കാഠ്മണ്ഡു: നേപ്പാളില്‍ ജെന്‍ സികളുടെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരെ 'രക്തസാക്ഷികള്‍' ആയി പ്രഖ്യാപിക്കുമെന്ന് ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കി. പുതിയ പ്രധാനമന്ത്രിയായി സിംഗ ദുര്‍ബാറിലെ ആഭ്യന്തര മന്ത്രാലയത്തില്‍ ചുമതലയേറ്റതിന് ശേഷം സുശീല കര്‍ക്കി എടുത്ത ആദ്യ തീരുമാനമാണ് പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുക എന്നത്
രക്തസാക്ഷികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ആശ്വാസധനമായി നല്‍കാനും പരിക്കേറ്റവരുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി. ചീഫ് സെക്രട്ടറി ഏക്‌നാരായണ്‍ ആര്യാലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പരിക്കേറ്റവരുടെ ചികിത്സക്ക് ഫീസ് ഈടാക്കരുതെന്ന നിര്‍ദേശം എല്ലാ ആശുപത്രികള്‍ക്കും നല്‍കിയെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
രാജ്യത്ത് നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സാമ്പത്തിക പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അവര്‍ പറഞ്ഞു. അധികാരത്തില്‍ തുടരില്ലെന്ന് വ്യക്തമാക്കിയ സുശീല കര്‍ക്കി ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറുമെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പിലേക്കു കടക്കാനുള്ള പാലമായാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും അവര്‍ ഉറപ്പ് നല്‍കി.
നേപ്പാള്‍ കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികള്‍; കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം
