ബ്രിട്ടീഷ് ഇന്ത്യയില്‍ മൂന്നുപതിറ്റാണ്ടുകള്‍ ജയിലില്‍; എന്നിട്ടും ത്രൈലോക്യനാഥ് ചക്രവര്‍ത്തിയെ ചരിത്രം മറന്നു

ബ്രിട്ടീഷ് ഇന്ത്യയില്‍ മൂന്നുപതിറ്റാണ്ടുകള്‍ ജയിലില്‍; എന്നിട്ടും ത്രൈലോക്യനാഥ് ചക്രവര്‍ത്തിയെ ചരിത്രം മറന്നു


ഇന്ത്യ സ്വതന്ത്രമായ എട്ട് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാകുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന മഹത്തായ സ്വാതന്ത്ര്യ സമരങ്ങളുടെ ഫലം രാജ്യം അനുഭവിക്കാന്‍ തുടങ്ങിയിട്ട് എണ്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്നുവെന്ന് സാരം. 

സ്വാതന്ത്ര്യ സമരവുമായും സമര നേതാക്കളുമായും ബന്ധപ്പെട്ട് എല്ലാ കാലത്തും വിവാദങ്ങളുണ്ടായിട്ടുണ്ട്. പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്ന ചരിത്രവും അച്ചടി പുരളാത്ത ചരിത്രവുമുണ്ട്. എല്ലാ ചരിത്രവും എല്ലായിടത്തും രേഖപ്പെടുത്തി വെക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ലാത്തതിനാല്‍ വരമൊഴിയായി മാത്രമല്ല വാമൊഴിയായും ചരിത്രവും സംഭവങ്ങളും കഥകളുമെല്ലാം പ്രചരിക്കാറുണ്ട്.

ചരിത്രത്തിന്റെ ഒരു പ്രത്യേകത വര മൊഴിയായാലും വാമൊഴിയായാലും ഓരോരുത്തര്‍ക്കും തങ്ങളുടെ കാഴ്ചപ്പാടിനും വിശ്വാസങ്ങള്‍ക്കും അനുസരിച്ച് അതില്‍ ഏച്ചുകൂട്ടലുകളും വെട്ടിക്കുറക്കലുകളും നടത്താമെന്നതാണ്. ഐതിഹ്യങ്ങളെ ചരിത്രമാക്കാനും ചരിത്രത്തെ ഐതിഹ്യമാക്കാനുമൊക്കെ സാധിക്കും. കൃത്യമായ നിരീക്ഷണവും ആവശ്യമായ പഠനവും നടന്നില്ലെങ്കില്‍ ചരിത്രവും സങ്കല്‍പ്പവും ഐതിഹ്യങ്ങളുമെല്ലാം കുഴഞ്ഞുമറിഞ്ഞ് സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ ഉണ്ടായേക്കും. സ്വാതന്ത്ര്യം നേടി എട്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ ചരിത്രം നേരിടുന്ന വലിയ പ്രതിസന്ധിയും ഇതുതന്നെയാണ്. 

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് ഏറ്റവുമധികം ഉയര്‍ന്നുവന്നൊരു പേര് സവര്‍ക്കറുടേതായിരിക്കും. ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യ ഭരിക്കുന്ന ബി ജെ പി സര്‍ക്കാറിന് തങ്ങളുടെ ആശയങ്ങള്‍ പിന്തുടര്‍ന്നിരുന്നതും സ്വാതന്ത്ര്യ സമരത്തില്‍ പങ്കുവഹിച്ചിരുന്നതുമായ വ്യക്തികളെ വലിയ ബിംബങ്ങളായി ഉയര്‍ത്തിക്കാട്ടേണ്ടത് അത്യാവശ്യമായിരുന്നതിനാലാണ് സവര്‍ക്കറെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. 

