മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ചുരാചന്ദ്പൂരില്‍ സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിഞ്ഞ് യുവാക്കള്‍

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ചുരാചന്ദ്പൂരില്‍ സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിഞ്ഞ് യുവാക്കള്‍


ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ തോരണങ്ങള്‍ നശിപ്പിച്ചവരെ അറസ്റ്റ് ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് നടന്നു. ചുരാചന്ദ്പൂരിലാണ് സംഘര്‍ഷമുണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണിപ്പൂര്‍ സന്ദര്‍ശനം വലിയ പ്രശ്‌നങ്ങളില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ചുരാചന്ദ്പൂരില്‍ സംഘര്‍ഷമുണ്ടായി.

 പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത ചില കുക്കി സംഘടനകള്‍ ചുരാചന്ദ്പൂരില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബോര്‍ഡുകള്‍ നശിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ മൂന്നു പേരെ സന്ദര്‍ശനത്തിന് മുമ്പ് അറസ്റ്റു ചെയ്തു. കൂടുതല്‍ പേരെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ പ്രതിഷേധിച്ച് ആദ്യം ഒരു സംഘം യുവാക്കള്‍ ജനഗണമന പാടി സുരക്ഷ വാഹനത്തിനടുത്ത് പ്രതിഷേധിച്ചു. 

പിന്നീട് പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡുകള്‍ തള്ളി മാറ്റിയും സുരക്ഷാ വാഹനങ്ങളില്‍ പിടിച്ചു കയറിയും ബഹളം വച്ചു. ചിലര്‍ സേനയ്കക്കു നേരം കല്ലെറിയുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി