കാഠ്മണ്ഡു: നേപ്പാളിൽ പാർലമെന്റ് പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ ശക്തമായി അപലപിച്ച് രാഷ്ട്രീയ പാർടികൾ. നേപ്പാളി കോൺഗ്രസ്, സിപിഎൻ (യുഎംഎൽ), സിപിഎൻ (മാവോയ്സ്റ്റ് സെന്റർ) തുടങ്ങിയ പാർടികൾ പ്രസിഡന്റിന്റെ തീരുമാനത്തെ എതിർത്തു. പാർലമെന്റ് പിരിച്ചുവിടാനുള്ള ഭരണഘടനാവിരുദ്ധമായ നീക്കം ജനാധിപത്യത്തിന് കനത്ത പ്രഹരമാണെന്ന് രാഷ്ട്രീയകക്ഷികൾ പ്രസ്താവനയിൽ പറഞ്ഞു.
യുവജനപ്രക്ഷോഭത്തെ തുടർന്ന് വെള്ളി രാത്രിയാണ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ആദ്യ മന്ത്രിസഭായോഗമാണ് പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താൻ ശുപാർശ ചെയ്തത്. ഇതനുസരിച്ച് പ്രസിഡന്റ് രാം ചന്ദ്ര പ!*!ൗഡേൽ സഭ പിരിച്ചുവിടാനും 2026 മാർച്ച് അഞ്ചിന് തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചു. യുവാക്കളുടെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഹമി നേപ്പാളിന്റെ പ്രധാന ആവശ്യവും പാർലമെന്റ് പിരിച്ചുവിടണം എന്നതായിരുന്നു.
ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത സ്വേച്ഛാധിപത്യ നടപടിയാണ് പാർലമെന്റ് പിരിച്ചുവിടലെന്ന് നേപ്പാൾ ബാർ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. കാലാവധി പൂർത്തിയാകുംമുമ്പ് സഭ പിരിച്ചുവിടുന്നത് ജനാധിപത്യപ്രക്രിയയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്നും അസോസിയേഷൻ പറഞ്ഞു.
കർഫ്യൂ പിൻവലിച്ചു
കാഠ്മണ്ഡു താഴ്‌വരയിലും നേപ്പാളിന്റെ മറ്റു ഭാഗങ്ങളിലും കർഫ്യൂ പിൻവലിച്ചു. ജനജീവിതം സാധാരണ നിലയിലേക്ക് മാറി. ഗതാഗതം പുനരാരംഭിച്ചു. വ്യാപാരസ്ഥാപനങ്ങൾ തുറന്നു. നേപ്പാളിൽ കുടുങ്ങിയ വിനോദസഞ്ചാരികൾ മടങ്ങിത്തുടങ്ങി.
ഇടക്കാല പ്രധാനമന്ത്രിയായ സുശീല കർക്കി ആശുപത്രികളിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ഞായറാഴ്ച ഔദ്യോഗികമായി ചുമതലയേൽക്കും. മന്ത്രിസഭാ വിപുലീകരണവും നടന്നേക്കും.
ജെൻ സി കലാപത്തിൽ വിവിധ കേസുകളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ നശിപ്പിക്കപ്പെട്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കലാപത്തിന്റെ ഭാഗമായി സുപ്രീംകോടതി കെട്ടിടം തീവച്ചിരുന്നു. വിവിധ ജില്ലാ കോടതികളും ആക്രമിക്കപ്പെട്ടു. കോടതി നടപടികൾ ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നേപ്പാളിൽ പാർലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധമെന്ന് രാഷ്ട്രീയ പാർട്ടികൾ
