ഇന്ത്യ- യു എസ് വ്യാപാര ചര്‍ച്ചകള്‍ ഗുണപരമെന്ന് ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം

ഇന്ത്യ- യു എസ് വ്യാപാര ചര്‍ച്ചകള്‍ ഗുണപരമെന്ന് ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം


ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ നടന്നു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള ആദ്യ റൗണ്ട് ചര്‍ച്ചകളാണിത്. 

ന്യൂഡല്‍ഹിയില്‍ നിന്നും വാഷിംഗ്ടണില്‍ നിന്നുമുള്ള പ്രതിനിധികള്‍ തമ്മില്‍ നടന്ന ചര്‍ച്ചകള്‍ ഗുണപരമാണെന്നും പരസ്പരം പ്രയോജനകരമായ വ്യാപാര കരാറിറിലേക്കെത്താന്‍ തീവ്രമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയും യു എസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, വ്യാപാര കരാറിന്റെ വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകള്‍ ഗുണപരവും  ഭാവിയിലേക്കുള്ളതുമായിരുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

യു എസ് ഉദ്യോഗസ്ഥരുടെ സംഘത്തെ നയിക്കുന്ന ദക്ഷിണ, മധ്യേഷ്യയിലെ അസിസ്റ്റന്റ് യു എസ് വ്യാപാര പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ച് തിങ്കളാഴ്ച രാത്രിയാണ് ന്യൂഡല്‍ഹിയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ആറാം റൗണ്ട് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ചര്‍ച്ചകളില്‍ ഇന്ത്യന്‍ പക്ഷത്തെ നയിച്ചത് വാണിജ്യ വകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് അഗര്‍വാളായിരുന്നു.

ആഗസ്റ്റ് 25 മുതല്‍ 29 വരെ ചര്‍ച്ചകള്‍ നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ട്രംപ് ഇന്ത്യയില്‍ അധിക തീരുവ ചുമത്തിയതിനെത്തുടര്‍ന്നാണ് അത് മാറ്റിവെച്ചത്.