കോഴിക്കോട്: ഭാര്യയെ പ്രസവത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച യുവാവിനെ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി വിനു പ്രസാദ് (27) ആണ് മരിച്ചത്. കായക്കൊടി-കുറ്റിയാടി റൂട്ടിൽ ജീപ്പ് ഡ്രൈവറായിരുന്നു.
ഭാര്യയെ മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവത്തിനായി എത്തിച്ചശേഷം തിങ്കളാഴ്ച രാത്രി വിനു ജീപ്പിൽ വിശ്രമിക്കാൻ പോയിരുന്നു. ചൊവ്വാഴ്ച വിനുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെ എട്ടോടെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണകാരണം വ്യക്തമായിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.
ഭാര്യയെ പ്രസവത്തിന് എത്തിച്ച യുവാവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