സവര്‍ക്കറെ സംബന്ധിച്ചിടത്തോളം രണ്ട് വായനകള്‍ ഒരേ സമയം നടക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും ആന്തമാനില്‍ ഉള്‍പ്പെടെ ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്നതാണ് ഒരു വസ്തുത. അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പ് അപേക്ഷ നല്‍കിയാണ് ജയില്‍ മോചിതനായതെന്നതാണ് മറ്റൊരു വസ്തുത. 

എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവും കൂടുതല്‍ ജയില്‍ വാസം അനുഭവിച്ചത് സവര്‍ക്കറാണോ? അങ്ങനെയാണ് പ്രചരിപ്പിക്കപ്പെടുന്നതെങ്കിലും അല്ലെന്നാണ് ചരിത്രം പറയുന്നത്.  

ബ്രിട്ടീഷുകാരുടെ വിവിധ ജയിലുകളിലായി 30 നീണ്ട വര്‍ഷങ്ങള്‍ തടവില്‍ കഴിഞ്ഞ ഒരാളുണ്ടായിരുന്നു- ത്രൈലോക്യനാഥ് ചക്രവര്‍ത്തി. ഈ 30 വര്‍ഷങ്ങളില്‍ ആറ് വര്‍ഷം അദ്ദേഹം ചെലവഴിച്ചത് ഭയാനകമായ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലായിരുന്നു. എന്നിട്ടും ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണാധികാരികള്‍ക്ക് അദ്ദേഹം ഒരിക്കല്‍പ്പോലും മാപ്പപേക്ഷയോ ദയാഹര്‍ജിയോ എഴുതിയില്ല. നമ്മുടെ ദേശീയ ഓര്‍മയില്‍ നിന്ന് ഏതാണ്ട് വിസ്മൃതനായിപ്പോയിട്ടുണ്ട് ആ ഇതിഹാസ താരം. 

വിപ്ലവകാരികളുടെ ഇടയില്‍ 'മഹാരാജ്' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചക്രവര്‍ത്തി, അവിഭക്ത ബംഗാളിലെ മൈമെന്‍സിങ് ജില്ലയില്‍ 1889 ആഗസ്റ്റ് 2-നാണ് ജനിച്ചത്. 1905-ലെ ബംഗാള്‍ വിഭജനത്തിനെതിരെയുണ്ടായ സ്വദേശി പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്,  17-ാം വയസ്സിലാണ് അദ്ദേഹം സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയത്. 1906-ല്‍ ധാക്ക അനുശീലന്‍ സമിതിയില്‍ ചേര്‍ന്ന അദ്ദേഹം അതിന്റെ സജീവ പ്രവര്‍ത്തകനും സംഘാടകനുമായി.

1910-ലെ ധാക്ക ഗൂഢാലോചനക്കേസില്‍ ധാക്ക അനുശീലന്‍ സമിതിയുടെ സ്ഥാപക പ്രസിഡന്റായ പുലിന്‍ ബിഹാരി ദാസ് അറസ്റ്റിലായതിനു പിന്നാലെ, പ്രതുല്‍ ചന്ദ്ര ഗാംഗുലിക്കൊപ്പം ചക്രവര്‍ത്തി സംഘടനയുടെ ചുമതല ഏറ്റെടുത്തു. കൊളോണിയല്‍ ഭരണകൂടത്തിന്റെ ഏറ്റവും ഭയപ്പെടുത്തുന്ന എതിരാളികളിലൊന്നായി അനുശീലന്‍ സമിതിയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു.

1908-ലാണ് ചക്രവര്‍ത്തി ആദ്യമായി അറസ്റ്റിലായത്. ആറ് മാസത്തേക്ക് അദ്ദേഹം തടവിലായി. ആ അറസ്റ്റോടെ അദ്ദേഹത്തിന്റെ ഔപചാരിക വിദ്യാഭ്യാസം അവസാനിക്കുകയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിവിധ ജയിലുകളിലേക്കുള്ള യാത്ര ആരംഭിക്കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടതിനുശേഷവും ആ യാത്ര തുടര്‍ന്നു.

