വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സുഹൃത്തും വലതുപക്ഷ ഇന്‍ഫ്‌ലുവന്‍സറുമായ ചാര്‍ളി കിര്‍ക്കിനെ വെടിവെച്ചുകൊന്ന കേസില്‍ പ്രതി ടൈലര്‍ റോബിന്‍സണിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളിയെ എഫ്ബിഐ ചോദ്യം ചെയ്തു. 22 വയസ്സുകാരനായ ടൈലര്‍ റോബിന്‍സണ്‍ ഈ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളിക്കൊപ്പമാണ് താമസിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ പങ്കാളിയാണ് ഒരു മെസ്സേജിങ് ആപ്പില്‍ തനിക്ക് ടൈലര്‍ അയച്ച സന്ദേശങ്ങള്‍ പോലീസിന് നല്‍കിയത്. താന്‍ ആക്രമണത്തിന് ഉപയോഗിച്ച തോക്ക് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും അത് കണ്ടെടുക്കണമെന്നും ടൈലര്‍ തന്റെ പങ്കാളിക്ക് സന്ദേശം അയച്ചിരുന്നു.
ടൈലറിന്റെ പങ്കാളി ട്രാന്‍സ് വ്യക്തിയാണെന്നത് സ്ഥിരീകരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റും ഫോക്‌സ് ന്യൂസും റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ടൈലര്‍ റോബിന്‍സണ്‍ അയച്ച ടെക്സ്റ്റ് മെസ്സേജുകളാണ് ടൈലര്‍ ആണ് കൊലപാതകി എന്ന് ഉറപ്പിക്കാന്‍ സഹായിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.
വെടിയുതിര്‍ക്കുന്നതിന് തൊട്ടുമുന്‍പ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയവുമായി ബന്ധപ്പെട്ട ചോദ്യം കിര്‍ക്കിനോട് വിദ്യാര്‍ത്ഥികള്‍ ചോദിച്ചിരുന്നു. പിന്നാലെയായിരുന്നു വെടിവെപ്പ് നടന്നത്. 'കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എത്ര ട്രാന്‍സ്‌ജെന്‍ഡര്‍ അമേരിക്കക്കാര്‍ കൂട്ടക്കൊലയാളികളായിട്ടുണ്ട്' എന്നതായിരുന്നു ചോദ്യം. ചാര്‍ളി കിര്‍ക്ക് അതിന് 'വളരെയധികം' എന്ന് മറുപടി പറയുകയുണ്ടായി. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു വേണ്ടിയാണ് ടൈലര്‍ അക്രമം നടത്തിയതെന്ന പ്രചാരണം ഇതിനകം തുടങ്ങിയിട്ടുണ്ട്. MAGA മുന്നേറ്റത്തെ പിന്തുണയ്ക്കുന്നവര്‍ റോബിന്‍സണിന്റേത് ഒരു ട്രാന്‍സ് അക്രമമാണെന്ന് ചിത്രീകരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും അവര്‍ അവകാശപ്പെടുന്നു.
ചാര്‍ളി കിര്‍ക്കിന് ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ വിഷയത്തില്‍ ശക്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. അവരെ തനിക്ക് അറപ്പാണ് എന്ന് പോലും ചാര്‍ളി പറഞ്ഞിരുന്നു. 'അമേരിക്കയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ മുന്നേറ്റം ദൈവത്തിന് നേരെ നടുവിരല്‍ ഉയര്‍ത്തുന്നതിന് തുല്യമാണെ'ന്നാണ്കിര്‍ക്ക് ഒരു പ്രസംഗത്തില്‍ പറഞ്ഞത്.
യൂറ്റായിലെ ഒരു യൂണിവേഴ്‌സിറ്റി കാമ്പസില്‍ വെച്ച് റോബിന്‍സണ്‍ ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. രാഷ്ട്രീയ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് സംഭവം. റോബിന്‍സണ്‍ അറസ്റ്റിലാകുകയും അയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചാര്‍ളിയുടെ കൊലയാളി ടൈലര്‍ റോബിന്‍സണ്‍ താമസിച്ചിരുന്നത് ട്രാന്‍സ്‌ജെന്റര്‍ പങ്കാളിക്കൊപ്പം
