും റഷ്യന്‍ എണ്ണ വന്‍തോതില്‍ വാങ്ങിക്കൂട്ടുകയാണ് ഇന്ത്യ. ഓഗസ്റ്റിലും 310 കോടി ഡോളറിന്റെ റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ നടത്തി. ഇറക്കുമതിയില്‍ ചൈനയുടെ തൊട്ടടുത്ത് എത്താനും കഴിഞ്ഞു. റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായ ചൈന കഴിഞ്ഞമാസം ചെലവിട്ടത് 330 കോടി ഡോളര്‍.
ഓഗസ്റ്റില്‍ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി ജൂലൈയിലെ 290 കോടി ഡോളറിനെ അപേക്ഷിച്ച് കൂടിയെന്നതും ശ്രദ്ധേയമാണ്. ചൈനയുടെ ഇറക്കുമതി 440 കോടി ഡോളറില്‍ നിന്ന് കുറയുകയായിരുന്നു. സൗദി അറേബ്യയില്‍ നിന്ന് വിലക്കുറവില്‍ എണ്ണ കിട്ടിത്തുടങ്ങിയതാണ് ചൈന റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറയ്ക്കാന്‍ കാരണം.
ക്രൂഡ് ഓയിലിന് പുറമേ കല്‍ക്കരി ഉള്‍പ്പെടെയുള്ള മറ്റ് ഊര്‍ജ ഉല്‍പന്നങ്ങളും കൂടി പരിഗണിച്ചാല്‍ ഓഗസ്റ്റില്‍ ചൈനയുടെ മൊത്തം ഇറക്കുമതി റഷ്യയില്‍ നിന്ന് 609 കോടി ഡോളറിന്റേതാണ്. ഇന്ത്യയുടേത് 385 കോടി ഡോളറും. തുര്‍ക്കിയാണ് റഷ്യയുടെ പ്രകൃതിവാതകം ഏറ്റവുമധികം വാങ്ങുന്നത്. കണക്കുകള്‍ ഇങ്ങനെയാണെങ്കിലും, ഇന്ത്യയ്‌ക്കെതിരെ മാത്രമാണ് ട്രംപ് നടപടിയെടുത്തിട്ടുള്ളത്.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഡിസംബറോടെ യാഥാര്‍ഥ്യമായേക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് കമ്മിഷണര്‍ മാര്‍കോസ് സെഫ്‌കോവിച്ച് ഇതിനിടെ പ്രതികരിച്ചു. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ഡിസംബര്‍ അവസാനത്തോടെ കരാര്‍ യാഥാര്‍ഥ്യമാക്കാനാണ് ശ്രമം. 'തകര്‍പ്പന്‍' കരാറായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. ഇരുകൂട്ടര്‍ക്കും പ്രയോജനപ്പെടുന്ന സന്തുലിതമായ സ്വതന്ത്ര വ്യാപാരക്കരാറിനായാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും പറഞ്ഞു.
ഇന്ത്യയ്ക്കുമേല്‍ 100% തീരുവ ചുമത്തണമെന്ന ട്രംപിന്റെ ആവശ്യം തള്ളി യൂറോപ്യന്‍ യൂണിയന്‍
