പെൻസിൽവേനിയ: ഒരു വേദി, ഒരു മണിക്കൂറിന്റെ ഇടവേള, ഒരു പരിപാടിയിൽ പിറന്നത് രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ. കേരളത്തിന്റെ നൃത്തവാദ്യ പാരമ്പര്യങ്ങളെ ലോകവേദിയിൽ അടയാളപ്പെടുത്തി പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ടിൽ നടന്ന ഫൊക്കാന അന്താരാഷ്ട്ര കൺവൻഷൻ ചരിത്രം സൃഷ്ടിച്ചത്. ആയിരത്തിലേറെ നർത്തകർ ഒരേ വേദിയിൽ അണിനിരന്ന മോഹിനിയാട്ടവും അഞ്ഞൂറിലേറെ കലാകാരന്മാർ പങ്കെടുത്ത ചെണ്ടമേളവുമാണ് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയത്. ഒരു മണിക്കൂറിനിടെയായിരുന്നു രണ്ട് കലാരൂപങ്ങളുടെയും അരങ്ങേറ്റം. ഒരേ കൺവൻഷനിൽ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് വ്യത്യസ്ത കേരളീയ കലാരൂപങ്ങൾ ലോക റെക്കോർഡ് നേട്ടത്തിലെത്തിയത് ഫൊക്കാന കൺവൻഷന്റെ ചരിത്രത്തിലെ അപൂർവ അധ്യായമായി.
കേരളത്തിന്റെ മേളപ്പെരുമയായിരുന്നു ആദ്യം കൽഹാരി വേദിയിൽ മുഴങ്ങിയത്. നൂറുകണക്കിന് ചെണ്ടകൾ ഒരേ താളത്തിൽ മുഴങ്ങിയപ്പോൾ അമേരിക്കൻ മണ്ണ് കേരളത്തിലെ ഉത്സവവേദിയായി മാറി. അതിനു പിന്നാലെ, ആയിരത്തിലേറെ നർത്തകർ ഒരേ വേദിയിൽ മോഹിനിയാട്ടത്തിനായി ചുവടുവെച്ചെത്തി. മോഹിനിയാട്ടത്തിൽ സഹസ്രദളങ്ങൾ വിടർന്നതുപോലെ നർത്തകർ ഒരേ താളത്തിൽ ചുവടുവച്ചപ്പോൾ, അമേരിക്കൻ മണ്ണിൽ വിരിഞ്ഞത് കേരളത്തിന്റെ ലാസ്യസൗന്ദര്യത്തിന്റെ അപൂർവ ദൃശ്യവിസ്മയമായിരുന്നു. അമേരിക്കയിലെയും കാനഡയിലെയും വിവിധ ഭാഗങ്ങളിൽ നിന്നായി ദൂരം മറന്ന് എത്തിയ ആയിരത്തിലേറെ നൃത്തോപാസകരാണ് ചരിത്രപരമായ ഈ അവതരണത്തിന്റെ ഭാഗമായത്. ഈ ചരിത്രശ്രമത്തിന്റെ പ്രധാന ശില്പികളിലൊരാളായ ഗുരു ബീനാ മേനോന്റെ നേതൃത്വത്തിൽ മാസങ്ങളോളം നീണ്ട പരിശീലനത്തിനും കൊറിയോഗ്രഫിയിലൂടെയുമാണ് ആയിരത്തിലേറെ നർത്തകർ ചുവടുകളും മുദ്രകളും ഭാവങ്ങളും ഒരേ താളത്തിൽ ഏകോപിപ്പിക്കാനായത്.
നിമ്മി ദാസ്, നിമ്മി ബാബു, ബിന്ധ്യ ശബരി, ദേവിക നായർ, ലിസ ജോസഫ്, ലതിക നായർ, ജെയിൻ തെരേസ, ബാബ അശ്വതി അരുൺ, ബേസിൽ കാളഹർട്‌സ്, ബേബി തടവനാൽ, ആശ അഗസ്റ്റിൻ, മാലിനി നായർ, നീന ഫിലിപ്പ്, സൗയ്മാ, ചന്ദ്രിക കുറുപ്പ്, ലക്ഷ്മി കുറുപ്പ്, അഞ്ജന പ്രദീപ്, പ്രിയ ലൂയിസ്, ജോജോ കൊട്ടാരക്കര, സുഷമ പ്രവീൺ, മേരിയാൻ മൈക്കിൾ, സുജിത് തോന്നാറിൽ, റുബീന സുദർശൻ, അപർണ ചാറ്റർജി തുടങ്ങി നിരവധി അധ്യാപകരും നൃത്തവിദ്യാലയങ്ങളും പരിശീലനത്തിന്റെയും ഏകോപനത്തിന്റെയും ഭാഗമായി. കോട്ടയം ലക്ഷ്മി സിൽക്‌സ് സമർപ്പിച്ച പരമ്പരാഗത കേരളീയ വേഷവിധാനങ്ങളുടെ പ്രൗഢിയിലായിരുന്നു നർത്തകർ അരങ്ങിലെത്തിയത്.