1912-ല്‍ രണ്ടാം തവണ അറസ്റ്റിലായ അദ്ദേഹത്തിനെതിരെ ഒരു പൊലീസ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പിന്നീട് വിട്ടയച്ചു. 1914-ലായിരുന്നു മൂന്നാം അറസ്റ്റ്. ഒന്നാം ലോകമഹായുദ്ധകാലത്ത് തദ്ദേശീയ സൈനികരെ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപത്തിന് പ്രേരിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഉള്‍പ്പെട്ട ചില അനുശീലന്‍ രേഖകള്‍ കൊളോണിയല്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ഗൂഢാലോചനയുടെ പ്രധാന നേതാക്കളെന്ന നിലയില്‍ ചക്രവര്‍ത്തിയെയും ഗാംഗുലിയെയും മറ്റ് 42 പേരെയും അറസ്റ്റ് ചെയ്ത് രണ്ടാം ബരിസാല്‍ ഗൂഢാലോചനക്കേസില്‍ വിചാരണ ചെയ്തു. രാജാവും ചക്രവര്‍ത്തിയുമായ ബ്രിട്ടീഷ് ഭരണാധികാരിക്കെതിരെ യുദ്ധം നടത്തിയതായി കോടതി കണ്ടെത്തുകയും 10 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.

ബരിസാല്‍, പ്രസിഡന്‍സി ജയിലുകളില്‍ കുറച്ചുകാലം കഴിഞ്ഞ ശേഷം 1916-ല്‍ ചക്രവര്‍ത്തിയെ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലേക്ക് മാറ്റി. അവിടെ മറ്റു പല സഹവിപ്ലവകാരികളെയും പോലെ ചക്രവര്‍ത്തിയും മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ അനുഭവിച്ചു. എന്നാല്‍ അദ്ദേഹത്തിലെ വിപ്ലവവീര്യം കെട്ടടങ്ങിയില്ല.

സെല്ലുലാര്‍ ജയിലില്‍ കഴിയുകയായിരുന്ന നിരവധി വിപ്ലവകാരികള്‍ ക്രൂരമായ പീഡനത്തിനും അസഹനീയമായ ജീവിതസാഹചര്യങ്ങള്‍ക്കുമെതിരെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചപ്പോള്‍ ചക്രവര്‍ത്തിയും അവരോടൊപ്പം ചേര്‍ന്നു. ഈ തീരുമാനം വിപ്ലവകാരികള്‍ക്കിടയില്‍ രസകരമായ ഒരു ഭിന്നതയ്ക്കും കാരണമായി. ഇതേക്കുറിച്ച് ചക്രവര്‍ത്തി തന്റെ ആത്മകഥയില്‍ ഇങ്ങനെ എഴുതുന്നു:

'സെല്ലുലാര്‍ ജയിലിലെ അന്തേവാസികള്‍ 'നരം' (മിതവാദികള്‍), 'ഗരം' (തീവ്രവാദികള്‍) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു. നേരത്തെ തന്നെ സെല്ലുലാര്‍ ജയിലില്‍ ഏറെക്കാലം കഴിഞ്ഞ് വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിച്ചിരുന്ന സവര്‍ക്കര്‍ സഹോദരന്മാരും പുലിന്‍ ബാബുവുമായിരുന്നു ആദ്യ വിഭാഗത്തില്‍. അവര്‍ തങ്ങളുടെ അവസ്ഥയ്‌ക്കെതിരെ പ്രതിഷേധിക്കുകയും തങ്ങള്‍ക്ക് കുറച്ചൊക്കെ ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അവര്‍ ജയില്‍ വാര്‍ഡനോടും സൂപ്രണ്ടിനോടും അടുപ്പത്തിലായിരുന്നു. തങ്ങള്‍ നേടിയെടുത്ത 'ആനുകൂല്യങ്ങള്‍' ഉപേക്ഷിച്ച് ഞങ്ങളുടെ സമരത്തില്‍ ചേരാന്‍ അവര്‍ തയ്യാറായില്ല.'

