ലണ്ടന്‍: പ്രവാസികളുടെ നെഞ്ചിടിപ്പേറ്റി ലണ്ടന്‍ നഗരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലി. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിന്‍സണിന്റെ നേതൃത്വത്തിലാണ് കുടിയേറ്റക്കാര്‍ക്കെതിരെ ' യുണൈറ്റ് ദി കിങ്ഡം ' എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്. ഏകദേശം ഒരു ലക്ഷത്തിലധികം ആളുകള്‍ റാലിയില്‍ പങ്കെടുത്തു. ചെറു സംഘങ്ങളായി എത്തിയ ആളുകളാണ് ലണ്ടന്‍ നഗരത്തില്‍ ഒത്തുകൂടി പ്രതിഷേധിച്ചത്.
ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധം ലണ്ടന്‍ നഗരത്തില്‍ പലയിടത്തും സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ ശ്രമിച്ച പമലീസുകാര്‍ ക്രൂരമര്‍ദനത്തിന് ഇരയായി. പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു. വിദ്വേഷ പ്രസംഗങ്ങളും വര്‍ണ്ണവെറിയും നിറഞ്ഞതായിരുന്നു റാലി. ഇത് ബ്രിട്ടനില്‍ വലിയ ആശങ്കകള്‍ക്ക് ഇടയാക്കി.
പ്രതിഷേധക്കാരുടെ മര്‍ദനത്തില്‍ 26 പോലീസുകാര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ചിലരുടെ പല്ല് പൊട്ടുകയും മൂക്കിന്റെ പാലം തകരുകയും ചെയ്തിട്ടുണ്ട്. 25 ഓളം പ്രതിഷേധക്കാരെ വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയിരത്തോളം പോലീസുകാരാണ് വന്‍ ജനാവലിയെ നേരിടാനുണ്ടായിരുന്നത്. പ്രതീക്ഷിച്ചതിലേറെ ജനമെത്തിയത് പോലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു.
ഫാസിസ്റ്റ് വിരുദ്ധവാദികളും വംശീയ വിരുദ്ധവാദികളും മറുപക്ഷത്ത് അണിനിരന്നതോടെയാണ് പലയിടത്തും കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് പോയത്. 'ഫ്രീ സ്പീച്ച് ഫെസ്റ്റിവല്‍' ആണെന്നാണ് സംഘാടകര്‍ പറഞ്ഞത്. എന്നാല്‍ റാലിയില്‍ പല നേതാക്കന്മാരും വര്‍ണ്ണവെറിയും മുസ്ലിം വിരുദ്ധതയും നിറഞ്ഞ പ്രസംഗങ്ങള്‍ നടത്തി. പ്രതിഷേധക്കാര്‍ പോലീസുമായി പലയിടത്തും ഏറ്റുമുട്ടി. ചിലര്‍ പോലീസുകാരെ മര്‍ദ്ദിക്കുകയും കുപ്പികള്‍ എറിയുകയും ചെയ്തു.
പോലീസ് കണക്കനുസരിച്ച് 1,10,000 മുതല്‍ 1,50,000 വരെ ആളുകള്‍ റാലിയില്‍ പങ്കെടുത്തു. ഇത് പ്രതീക്ഷിച്ചതിലും വളരെ കൂടുതലായിരുന്നു. കുടിയേറ്റ വിരുദ്ധതയായിരുന്നു റാലിയുടെ പ്രധാന വിഷയം. സ്റ്റീഫന്‍ യാക്‌സ്‌ലിലെനന്‍ എന്നാണ് ടോമി റോബിന്‍സണിന്റെ യഥാര്‍ഥ പേര്. ഇയാള്‍ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് എന്ന സംഘടനയുടെ സ്ഥാപകനാണ്. ബ്രിട്ടനിലെ പ്രധാന വലതുപക്ഷ നേതാക്കളില്‍ ഒരാളാണ് റോബിന്‍സണ്‍.
റാലിയില്‍ പങ്കെടുത്ത പല നേതാക്കന്മാരും കുടിയേറ്റത്തിനെതിരെ സംസാരിച്ചു. 'നമ്മുടെ പഴയ കോളനികള്‍ നമ്മളെത്തന്നെ കോളനിവല്‍ക്കരിക്കുന്നതിന് നമ്മള്‍ ഇരയാവുകയാണ്,' എന്ന് എറിക് സെമ്മൂര്‍ പറഞ്ഞു. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ റാലിയില്‍ പങ്കെടുത്തു. അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിനെ വിമര്‍ശിച്ചു. 'ബ്രിട്ടീഷുകാരായിരിക്കുന്നതില്‍ ഒരു ഭംഗിയുണ്ട്. പക്ഷെ ഇവിടെ സംഭവിക്കുന്നത് ബ്രിട്ടന്റെ നാശമാണ്. ആദ്യം ഇത് പതുക്കെയായിരുന്നു, എന്നാല്‍ ഇപ്പോള്‍ വലിയ രീതിയിലുള്ള കുടിയേറ്റം കാരണം ബ്രിട്ടന്‍ വേഗത്തില്‍ നശിക്കുകയാണ്,' എന്ന് മസ്‌ക് പറഞ്ഞു.
റോബിന്‍സണ്‍ റാലിയില്‍ സംസാരിക്കുമ്പോള്‍ കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടീഷുകാരെക്കാള്‍ കൂടുതല്‍ അവകാശങ്ങള്‍ ഉണ്ടെന്ന് ആരോപിച്ചു. ചെറിയ ബോട്ടുകളില്‍ അനുമതിയില്ലാതെ ആളുകള്‍ ഇംഗ്ലീഷ് ചാനല്‍ കടന്നു വരുന്നതിനെക്കുറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് ഈ റാലി നടന്നത്. ഈ വേനല്‍ക്കാലത്ത് അഭയാര്‍ഥികളെ താമസിപ്പിക്കുന്ന ഹോട്ടലുകള്‍ക്ക് മുന്നില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. 14 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച എത്യോപ്യക്കാരനെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് പ്രതിഷേധങ്ങള്‍ ശക്തമായത്.
ലണ്ടന്‍ നഗരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലി; പോലീസുകാരെ ആക്രമിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
