ഇന്ത്യന്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച സമീപകാല ജന്തര്‍ മന്തര്‍ പ്രക്ഷോഭം ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും ചില സൂചനകള്‍ നല്‍കുന്നുണ്ട്. പൂര്‍ണരൂപത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും, നഗരവത്ക്കരിക്കപ്പെട്ട നിസ്സംഗരായ യുവാക്കളില്‍ പുതിയ വിമത രാഷ്ട്രീയ ബോധം ഉദയം ചെയ്തുവെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നാണ് മുഖ്യധാരയിലെയും പുരോഗമന രാഷ്ട്രീയ മേഖലയിലെയും ഭൂരിഭാഗം നിരീക്ഷകരുടെയും വിലയിരുത്തല്‍.
പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട മോഡി സര്‍ക്കാരിന്റെ നയപരമായ പരാജയങ്ങളാണ് യുവാക്കളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചതെന്നും അവര്‍ കരുതുന്നു. ആദ്യം നിരാഹാര സമരത്തിലൂടെയും പിന്നീട് ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതക പ്രയോഗം, പെല്ലറ്റുകള്‍ എന്നിവയ്ക്കിടയിലും അവര്‍ സമരം തുടര്‍ന്നു. മോഡി സര്‍ക്കാറിന്റെ തുടര്‍ ഭരണത്തിനിടയില്‍ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയുടെ രാജിയിലേക്ക് നയിച്ച പ്രക്ഷോഭമുണ്ടാകുന്നത്.
വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള ഭരണകൂടം എന്നാണ് മോഡി സര്‍ക്കാറിനെ കുറിച്ച് ഇത്രയും കാലം പറഞ്ഞുറപ്പിച്ചിരുന്നത്. അവരില്‍ നിന്നും ഇത്തരമൊരു വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്നത് ശ്രദ്ധേയമായ കാര്യമാണ്.
പൊലീസ് അടിച്ചമര്‍ത്തല്‍ തുടരുന്നുണ്ടെങ്കിലും ഡല്‍ഹി, പട്ന, മുംബൈ എന്നിവിടങ്ങളിലെ തെരുവുകളില്‍ വിജയത്തിന്റെ അന്തരീക്ഷവും ആവേശവും പ്രകടമാണ്. ഒരു ദശാബ്ദത്തിലേറെയായി ആദ്യമായി മോഡിയുടെ അജയ്യ പ്രതിച്ഛായക്കേറ്റ മങ്ങലും വിള്ളലും കൂടിയാണിത്.
2019- 20 കാലയളവിലെ പൗരത്വ ഭേദഗതി നിയമം (സി എ എ), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) വിരുദ്ധ പ്രക്ഷോഭം സമീപകാല ദക്ഷിണേഷ്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയതും ദീര്‍ഘകാലം തുടര്‍ന്നതുമായ ജനകീയ മുന്നേറ്റങ്ങളിലൊന്നായിരുന്നു. മാസങ്ങളോളം നീണ്ടുനിന്ന ആ പ്രക്ഷോഭത്തിന് അന്ന് മുന്നില്‍നിന്നിരുന്ന മുസ്ലിംകളില്‍ ഒരു വിഭാഗത്തെ ഇന്ത്യന്‍ പൗരത്വത്തില്‍നിന്ന് പുറത്താക്കുമെന്ന ഭീഷണി തടയാന്‍ കഴിഞ്ഞുവെന്ന് പറയാം. എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍ നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ മാത്രമേ പ്രക്ഷോഭത്തിന് കഴിഞ്ഞുള്ളു എന്ന് മനസ്സിലാക്കാനാവും.
പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ എളുപ്പത്തില്‍ പാസായി. അഞ്ച് വര്‍ഷം തികയുന്നതിന് മുമ്പേ ദേശീയ പൗരത്വ രജിസ്റ്റര്‍ മറ്റൊരു രൂപത്തില്‍ തിരിച്ചെത്തുകയും ചെയ്തു. വോട്ടര്‍പട്ടികകളുടെ പ്രത്യേക തീവ്രപരിശോധനയായ എസ് ഐ ആര്‍ എന്നാണ് അതിനെ പേരിട്ടു വിളിച്ചത്. പ്രധാനമായും മുസ്ലിംകളില്‍പ്പെട്ട ദശലക്ഷക്കണക്കിന് ആളുകളെ എസ് ഐ ആറിലൂടെ ഫലത്തില്‍ രണ്ടാംതരം പൗരന്മാരാക്കി മാറ്റാന്‍ മോഡി സര്‍ക്കാറിന്ും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സാധിച്ചു. വരും മാസങ്ങളിലും വര്‍ഷങ്ങളിലും കൂടുതല്‍ ആളുകള്‍ ഈ വിഭാഗത്തിലേക്ക് തള്ളപ്പെടുമെന്നു തന്നെയാണ് ലഭ്യമാകുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്.
