വാഷിങ്ടൺ: ഇന്ത്യ-അമേരിക്ക വ്യാപാരബന്ധത്തെച്ചൊല്ലിയുള്ള തർക്കം സാമ്പത്തിക ചർച്ചകളിൽനിന്ന് വ്യക്തിപരമായ വാക്‌പോരിലേക്കും സോഷ്യൽ മീഡിയ ഏറ്റുമുട്ടലിലേക്കും നീങ്ങുകയാണ്. വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ ഇന്ത്യയെക്കുറിച്ചുള്ള തുടർച്ചയായ വിമർശനങ്ങളാണ് ഇതിന് പ്രധാന കാരണം.
ഇന്ത്യ റഷ്യയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നതും രാജ്യത്തെ ഉയർന്ന ഇറക്കുമതി തീരുവയുമാണ് നവാരോയുടെ പ്രധാന വിമർശനവിഷയങ്ങൾ. ഇന്ത്യ-റഷ്യ വ്യാപാരത്തെ പരാമർശിച്ച് 'ബ്രാഹ്മണർ ലാഭം കൊയ്യുന്നു' എന്ന അദ്ദേഹത്തിന്റെ പരാമർശം ഇന്ത്യയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സാമ്പത്തിക നയത്തെ ജാതീയ പരാമർശങ്ങളുമായി ബന്ധിപ്പിച്ചതാണ് വിമർശനത്തിന് ആക്കം കൂട്ടിയത്.
തുടർന്ന് ഇന്ത്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾ നവാരോയുടെ വാദങ്ങളെ ശക്തമായി ചോദ്യം ചെയ്തു. മീമുകളും പരിഹാസങ്ങളും മാത്രമല്ല, എക്‌സിലെ Communtiy Notes വഴിയും അദ്ദേഹത്തിന്റെ ചില അവകാശവാദങ്ങൾ ചോദ്യം ചെയ്യപ്പെട്ടു. ഇതിനെ 'ഓൺലൈൻ ആക്രമണം' എന്ന രീതിയിൽ വിശേഷിപ്പിച്ചതോടെ തർക്കം കൂടുതൽ രൂക്ഷമായി.
എന്നാൽ ഇതിന്റെ പിന്നിൽ വ്യക്തിപരമായ സോഷ്യൽ മീഡിയ പോരാട്ടത്തേക്കാൾ വലിയ സാമ്പത്തിക താൽപര്യങ്ങളുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യയെ സമ്മർദത്തിലാക്കുക എന്നത് യുഎസ് നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. അതേസമയം, കുറഞ്ഞ വിലയിലുള്ള റഷ്യൻ എണ്ണ ഇന്ത്യയുടെ ഊർജസുരക്ഷയ്ക്കും ഇറക്കുമതി ചെലവ് നിയന്ത്രിക്കാനും സഹായിക്കുന്നതാണ്.
ഇന്ത്യയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമ്പോഴും പ്രസിഡന്റ് ഡോണൾഡ് ട്രംപിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മികച്ച ബന്ധമാണെന്ന് നവാരോ തന്നെ പറയുന്നത് ശ്രദ്ധേയമാണ്. അതിനാൽ നവാരോയുടെ പരാമർശങ്ങളെ മുഴുവൻ യുഎസ് സർക്കാരിന്റെ ഔദ്യോഗിക നിലപാടായി കാണുന്നത് ശരിയല്ല.
പ്രധാന ചോദ്യം വ്യാപാരബന്ധം എവിടേക്ക് പോകുമെന്നതാണ്. തീരുവ, റഷ്യൻ എണ്ണ, വിപണി പ്രവേശനം തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ചർച്ച തുടരുന്നതിനിടെ ഇത്തരം കടുത്ത പരാമർശങ്ങൾ നയതന്ത്ര അന്തരീക്ഷത്തെ സങ്കീർണമാക്കാം. എന്നാൽ ഇന്ത്യ–അമേരിക്ക ബന്ധത്തിന്റെ വലുപ്പം കണക്കിലെടുക്കുമ്പോൾ, സോഷ്യൽ മീഡിയയിലെ വാക്‌പോരിനേക്കാൾ വ്യാപാര ചർച്ചകളിലെ യഥാർഥ തീരുമാനങ്ങളായിരിക്കും ബന്ധത്തിന്റെ ഭാവി നിർണയിക്കുക.
നവാരോയുടെ ഇന്ത്യാ പരാമർശങ്ങൾ: വ്യാപാര തർക്കം സോഷ്യൽ മീഡിയ പോരിലേക്കും