ശരീരം ദുര്‍ബലമായിരിക്കുകയും ആസ്ത്മ ബാധിച്ചിരിക്കുകയും ചെയ്തിരുന്നെങ്കിലും ചക്രവര്‍ത്തി നിരാഹാര സമരത്തില്‍ പങ്കെടുത്തു.

ആന്‍ഡമാനില്‍ ഏഴ് വര്‍ഷം കഴിഞ്ഞ ശേഷം 1921-ല്‍ ചക്രവര്‍ത്തിയെ ബംഗാളിലെ ആലിപൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മൂന്ന് വര്‍ഷത്തിനുശേഷം മോചിതനായി. പുറത്തിറങ്ങിയ ശേഷം സൗത്ത് കല്‍ക്കട്ട നാഷണല്‍ സ്‌കൂളില്‍ അധ്യാപകജോലി ഏറ്റെടുത്തെങ്കിലും ശമ്പളം വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. ഈ കാലയളവില്‍ വിപ്ലവപ്രസ്ഥാനത്തിന് പണം സമാഹരിക്കുന്നതിനായി കള്ളനോട്ടുകള്‍ അച്ചടിക്കാനും അദ്ദേഹം ശ്രമിച്ചു. എന്നാല്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടു.

1924 അവസാനത്തോടെ വീണ്ടും അറസ്റ്റിലായ അദ്ദേഹം ബര്‍മ്മയിലെ മാന്‍ഡലേ ജയിലിലേക്ക് അയക്കപ്പെട്ടു. അവിടെ സഹതടവുകാരനായ സുഭാഷ് ചന്ദ്രബോസിനെ കണ്ടുമുട്ടി. ഏകദേശം നാല് വര്‍ഷം മാന്‍ഡലേയില്‍ കഴിഞ്ഞ ചക്രവര്‍ത്തി 1928-ല്‍ മോചിതനായി. അവിടെനിന്ന് അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കല്‍ക്കട്ട സമ്മേളനത്തിലേക്ക് പോയി. സൗണ്ടേഴ്‌സിനെ വധിച്ചതിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഭഗത് സിങ്ങിനെ അവിടെ കണ്ടുമുട്ടി. സിങ്ങിന്റെ സംഘടനയായ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന് അദ്ദേഹം പൂര്‍ണ പിന്തുണ നല്‍കി.

നാലാമത്തെ ജയില്‍വാസത്തിന് ശേഷം വെറും രണ്ട് വര്‍ഷം മാത്രമാണ് ചക്രവര്‍ത്തിക്ക് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിഞ്ഞത്. 1930-ല്‍ വീണ്ടും അറസ്റ്റിലായി. സൂര്യസെന്നും സഹപ്രവര്‍ത്തകരും നേതൃത്വം നല്‍കിയ പ്രസിദ്ധമായ ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ അറസ്റ്റ്. 1930 മുതല്‍ 1938 വരെ ചക്രവര്‍ത്തിയെ ഒരു ജയിലില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റിക്കൊണ്ടിരുന്നു. ഒടുവില്‍ 1939-ല്‍ അദ്ദേഹം മോചിതനായി.

എല്ലാ പരീക്ഷണങ്ങളും ദുരിതങ്ങളും നേരിട്ടിട്ടും അദ്ദേഹത്തിലെ വിപ്ലവവീര്യം കെട്ടടങ്ങിയില്ല. മോചിതനായ ഉടന്‍ തന്നെ കൊളോണിയല്‍ സൈന്യത്തിലെ ഇന്ത്യന്‍ സൈനികര്‍ക്കിടയില്‍ രാജ്യവ്യാപകമായ ഒരു കലാപം സംഘടിപ്പിക്കാനുള്ള പദ്ധതികള്‍ അദ്ദേഹം ആരംഭിച്ചു. മറ്റൊരു ലോകമഹായുദ്ധം ഉണ്ടാകുമെന്ന അഭ്യൂഹങ്ങളായിരുന്നു ഇതിന് പ്രേരണയായത്. അഞ്ചാമത്തെ ജയില്‍വാസത്തിനിടെയാണ് ചക്രവര്‍ത്തി സോഷ്യലിസ്റ്റ് സാഹിത്യം പഠിച്ചത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തുന്നു.

1857-ലെ കലാപത്തില്‍ നിന്നും 1915-ലെ ഗദര്‍ പ്രസ്ഥാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, ഒരു ലോകമഹായുദ്ധം ആസന്നമായിരിക്കെ, ഇന്ത്യന്‍ സൈനികരെയും സാധാരണക്കാരെയും ഉള്‍പ്പെടുത്തി സമാനമായ ഒരു സര്‍വേന്ത്യാ കലാപം സംഘടിപ്പിക്കാന്‍ ചക്രവര്‍ത്തിയും അനുശീലന്‍ സമിതിയിലെ മറ്റ് നേതാക്കളും തീരുമാനിച്ചു. ഇത്തവണ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച ശേഷം കൂടുതല്‍ തീവ്രമായ ഒരു സംഘടനയായ ഫോര്‍വേഡ് ബ്ലോക്ക് രൂപീകരിച്ച സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ അണിനിരക്കാനാണ് സമിതി തീരുമാനിച്ചത്.

1940 മാര്‍ച്ച് 19-ന് റാംഗഢില്‍ (ഇന്നത്തെ ഝാര്‍ഖണ്ഡ്) ബ്രിട്ടീഷ് യുദ്ധശ്രമങ്ങള്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുന്നതിനെ തള്ളിക്കളഞ്ഞുകൊണ്ട് ഒരു 'ആന്റി-കോംപ്രമൈസ് കോണ്‍ഫറന്‍സ്' നടന്നു. ബോസിന്റെ നേതൃത്വത്തില്‍ ചക്രവര്‍ത്തിയും മറ്റ് അനുശീലന്‍ നേതാക്കളും ബ്രിട്ടീഷുകാര്‍ക്കെതിരെ ബഹുജന കലാപത്തിന് പദ്ധതിയിട്ടു.

ഈ പദ്ധതി നടപ്പാക്കുന്നതിനായി ചക്രവര്‍ത്തി പഞ്ചാബ്, ബോംബെ പ്രസിഡന്‍സി, യുണൈറ്റഡ് പ്രൊവിന്‍സസ്, ബംഗാളിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തു. നിരവധി മുതിര്‍ന്ന വിപ്ലവകാരികളെയും ഗദര്‍ പ്രസ്ഥാനത്തിലെ മുന്‍ അംഗങ്ങളെയും ആസൂത്രണം ചെയ്ത കലാപത്തില്‍ ചേരാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. തങ്ങളും 'ദേശീയവാദികള്‍' ആണെന്ന് അവകാശപ്പെട്ടിരുന്ന രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആര്‍ എസ് എസ്) സ്ഥാപകന്‍ കേശവ് ബാലിറാം ഹെഡ്‌ഗേവാറിനെയും ഹിന്ദു മഹാസഭാ നേതാവ് ഗണേഷ് സവര്‍ക്കറെയും അദ്ദേഹം കണ്ടുമുട്ടി. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ ഇരുവരും തുറന്നടിച്ച് വിസമ്മതിച്ചു. ചക്രവര്‍ത്തി തന്നെ തന്റെ ഓര്‍മക്കുറിപ്പുകളില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ദേശീയവാദ- മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ ചക്രവര്‍ത്തിയെ പൂര്‍ണമായും മറന്നുകളഞ്ഞപ്പോള്‍, വലതുപക്ഷ ബൗദ്ധിക പ്രചാരണങ്ങളില്‍ അദ്ദേഹം ഇടം നേടിയിരിക്കുന്നത് അതിശയകരമാണ്. അതും തെരഞ്ഞെടുത്ത രീതിയില്‍ മാത്രം. ആര്‍ എസ് എസ് സ്ഥാപകന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നതിന്റെ ആരോപണത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുന്നതിനായി ചക്രവര്‍ത്തിയുടെ പുസ്തകത്തിലെ ഒരൊറ്റ വരിയാണ് അവിടെ ഉപയോഗിക്കുന്നത്.