സി എ എ, എന്‍ ആര്‍ സി വിരുദ്ധ പ്രതിഷേധങ്ങള്‍ ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ സമാധാനപരമായിരുന്നുവെങ്കിലും ഭരണകൂടം അതിനെതിരെ നിയന്ത്രണമില്ലാത്ത ശക്തിപ്രയോഗമാണ് നടത്തിയത്. പൊലീസ് നടപടിയില്‍ 23 മുസ്ലിംകള്‍ കൊല്ലപ്പെട്ടു. 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപമായിരുന്നു അതിന്റെ അവസാനഘട്ട പ്രതികരണം. കൊല്ലപ്പെട്ട 53 പേരില്‍ മൂന്നില്‍ രണ്ടുപേരും മുസ്ലിംകളായിരുന്നു. ആ പ്രക്ഷോഭകാലത്ത് ഉയര്‍ന്നുവന്ന വിദ്യാര്‍ഥി നേതാക്കളും പ്രവര്‍ത്തകരും ഇന്നും വിചാരണപോലുമില്ലാതെ ജയിലുകളില്‍ കഴിയുകയാണ്. പ്രക്ഷോഭത്തിന്റെ വ്യാപ്തിയും ശക്തിയും എത്ര വലുതായിരുന്നിട്ടും ഭരണകൂടത്തില്‍നിന്ന് നയപരമായ ഒരു പുനഃപരിശോധന നേടാന്‍ അതിന് കഴിഞ്ഞില്ല.
ആദിവാസി ഭൂമി അവകാശ പ്രസ്ഥാനങ്ങള്‍ക്കും സമാനമായ പരാജയങ്ങളാണ് നേരിടേണ്ടിവന്നത്. ആഴ്ചകളോ വര്‍ഷങ്ങളോ അല്ല, പതിറ്റാണ്ടുകളായി തുടരുന്ന ഭൂമി കവര്‍ന്നെടുക്കുന്നതിനെതിരായ എതിര്‍പ്പുകള്‍ക്ക് ഭരണകൂടം നല്‍കിയത് ചെറുത്തുനില്‍പ്പിനെത്തന്നെ കുറ്റകരമാക്കുന്ന നടപടികളാണ്. പ്രതിഷേധക്കാരെ 'മാവോയിസ്റ്റ് അനുഭാവികള്‍' എന്ന് മുദ്രകുത്തുകയും വിയോജിപ്പിനെ നേരിടുന്നതിനുപകരം കലാപത്തെ നേരിടാന്‍ രൂപകല്‍പ്പന ചെയ്ത നിയമങ്ങള്‍ ഉപയോഗിച്ച് അവരുടെ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്തു.
2006 ജനുവരി 2ന് ഒഡിഷയിലെ കലിംഗനഗറില്‍, തങ്ങളുടെ ഭൂമിയില്‍ ടാറ്റ സ്റ്റീല്‍ പ്ലാന്റ് നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്ന ഏകദേശം 800 മുണ്ട ആദിവാസികള്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ത്തു. മൂന്ന് സ്ത്രീകളും 12 വയസ്സുള്ള ഒരു ബാലനും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. പിന്നീട് പൊലീസ് മൃതദേഹങ്ങളോട് ക്രൂരമായി പെരുമാറുകയും മരിച്ചവരുടെ കൈപ്പത്തികള്‍ മുറിച്ചുമാറ്റുകയും ചെയ്തു. പിന്നീട് നടത്തിയ സര്‍ക്കാര്‍ അന്വേഷണത്തില്‍ വെടിവയ്പ്പ് ന്യായീകരിക്കാവുന്നതാണെന്നും സ്വയരക്ഷയുടെ ഭാഗമായി നടത്തിയതാണെന്നും കണ്ടെത്തി. ഇതുവരെ ആരെയും പ്രോസിക്യൂട്ട് ചെയ്തിട്ടില്ല.
