ഗാസ സിറ്റിയിൽ ഇസ്രായേൽ ആക്രമണത്തിൽ 53 പാലസ്തീനികൾ കൊല്ലപ്പെട്ടു

ഗാസ സിറ്റിയിൽ ഇസ്രായേൽ ആക്രമണത്തിൽ 53 പാലസ്തീനികൾ കൊല്ലപ്പെട്ടു


ഗാസ : ഗാസ സിറ്റിയിൽ ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 53 പാലസ്തീനികൾ കൊല്ലപ്പെട്ടു. 16 കെട്ടിടങ്ങളാണ് ഒറ്റദിവസം തകർത്തത്. ഗാസ യുദ്ധത്തിൽ ഇതുവരെ 64,871 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 1,64,610 പേർക്ക് പരിക്കേറ്റു. അതിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇസ്രായേലിലെത്തി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.

പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ യുദ്ധം അവസാനിക്കുന്നതിനെ ബാധിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞു. തങ്ങൾക്ക് അന്താരാഷ്ട്ര പിന്തുണ വർധിക്കുന്നതായാണ് ഹമാസ് ഇതിനെ കാണുന്നത്. ഹമാസിനെ കീഴ്‌പ്പെടുത്തി ബന്ദികളെ മോചിപ്പിക്കുകയാണ് വേണ്ടത് റൂബിയോ പറഞ്ഞു.

ഇസ്രായേലിന് യു.എസിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം നെതന്യാഹുവുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഖത്തറിൽ നടത്തിയ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം തങ്ങൾക്കാണെന്നും യു.എസിന് പങ്കില്ലെന്നും പറഞ്ഞ നെതന്യാഹു യു.എസും ഇസ്രായേലും ഒരുമിച്ച് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. അമേരിക്ക ഇസ്രായേലിനൊപ്പമുണ്ടെന്ന വ്യക്തമായ സന്ദേശമാണ് റൂബിയോയുടെ സന്ദർശനത്തിലൂടെ നൽകുന്നതെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.

10,000ത്തിലേറെ ഇസ്രായേൽ സൈനികർ മാനസികാരോഗ്യ ചികിത്സ തേടി
തെൽ അവീവ്: ഗസ്സ യുദ്ധം ആരംഭിച്ചശേഷം പതിനായിരത്തിലേറെ ഇസ്രായേൽ സൈനികർ മാനസികാരോഗ്യ ചികിത്സ തേടിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ പുനരധിവാസ വകുപ്പ് വ്യക്തമാക്കി.

ഏകദേശം 20,000 സൈനികർ വൈദ്യസഹായം തേടി. 20 ശതമാനം പേർ ശാരീരിക പരിക്കുകൾക്കൊപ്പം മാനസികാരോഗ്യ അവസ്ഥകളും അനുഭവിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഓരോ മാസവും യുദ്ധത്തിൽ പരിക്കേറ്റ ഏകദേശം ആയിരത്തോളം സൈനികരെയാണ് പുനരധിവാസ വകുപ്പ് ചികിത്സിക്കുന്നത്.

യുദ്ധം നീണ്ടുപോകുന്നതിനാൽ പരിക്കേറ്റവരുടെ എണ്ണത്തിലെ വർധന, മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരുടെ ചികിത്സ, അവരുടെ ആത്മഹത്യാ ചിന്ത, തെറപ്പിസ്റ്റുകളുടെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നതായാണ് പുനരധിവാസ വകുപ്പ് പറയുന്നത്.