ഹെഡ്‌ഗേവാറിനെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളതും ഇപ്പോഴും എഴുതപ്പെടുന്നതുമായ മിക്കവാറും എല്ലാ പുകഴ്ത്തല്‍ സാഹിത്യങ്ങളിലും ചക്രവര്‍ത്തിയുടെ ആത്മകഥയിലെ ഒരു വരി ഉദ്ധരിക്കപ്പെടുന്നു. ഹെഡ്‌ഗേവാര്‍ ഒരു കാലത്ത് അനുശീലന്‍ സമിതിയില്‍ അംഗമായിരുന്നുവെന്ന് അദ്ദേഹം പറയുന്ന വരിയാണത്. ആര്‍ എസ് എസ് സ്ഥാപകന്റെ 'വിപ്ലവകാരി' എന്ന പ്രതിച്ഛായ തെളിയിക്കാനാണ് ഈ വരി ഉപയോഗിക്കുന്നത്. എന്നാല്‍ അതിന് പിന്നാലെയുള്ള വരികള്‍ ഈ അക്കാദമികരും മാധ്യമ പ്രവര്‍ത്തകരും മനഃപൂര്‍വം അവഗണിക്കുന്നു. ഹെഡ്‌ഗേവാറുമായുള്ള തന്റെ കൂടിക്കാഴ്ച ചക്രവര്‍ത്തി അതില്‍ വിശദമായി വിവരിക്കുന്നുണ്ട്:

'1940-ലെ ഒരു ഉച്ചതിരിഞ്ഞ് ഞാന്‍ ഹെഡ്‌ഗേവാറിന്റെ വീട്ടിലെത്തി അദ്ദേഹത്തോട് ചോദിച്ചു: 'കാലിചരണ്‍ ദായെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ?' അദ്ദേഹം എന്നെ ആലിംഗനം ചെയ്തു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: 'നിങ്ങളുടെ സന്നദ്ധസേനയുടെ അംഗബലം എത്രയാണ്?'

അദ്ദേഹം മറുപടി പറഞ്ഞു: 'അറുപതിനായിരം.'

ഞാന്‍ പറഞ്ഞു: 'അവര്‍ വിപ്ലവസമരത്തില്‍ ചേരേണ്ടിവരും.' ഞാന്‍ എല്ലാം വിശദീകരിക്കുകയും സുഭാഷ് ചന്ദ്രബോസ് ഞങ്ങളുടെ പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതുകേട്ട കേശവ് ഹെഡ്‌ഗേവാര്‍ പറഞ്ഞു: 'അറുപതിനായിരം സന്നദ്ധപ്രവര്‍ത്തകരില്‍ പലരും കൊച്ചുകുട്ടികളാണ്. അവര്‍ക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ല. മാത്രമല്ല, ഇത്രയും കാലം നിങ്ങള്‍ ആളുകള്‍ എന്റെ കാര്യങ്ങള്‍ അന്വേഷിച്ചില്ല; ഇപ്പോള്‍ പെട്ടെന്ന് വന്ന് എന്റെ സഹായം ആവശ്യപ്പെടുകയാണ്! ഇതെങ്ങനെ സാധിക്കും?'

അതുകേട്ട് ഞാന്‍ മറുപടി പറഞ്ഞു: 'ഇതുപോലൊരു സുവര്‍ണാവസരം നമ്മുടെ ജീവിതത്തില്‍ ഇനി ലഭിക്കില്ല. ലോകമഹായുദ്ധം ഒരുക്കിത്തരുന്ന ഈ അവസരം നാം പ്രയോജനപ്പെടുത്തണം. എന്തുവിധേനയും നിങ്ങളുടെ ലെഫ്റ്റനന്റുമാരെ ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കണം. മറ്റുള്ളവര്‍ പിന്നാലെ വന്നുകൊള്ളും.'