2012 ജൂണ്‍ 28ന് സാര്‍ക്കേഗുഡയില്‍, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സും (സി ആര്‍ പി എഫ്) ഛത്തീസ്ഗഢ് പൊലീസും ചേര്‍ന്ന് ബിജാപൂര്‍ ജില്ലയില്‍ 17 ആദിവാസികളെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഏഴുപേര്‍ കുട്ടികളായിരുന്നു. ഇവരെയെല്ലാം മാവോയിസ്റ്റുകളെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരെന്നും ഉടന്‍ തന്നെ അധികൃതര്‍ വിശേഷിപ്പിച്ചു. എന്നാല്‍ ഏഴ് വര്‍ഷം നീണ്ടുനിന്ന ജുഡീഷ്യല്‍ അന്വേഷണത്തിനുശേഷം പ്രസ്തുത ഏറ്റുമുട്ടല്‍ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി.
ഓപ്പറേഷന് നേതൃത്വം നല്‍കിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു വെടിയുണ്ട പോലും ഉതിര്‍ത്തിരുന്നില്ലെന്നും പിന്നീട് വ്യക്തമായി. അതിനര്‍ഥം അവര്‍ യഥാര്‍ഥത്തില്‍ ആക്രമിക്കപ്പെട്ടിരുന്നില്ലെന്നും കൊല്ലപ്പെട്ടവരെ വളരെ അടുത്തുനിന്നാണ് വെടിവെച്ചതെന്നുമായിരുന്നു.
ഓപ്പറേഷന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന് പുരസ്‌കാരം ലഭിക്കുകയും സി ആര്‍ പി എഫ് അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെ രണ്ട് ഗ്രാമങ്ങളിലെയും ജനങ്ങള്‍ ഭയക്കുകയും വലിയ ജനവിഭാഗം സമീപ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്തു. അതോടെ അവരുടെ കൃഷിയിടങ്ങള്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ഈ സംഭവത്തെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത് പ്രദേശത്ത് ആയിരത്തിലേറെ പേര്‍ 'ഏറ്റുമുട്ടലുകളില്‍' കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. ഇത്തരം ഏറ്റുമുട്ടലുകള്‍ പതിവായി കെട്ടിച്ചമയ്ക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകളും ഗ്രാമവാസികളും ആരോപിക്കുന്നു.
മുസ്ലിംകളും ആദിവാസികളും പരാജയപ്പെട്ട സമരങ്ങള്‍ നടത്തിയപ്പോഴാണ് 'കോക്രോച്ചുകള്‍' വിജയം വരിച്ചിരിക്കുന്നത്.
ധര്‍മേന്ദ്ര പ്രധാന്റെ രാജിയെ മുഖ്യധാരാ രാഷ്ട്രീയ നിരീക്ഷകര്‍ നിരീക്ഷിക്കുന്നത് ഇന്ത്യന്‍ സിവില്‍ സമൂഹത്തിന് ഇപ്പോഴും ഭരണകൂടത്തിന്റെ അധികാരത്തെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ടെന്നതിന്റെയും തെരുവുകള്‍ക്ക് സര്‍ക്കാരിനെ ഉത്തരവാദിത്തത്തിലേക്ക് കൊണ്ടുവരാനുള്ള ശക്തി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതിന്റെയും തെളിവുകളായാണ്. എന്നാല്‍ ഇതിനെ മറ്റൊരു വീക്ഷണ കോണിലൂടെ കാണുമ്പോഴാണ് യാഥാര്‍ഥ്യം തിരിച്ചറിയാനാവുക.
ഹിന്ദു മധ്യവര്‍ഗത്തിനിടയിലെ അസ്വസ്ഥത തുടര്‍ന്നാല്‍ ഉണ്ടാകുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയ- പ്രതിച്ഛായാ നഷ്ടവും ഒരു മന്ത്രിയെ നഷ്ടപ്പെടുന്നതിന്റെ വിലയും തുലനം ചെയ്താണ് ബി ജെ പി ധര്‍മേന്ദ്ര പ്രധാനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതെന്നതാണ് യാഥാര്‍ഥ്യം. ഒരു ദശാബ്ദത്തിലേറെയായി അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ആധിപത്യത്തിന്റെ പ്രധാന കേന്ദ്രമായി തുടരുന്ന സാമൂഹിക അടിത്തറയുടെ വിശ്വസ്തത നഷ്ടപ്പെടുത്തുന്നത് വില കല്‍പ്പിക്കാനാവാത്ത നഷ്ടമുണ്ടാക്കുമെന്ന് പാര്‍ട്ടി വിലയിരുത്തി. അതുകൊണ്ടാണ് പ്രധാന്‍ രാജിവെക്കേണ്ടിവന്നത്.
