കാഠ്മണ്ഡു: ഒരാഴ്ചത്തെ യുവജന പ്രക്ഷോഭത്തിന് പിന്നാലെ, നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർകി അധികാരമേറ്റു. സമൂഹ മാധ്യമങ്ങൾ നിരോധിച്ചതിനെതിരെയുള്ള രൂക്ഷമായ പ്രക്ഷോഭത്തിൽ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ച് സ്ഥലംവിട്ടതോടെയാണ് ആദ്യ വനിത പ്രധനമന്ത്രിയായി സുശീല സത്യപ്രതിജ്ഞ ചെയ്തത്. വെള്ളിയാഴ്ച രാത്രി വൈകി നടന്ന ചടങ്ങിൽ പ്രസിഡന്റ് രാമചന്ദ്ര പൗദൽ സത്യവാചകം ചൊല്ലിക്കൊടുത്തു.
ചീഫ് ജസ്റ്റിസും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രസിഡന്റും സൈനിക മേധാവികളും യുവജന പ്രക്ഷോഭകരും സംയുക്ത യോഗം ചേർന്നാണ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് സുശീലയുടെ പേര് തീരുമാനിച്ചത്. നിലവിലെ പാർലമെന്റ് പിരിച്ചുവിട്ടതിനാൽ പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത മാർച്ച് അഞ്ചിന് നടക്കുമെന്ന് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.
24 മന്ത്രിമാരടങ്ങുന്ന ഇടക്കാല മന്ത്രിസഭ ഇന്ന് രൂപവത്കരിക്കും. സിങ്ദർബാർ സെക്രട്ടേറിയറ്റിലെ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രക്ഷോഭകർ തീയിട്ട് തകർത്തതിനാൽ നിലവിലുള്ള ആഭ്യന്തര മന്ത്രാലയ ഓഫിസ് പ്രധാനമന്ത്രിയുടെ ആസ്ഥാനമാക്കും. പ്രക്ഷോഭത്തിൽ പരിക്കേറ്റവരെ ശനിയാഴ്ച സുശീല കർകി സന്ദർശിച്ചു.
പ്രക്ഷോഭത്തിൽ ഒരു ഇന്ത്യക്കാരനടക്കം 51 പേർ മരിച്ചതായി അധികൃതർ പറഞ്ഞു. നേപ്പാളിന്റെ പ്രധാന വരുമാന മാർഗമായ വിനോദ സഞ്ചാരത്തെ പ്രക്ഷോഭം കാര്യമായി ബാധിച്ചു. വൻ സാമ്പത്തിക നഷ്ടമുണ്ടായതായി ഹോട്ടൽ അസോസിയേഷൻ നേപ്പാൾ അറിയിച്ചു. കാഠ്മണ്ഡുവിലെ ഹിൽട്ടൺ അടക്കം 20ലേറെ ഹോട്ടലുകൾ അക്രമികൾ തകർത്തു.
നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർകി അധികാരമേറ്റു