ഹെഡ്‌ഗേവാറുമായുള്ള ഈ കൂടിക്കാഴ്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചക്രവര്‍ത്തി വാരാണസിയിലേക്ക് പോയി. അവിടെ വി ഡി സവര്‍ക്കറുടെ മൂത്ത സഹോദരനും ഹിന്ദു മഹാസഭാ നേതാവുമായ ഗണേഷ് ദാമോദര്‍ സവര്‍ക്കറെ കണ്ടു. കലാപത്തില്‍ ചേരാന്‍ അദ്ദേഹത്തെയും പ്രേരിപ്പിക്കാന്‍ ശ്രമിച്ചു. ഈ കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നു:

'വിനായക് ദാമോദര്‍ സവര്‍ക്കറുടെ മൂത്ത സഹോദരനായ ഗണേഷ് ദാമോദര്‍ സവര്‍ക്കര്‍ കാശിയിലായിരുന്നു. ഞങ്ങള്‍ ആന്‍ഡമാന്‍ ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നു. അദ്ദേഹം ബംഗാളി ഭാഷ നന്നായി പഠിച്ചിരുന്നു. ഞാനും അദ്ദേഹത്തില്‍ നിന്ന് മറാത്തി പഠിക്കാറുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ ഗണേഷ് ദാ എന്നാണ് വിളിച്ചിരുന്നത്. ഞങ്ങളുടെ കലാപപദ്ധതിയെക്കുറിച്ച് പറഞ്ഞ ശേഷം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: 'ഹിന്ദു മഹാസഭ ഞങ്ങളെ പിന്തുണയ്ക്കുമോ?' അതിന് ഗണേഷ് ദാ മറുപടി പറഞ്ഞു: 'തീവണ്ടി സ്റ്റേഷന്‍ വിട്ടുപോയി. ഇനി അതിന് പിന്നാലെ മുടന്തി നടന്നിട്ട് എന്ത് കാര്യം... അവസരം നഷ്ടപ്പെട്ടു. ഇനി ഒന്നും ചെയ്യാനാവില്ല.'

ഗണേഷ് സവര്‍ക്കറില്‍ നിന്ന് നിരാശനായ ശേഷം, ആന്‍ഡമാനിലെ മറ്റൊരു സഹതടവുകാരനായ സചീന്ദ്രനാഥ് സന്യാലിനെ ചക്രവര്‍ത്തി കണ്ടുമുട്ടി. അദ്ദേഹം ചക്രവര്‍ത്തിയുടെ നിര്‍ദേശം ഉടന്‍ തന്നെ അംഗീകരിക്കുക മാത്രമല്ല, അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ചക്രവര്‍ത്തി തന്റെ ആത്മകഥയിലെ അതേ അധ്യായത്തില്‍ വിവരിക്കുന്ന ഈ കൂടിക്കാഴ്ചകള്‍, ഹിന്ദു മഹാസഭ, ആര്‍ എസ് എസ്, 'യഥാര്‍ഥ' വിപ്ലവകാരികള്‍ എന്നിവര്‍ സ്വാതന്ത്ര്യസമരത്തോട് പുലര്‍ത്തിയിരുന്ന സമീപനത്തിലെ വ്യത്യാസത്തെക്കുറിച്ച് ഏറെ കാര്യങ്ങള്‍ പറയുന്നു. രണ്ട് തവണ ആന്‍ഡമാനില്‍ തടവിലാക്കപ്പെട്ട സന്യാല്‍ ഈ ലക്ഷ്യത്തിനുള്ള പിന്തുണയില്‍ നിന്ന് പിന്നോട്ടുപോയില്ല. അതേസമയം ഹിന്ദുത്വ ആശയവാദികള്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഉടന്‍ തന്നെ പിന്മാറി.