ആദിവാസികളുടെ ഭൂമി അവകാശവാദങ്ങള്‍ക്ക് ഇതേ രീതിയിലുള്ള ഇളവുകള്‍ ഒരിക്കലും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം, ഭരണകൂടത്തിന്റെ രാഷ്ട്രീയ കണക്കുകൂട്ടലില്‍ ആദിവാസികള്‍ക്ക് അതേ സ്വാധീനമോ നിയമസാധുതയോ ഇല്ല. പൗരത്വത്തിന്റെ പദവിക്രമത്തില്‍ അവര്‍ ഏറ്റവും താഴെയാണ്. നിര്‍ണായകമായ സ്വിങ് വോട്ട് എന്ന നിലയില്‍ അവര്‍ക്ക് വലിയ പ്രാധാന്യമില്ല. തലസ്ഥാന നഗരത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശേഷിയില്ല. ഭരണകൂടത്തിന് പ്രധാനപ്പെട്ട രാഷ്ട്രീയ സംവിധാനങ്ങളെ തടസ്സപ്പെടുത്താനുള്ള ശേഷിയും അവര്‍ക്കില്ല. ഒരര്‍ഥത്തില്‍ അവര്‍ അദൃശ്യരാണ്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകളില്‍ മാറ്റമുണ്ടാകുന്നില്ല.
ധാര്‍മിക സമ്പദ്വ്യവസ്ഥ എന്നത് അല്‍പം വ്യത്യസ്തമായ ഒരു കറന്‍സിയാണ്. ഭരണാധികാരികളും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള പരസ്പര ഉത്തരവാദിത്തത്തെക്കുറിച്ചുള്ള പൊതുവായ മാനദണ്ഡപരമായ ധാരണയാണ് ധാര്‍മിക സമ്പദ്വ്യവസ്ഥ. ഭരണകൂടം ഈ ധാരണ ലംഘിച്ചതാണ് നിസ്സംഗരായിരുന്ന ഹിന്ദു മധ്യവര്‍ഗത്തെ തെരുവിലിറക്കിയത്.
വര്‍ഷങ്ങളായി മുസ്ലിംകള്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും നേരെയുള്ള രക്തച്ചൊരിച്ചിലും ഘടനാപരമായ അതിക്രമങ്ങളും ഈ വിഭാഗത്തെ നിസ്സംഗതയില്‍നിന്ന് പുറത്തുകൊണ്ടുവന്നിരുന്നില്ല. എന്നാല്‍ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ തങ്ങളുടെ ഭാവി സാധ്യതകള്‍ അപകടത്തിലായെന്നറിഞ്ഞപ്പോള്‍ തെരുവിലേക്കിറങ്ങുകയായിരുന്നു. അവരെ നയിക്കുന്ന ധാര്‍മിക ബോധത്തെക്കുറിച്ച് ഇത് ഏറെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു.
നീറ്റ് പ്രതിഷേധക്കാര്‍ പൗരത്വ പദവിക്രമത്തിന്റെ ഏറ്റവും മുകളിലാണ്. അഴിമതി മൂലം 'മെറിറ്റ്' വഞ്ചിക്കപ്പെട്ടു എന്ന അവരുടെ പരാതി, ഹിന്ദു മധ്യവര്‍ഗവും ഭരണകൂടവും നേരത്തേ തന്നെ അംഗീകരിക്കുന്ന ഒരു ധാര്‍മിക സമ്പദ്വ്യവസ്ഥയുടെ പരിധിക്കുള്ളിലായതിനാല്‍, ഭരണകൂടം അവരെ നിയമസാധുതയുള്ള അവകാശവാദികളായി അംഗീകരിക്കുകയായിരുന്നു.
അതേസമയം, പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച മുസ്ലിംകള്‍ക്ക് അതേ അംഗീകാരം ലഭിച്ചില്ല. കാരണം, ആധിപത്യം പുലര്‍ത്തുന്ന ധാര്‍മിക സമ്പദ്വ്യവസ്ഥ അവരെ കാണുന്നത് നീതി ലഭിക്കേണ്ട സമൂഹത്തിന് പുറത്തുള്ളവര്‍ എന്ന രീതിയിലാണ്.
ജനകീയ ധാരണയില്‍ മുസ്ലിംകളും ആദിവാസികളും ഇന്ത്യന്‍ ഭരണകൂടവുമായുള്ള സാമൂഹിക കരാറിന് പുറത്തുള്ളവരായാണ് ചിത്രീകരിക്കപ്പെടുന്നത്. അതുകൊണ്ട് അവരുടെ പരാതികള്‍ നിയമസാധുതയില്ലാത്തതും പരിഹരിക്കപ്പെടാന്‍ അര്‍ഹതയില്ലാത്തതുമായാണ് കാണുന്നത്.