കേരളത്തിന്റെ മേളപാരമ്പര്യത്തെ അമേരിക്കൻ മലയാളികളുടെ മഹാസംഗമത്തിന്റെ വേദിയിൽ ലോകശ്രദ്ധയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയ ബൃഹത് ചെണ്ടപ്പഞ്ചാരിമേളത്തിൽ അഞ്ഞൂറിലേറെ കലാകാരന്മാരാണ് അണിനിരന്നു. വാദ്യകലാ ആചാര്യൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരോടൊപ്പം കലാമണ്ഡലം ശിവദാസ് ആശാനും കലാനിലയം കലാധരൻ ആശാനും ഉൾപ്പെടെ നിരവധി പ്രമുഖ ഗുരുക്കന്മാർ ഈ മഹാസംരംഭത്തിന്റെ ഭാഗമായി. മേളത്തിന്റെ ചീഫ് കോർഡിനേറ്ററായി മനോജ് വട്ടപ്പള്ളി പ്രവർത്തിച്ചു.
അഞ്ഞൂറിലേറെ കലാകാരന്മാരെ ഒരേ താളത്തിലേക്കും ഒരേ മേളക്രമത്തിലേക്കും കൊണ്ടുവരിക എന്നത് വലിയ സംഘാടന ദൗത്യമായിരുന്നു. അമേരിക്കയിലും കാനഡയിലുമായി മാസങ്ങളോളം നടന്ന പരിശീലന ക്യാമ്പുകൾ ഈ മഹാമേളത്തിന്റെ അടിത്തറയിട്ടു. വിവിധ പ്രാദേശിക ചെണ്ടസംഘങ്ങളും ഗുരുക്കന്മാരും തങ്ങളുടെ ശിഷ്യരെ പരിശീലിപ്പിച്ച് ഗിന്നസ് വേദിക്കായി സജ്ജരാക്കി. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെയും കലാമണ്ഡലം ശിവദാസ് ആശാന്റെയും നേതൃത്വത്തിൽ ചെണ്ടകൾ ഒരുമിച്ച് മുഴങ്ങിയപ്പോൾ കൽഹാരി വേദി താളപ്രപഞ്ചമായി മാറി. ഓരോ ചെണ്ടയുടെയും നാദം മറ്റൊന്നിനോട് ചേർന്ന് ഉയർത്തിയ മേളപ്പെരുക്ക് കാണികളെ ആവേശത്തിലാഴ്ത്തി. കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെയും പൂരങ്ങളുടെയും ഓർമകൾ അമേരിക്കൻ മണ്ണിലേക്ക് പകരുന്നതായിരുന്നു ആ നിമിഷം. ചെണ്ടമേളത്തിന്റെ ഗിന്നസ് നേട്ടത്തിന് പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ മോഹിനിയാട്ടവും ലോക റെക്കോർഡ് സ്വന്തമാക്കിയതോടെ കൽഹാരി വേദി അപൂർവമായ ഇരട്ട ഗിന്നസ് വിജയത്തിന് സാക്ഷിയായി.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ മഹാസംരംഭത്തിന്റെ ഒരുക്കങ്ങൾ. എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ കമ്മിറ്റികളും പ്രാദേശിക സംഘടനകളും ഗുരുക്കന്മാരും പരിശീലകരും കലാകാരന്മാരും നൂറുകണക്കിന് സന്നദ്ധപ്രവർത്തകരും കൈകോർത്താണ് രണ്ട് ഗിന്നസ് നേട്ടങ്ങളും യാഥാർത്ഥ്യമാക്കിയത്. പ്രവാസത്തിന്റെ ഭൂമിശാസ്ത്രപരമായ അകലം മറികടന്ന് കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പുതിയ തലമുറയിലേക്ക് കൈമാറുന്നതിനുള്ള ശക്തമായ വേദിയായും ഈ ഇരട്ട ഗിന്നസ് നേട്ടം മാറി.
ഒരു വേദിയിൽ രണ്ട് ഗിന്നസ് റെക്കോർഡുകൾ; ചരിത്രമായി ഫൊക്കാന കൺവെൻഷൻ