ചക്രവര്‍ത്തിയുടെ കലാപപദ്ധതി ഒടുവില്‍ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ആത്മവീര്യം തളര്‍ന്നില്ല. അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ തുടര്‍ന്നും പോരാടി. കിഴക്കന്‍ ബംഗാളിലേക്ക് മടങ്ങിയ അദ്ദേഹം ധാക്ക അനുശീലന്‍ സമിതിയെ പുനഃസംഘടിപ്പിക്കാന്‍ തുടങ്ങി. 1940-ല്‍ ചിറ്റഗോങില്‍ നടന്ന ഒരു രാഷ്ട്രീയ സമ്മേളനത്തില്‍ പ്രസംഗിച്ചതിന് ആറാം തവണ അറസ്റ്റിലായി. 1946-ല്‍ മാത്രമാണ് അദ്ദേഹം മോചിതനായത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുകയും രാജ്യത്തെ ഇന്ത്യയും പാകിസ്താനും ആയി വിഭജിക്കുകയും ചെയ്ത ശേഷം, അന്ന് കിഴക്കന്‍ പാകിസ്താനിലായിരുന്ന (ഇന്നത്തെ ബംഗ്ലാദേശ്) സ്വന്തം നാട്ടില്‍ തന്നെ തുടരാന്‍ ചക്രവര്‍ത്തി തീരുമാനിച്ചു. അവിടെ അദ്ദേഹം പാകിസ്താന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ പങ്കാളിയായി. 1954-ല്‍ കിഴക്കന്‍ പാകിസ്താന്‍ പ്രവിശ്യാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അയൂബ് ഖാന്‍ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതോടെ പാകിസ്താന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ഇതോടെ ചക്രവര്‍ത്തിക്ക് സ്വന്തം ഗ്രാമത്തിലേക്ക് വിരമിക്കേണ്ടിവന്നു.

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി 1970-ല്‍ അദ്ദേഹം കൊല്‍ക്കത്തയിലേക്ക് പോയി. അവിടെനിന്ന് ഡല്‍ഹിയിലേക്ക് മാറ്റി. 1970 ആഗസ്റ്റ് 9-ന് ആ ഇതിഹാസ സ്വാതന്ത്ര്യസമര സേനാനി അന്ത്യശ്വാസം വലിച്ചു.

42 വര്‍ഷം നീണ്ട തന്റെ വിപ്ലവജീവിതത്തില്‍ ചക്രവര്‍ത്തി 30 വര്‍ഷം ജയിലില്‍ ചെലവഴിച്ചു. നിരവധി വര്‍ഷങ്ങള്‍ ഒളിവിലും കഴിഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരെ ധൈര്യത്തോടെ ശബ്ദമുയര്‍ത്തിയ ഇന്ത്യക്കാര്‍ക്ക് നേരിടേണ്ടിവന്ന എല്ലാത്തരം പീഡനങ്ങളും ഉപദ്രവങ്ങളും അദ്ദേഹം അനുഭവിച്ചു. എന്നിട്ടും സ്വാതന്ത്ര്യസമരത്തോടുള്ള തന്റെ പ്രതിബദ്ധതയില്‍ നിന്ന് അദ്ദേഹം ഒരിഞ്ചുപോലും പിന്നോട്ടുപോയില്ല. സ്വാതന്ത്ര്യത്തിനും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ മതനിരപേക്ഷവും സോഷ്യലിസ്റ്റുമായ ഒരു സമൂഹമാക്കി മാറ്റുന്നതിനുമായി അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ പോരാട്ടത്തിലായിരുന്നു. വിപ്ലവകാരികളുടെ ആദര്‍ശം അതായിരുന്നുവെന്ന് അദ്ദേഹം തന്റെ ആത്മകഥയില്‍ എഴുതുന്നു.


(ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ റിസര്‍ച്ച് സ്‌കോളറായിരുന്ന ഹര്‍ഷ് വര്‍ധന്റേയും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വെങ്കിടേശ്വര കോളജ് ചരിത്ര വിഭാഗം അധ്യാപകന്‍ പ്രബല്‍ ശരണ്‍ അഗര്‍വാളിന്റേയും ലേഖനത്തെ ആധാരമാക്കി തയ്യാറാക്കിയത്)