ലണ്ടന്‍: പൈലറ്റ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പൊതു ഇടങ്ങളില്‍ യൂണിഫോം ധരിച്ച് കാപ്പി, ചായ, സോഡ തുടങ്ങിയവ കുടിക്കരുതെന്ന നിയമവുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ്. വെള്ളം കുടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ പോലും ജാഗ്രതയും വിവേകവും പാലിക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
ബ്രിട്ടീഷ് എയര്‍വെയ്‌സ് ജീവനക്കാര്‍ക്ക് കാപ്പിയോ ചായയോ കുടിക്കണമെങ്കില്‍ അത് സ്റ്റാഫിനുള്ള മുറികളിലും കഫേകളിലുമായിരിക്കണം. എയര്‍ലൈനിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനായാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഫ്‌ളൈറ്റ് അറ്റന്റര്‍മാര്‍, പൈലറ്റ് എന്നിവരുടെ വസ്ത്രധാരണത്തിലും മേക്കപ്പിലുമെല്ലാം എയര്‍ലൈന്‍സ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നെയില്‍ പോളിഷ്, ലിപ്സ്റ്റിക് എന്നിവയുടെ അനുവദനീയമായ നിറങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. ഹെയര്‍ സ്റ്റൈലും സണ്‍ ഗ്ലാസും വരെ എയര്‍വേയ്‌സ് നിര്‍ദേശത്തിന് അനുസരിച്ചായിരിക്കണം. യൂണിഫോം ധരിച്ചു കൊണ്ട് സഞ്ചരിക്കാനും അനുവാദമില്ല. ഫ്‌ളൈറ്റ് ലേ ഓവറിനിടെ താമസിക്കുന്ന ഹോട്ടലുകളുടെ വിഡിയോകള്‍, ഫോട്ടോകള്‍ എന്നിവ പകര്‍ത്തുന്നതും സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്നതും വിലക്കിയിട്ടുണ്ട്.
മുന്‍പ് ഇത്തരത്തില്‍ എന്തെങ്കിലും ഫോട്ടോകളോ വീഡിയോകളോ പകര്‍ത്തിയിട്ടുണ്ടെങ്കില്‍ അവ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് താമസസ്ഥലത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്തുന്നതു വഴി സുരക്ഷാ പ്രശ്‌നം ഉണ്ടാകാന്‍ ഇടയുണ്ടെന്നാണ് ഇതിനു കാരണമായി എയര്‍വേയ്‌സ് ചൂണ്ടിക്കാണിക്കുന്നത്.