ചൈനയ്‌ക്കെതിരെ 100 ശതമാനം വരെ തീരുവ ചുമത്തണമെന്നും നാറ്റോ നടപടിയെടുക്കണമെന്നും ട്രംപ്

ചൈനയ്‌ക്കെതിരെ 100 ശതമാനം വരെ തീരുവ ചുമത്തണമെന്നും നാറ്റോ നടപടിയെടുക്കണമെന്നും ട്രംപ്


വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ചൈനയ്ക്ക് 50 മുതല്‍ 100 ശതമാനം വരെ തീരുവ ചുമത്തി മോസ്‌കോയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാറ്റോ സഖ്യകക്ഷികളോട് ആഹ്വാനം ചെയ്തു. ട്രൂത്ത് സോഷ്യലിലെ നീണ്ട പോസ്റ്റിലാണ് ട്രംപ് എല്ലാ നാറ്റോ രാഷ്ട്രങ്ങളെയും ലോകത്തെയും അഭിസംബോധന ചെയ്തുകൊണ്ട് ഇക്കാര്യം പറഞ്ഞത്. 

യൂറോപ്യന്‍ പങ്കാളികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തി ഏകോപിത നടപടികളില്‍ പങ്കുചേര്‍ന്നാല്‍ റഷ്യയ്ക്ക് മേല്‍ വലിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ വാഷിംഗ്ടണ്‍ തയ്യാറാണെന്ന് പറഞ്ഞു.

നാറ്റോയുടെ വിജയത്തിനായുള്ള പ്രതിബദ്ധത 100 ശതമാനത്തില്‍ വളരെ കുറവാണെന്നും ചിലര്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ട്രംപ് എഴുതി. റഷ്യയുടെ മേലുള്ള നിങ്ങളുടെ ചര്‍ച്ചാ നിലപാടിനെയും വിലപേശല്‍ ശക്തിയെയും ഇത് വളരെയധികം ദുര്‍ബലപ്പെടുത്തുന്നു. 

റഷ്യയുടെ മേല്‍ ശക്തമായ നിയന്ത്രണവും പിടിയും ഉള്ള ചൈനയ്ക്ക് മേല്‍ നാറ്റോ ശിക്ഷാ തീരുവ ചുമത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ശക്തമായ താരിഫുകള്‍ ആ പിടി തകര്‍ക്കും.

ഉയര്‍ന്നതും ശിക്ഷാര്‍ഹവുമായ താരിഫുകള്‍ യുദ്ധം അവസാനിക്കുന്നതുവരെ പ്രാബല്യത്തില്‍ തുടരണമെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതോടെ 'പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മാരകമായ, എന്നാല്‍ പരിഹാസ്യമായ യുദ്ധം' എന്നു വിശേഷിപ്പിച്ച ട്രംപ് അത് അവസാനിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ് തന്റെ നിര്‍ദ്ദേശമെന്ന് അവകാശപ്പെട്ടു. താന്‍ ചുമതലയിലായിരുന്നെങ്കില്‍ സംഘര്‍ഷം ഒരിക്കലും ആരംഭിക്കില്ലായിരുന്നുവെന്ന അവകാശവാദം ട്രംപ് വീണ്ടും ഉന്നയിച്ചു. ബൈഡന്റെയും സെലെന്‍സ്‌കിയുടെയും യുദ്ധം എന്നും അദ്ദേഹം വിളിച്ചു.

താന്‍ പറയുന്നതുപോലെ നാറ്റോ ചെയ്താല്‍ യുദ്ധം വേഗത്തില്‍ അവസാനിക്കുമെന്നും അല്ലെങ്കില്‍, നിങ്ങള്‍ തന്റെ സമയവും യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ സമയവും ഊര്‍ജ്ജവും പണവും പാഴാക്കുകയാണെന്നും ട്രംപ് പറഞ്ഞു.

നേരത്തെ, യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ നിര്‍ബന്ധിക്കുന്നതിന് ചൈനയെയും ഇന്ത്യയെയും 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു.

റഷ്യയില്‍ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച യു എസ്, യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചു.

യു എസ് പ്രസിഡന്റായി ചുമതലയേറ്റതിന്റെ 'ആദ്യ ദിവസം' തന്നെ യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് വീമ്പിളക്കിയിരുന്ന ട്രംപ് മോസ്‌കോയ്ക്കും കീവ് നഗരത്തിനും ഇടയില്‍ സമാധാന കരാറുണ്ടാക്കാന്‍  മധ്യസ്ഥത വഹിക്കാന്‍ പാടുപെടുകയാണ്. റഷ്യയാകട്ടെ യുക്രെയെനെതിരെ ആക്രമണം ശക്തമാക്കുകയും ചെയ്തു.