ഇതുകൊണ്ടാണ് മുസ്ലിംകളെ പൗരത്വമില്ലാത്തവരാക്കി മാറ്റുന്ന നിയമത്തിനെതിരെ അവര്‍ പ്രതിഷേധിക്കുമ്പോഴും, ആദിവാസികള്‍ തങ്ങളുടെ ഭൂമി കവര്‍ന്നെടുക്കുന്നതിനെതിരെ സമരം ചെയ്യുമ്പോഴും അവരെ നേരിടാന്‍ തോക്കുകളും വെടിയുണ്ടകളും ടാങ്കുകളും ലാത്തികളും ഉപയോഗിക്കുന്നത്. എന്നിട്ടും രാഷ്ട്രീയ ഭരണകൂടത്തില്‍ അതിന്റെ പ്രതിഫലനം വളരെ കുറവാണ്.
എന്നാല്‍ ഉയര്‍ന്ന- മധ്യവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കളുടെ മിതമായ ഒരു പ്രതിഷേധം ഒരു മാസത്തിലേറെക്കുറച്ച് സമയത്തിനുള്ളില്‍ അധികാരത്തിലിരിക്കുന്ന ഒരു കേന്ദ്രമന്ത്രിയുടെ രാജിയിലേക്ക് നയിക്കുകയും ചെയ്തു. ഇവരുടെ എതിര്‍പ്പുകള്‍ നിയമസാധുതയുള്ളതായി കണക്കാക്കപ്പെടുന്നു; മറ്റുള്ളവരുടെ എതിര്‍പ്പുകളാകട്ടെ രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ആക്രമണമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
പ്രധാന്‍ രാജിവെച്ചത് പ്രതിഷേധങ്ങളെ തിരിച്ചറിയുന്നതിലെ വ്യത്യസ്ത രാഷ്ട്രീയ- ധാര്‍മിക സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്നില്ല. മറിച്ച് അതിനെ പുനഃസൃഷ്ടിക്കുകയും വീണ്ടും നിയമസാധുത നല്‍കുകയും ചെയ്യുന്നു.
ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു എന്നതുകൊണ്ട് മാത്രം ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തെ ആകെ ബാധിക്കുന്ന ഘടനാപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. ഹിന്ദു രാഷ്ട്രം എന്ന സര്‍ക്കാരിന്റെ അടിസ്ഥാന പദ്ധതിയെ നീറ്റ് പ്രതിഷേധങ്ങള്‍ ലക്ഷ്യമിട്ടിരുന്നില്ല. അടിസ്ഥാനപരമായി, ഇതിനകം തന്നെ ആ സംവിധാനത്തിന്റെ ഭാഗമായിരിക്കുന്നവര്‍ക്കുവേണ്ടി ആ സംവിധാനം ശരിയായി പ്രവര്‍ത്തിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്.
മുഖ്യധാരാ രാഷ്ട്രീയ നിരീക്ഷകര്‍ ഭരണകൂടത്തിന്റെ ഈ അറ്റകുറ്റപ്പണിയെ അതിന്റെ അധികാരഘടനയില്‍ ഉണ്ടായ വിള്ളലായി തെറ്റിദ്ധരിച്ചു.
പ്രധാന്‍ രാജിവെച്ചതിലൂടെ, പ്രതിഷേധം വിജയിച്ചത് പ്രതിഷേധക്കാര്‍ക്കുവേണ്ടിയല്ല, ഭരണകൂടത്തിനുവേണ്ടിയാണ് എന്ന അവസ്ഥയാണ് സൃഷ്ടിച്ചത്. വര്‍ധിച്ചുവരുന്ന അസംതൃപ്തിയുടെ ഘട്ടത്തില്‍ അത് ഭരണകൂടത്തിന് നിയമസാധുത സൃഷ്ടിക്കുകയായിരുന്നു. അതിനാകട്ടെ ഭരണകൂടത്തിന് വലിയ വില നല്‍കേണ്ടിയും വന്നില്ല.
നീറ്റ് പ്രതിഷേധക്കാരോട് വിട്ടുവീഴ്ച ചെയ്യുന്നതിലൂടെ യഥാര്‍ഥത്തില്‍ ഭരണകൂടത്തിന് ഒന്നും നഷ്ടപ്പെടുന്നില്ല.
പ്രധാന്റെ രാജി നല്‍കുന്ന സൂചന സര്‍ക്കാര്‍ വരച്ച അതിര്‍ത്തി എത്രത്തോളം ശക്തമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതിനുള്ള തെളിവാണ്; അല്ലാതെ എത്രത്തോളം മറികടക്കാന്‍ കഴിയുന്നതാണ് എന്നതിന്റെ തെളിവല്ല.
