ഇറാന്റെ ഭീഷണി; തുർക്കി സന്ദർശനത്തിനിടെ ട്രംപിന്റെ വിമാനം മാറ്റി, കൊണ്ടുപോയത് വിമാനത്തിൽ ഘടിപ്പിച്ച ഫുഡ് കാർട്ടിൽ

ഇറാന്റെ ഭീഷണി; തുർക്കി സന്ദർശനത്തിനിടെ ട്രംപിന്റെ വിമാനം മാറ്റി, കൊണ്ടുപോയത് വിമാനത്തിൽ ഘടിപ്പിച്ച ഫുഡ് കാർട്ടിൽ


വാഷിം​ഗ്ടൺ: ഈ മാസം ആദ്യം നടത്തിയ തുർക്കി സന്ദർശനത്തിന് ശേഷം മടങ്ങുന്നതിനിടെ, ഇറാൻ അനുകൂല സൈന്യത്തിൽ നിന്നുണ്ടായ ഭീഷണിയെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ വിമാനം മാറ്റിയതായി റിപ്പോർട്ട്. അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കുമ്പോഴാണ് ഈ ഭീഷണിയെക്കുറിച്ചുള്ള വിവരം പുറത്തുവന്നതെന്ന് 'ന്യൂയോർക്ക് ടൈംസി'ന്റെ റിപ്പോർട്ടിൽ പറയുന്നു. ഖത്തർ സമ്മാനിച്ച പുതിയ ബോയിംഗ് 747-8 വിമാനത്തിലാണ് അദ്ദേഹം അവിടെ എത്തിയത്. എന്നാൽ, മടങ്ങുമ്പോൾ അതിനുപകരം പഴയ 'എയർ ഫോഴ്സ് വൺ' വിമാനത്തിൽ യാത്ര ചെയ്യാൻ സീക്രട്ട് സർവീസ് അദ്ദേഹത്തോട് നിർദ്ദേശിക്കുകയായിരുന്നു. 

അതീവ സുരക്ഷ കണക്കിലെടുത്ത് വിമാനത്തിൽ ഘടിപ്പിച്ച ഫുഡ് കാർട്ടിലാണ് കൊണ്ടുപോയതെന്നും റിപ്പോർട്ടിൽ ഫറയുന്നു. ഇളം നീല നിറം പൂശിയ ആ പഴയ ജെറ്റിൽ പറന്നുപോകുന്നതിന് പകരം, വിമാനത്തിന്റെ അടിഭാഗത്ത് ഘടിപ്പിച്ചിരുന്ന ഒരു ഭക്ഷണ വണ്ടിയിലാണ് ട്രംപിനെ കൊണ്ടുപോയതെന്നും തുടർന്ന് കാറിൽ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും, അതിൽ രഹസ്യമായി യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ചെയ്യുകയുമായിരുന്നുവെന്നും ഇക്കാര്യമറിയാവുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

പുതിയതായി ലഭിച്ച ബോയിംഗ് 747-8 വിമാനത്തിനായിരുന്നില്ല, മറിച്ച് ട്രംപിനെയും അദ്ദേഹം സഞ്ചരിക്കുന്ന ഏത് വിമാനത്തെയുമാണ് ഈ ഭീഷണി ലക്ഷ്യമിട്ടിരുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിമാനം മാറ്റാനുള്ള തീരുമാനത്തെ തുടക്കത്തിൽ ഒരു സാധാരണ നടപടിയായി വൈറ്റ് ഹൗസ് വിശേഷിപ്പിച്ചെങ്കിലും, ഇറാനുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളാണ് ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ബ്രിട്ടനിൽ വിന്യസിച്ചിരിക്കുന്ന യുഎസ് സൈനികർക്ക് പുതിയ വിമാനം കാണാനുള്ള അവസരമൊരുക്കാനാണ് വിമാനം മാറ്റുന്നതെന്നായിരുന്നു അന്ന് ട്രംപ് പരസ്യമായി പറഞ്ഞിരുന്നത്. സുരക്ഷാ കാരണങ്ങളാലാണ് ഈ തീരുമാനമെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.

അതേസമയം, ഖത്തർ സംഭാവന ചെയ്ത ബോയിംഗ് 747-8 വിമാനത്തെക്കുറിച്ചുള്ള പരിശോധനകൾക്കും വിവാദം വഴിയൊരുക്കിയിട്ടുണ്ട്. പഴയ 'എയർ ഫോഴ്സ് വൺ' വിമാനത്തിലുണ്ടായിരുന്ന ചില അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഈ വിമാനത്തിൽ ഇല്ലെന്നതാണ് ഇതിന് കാരണം. മാധ്യമപ്രവർത്തകരുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ ട്രംപ് തന്നെ ഇക്കാര്യം സമ്മതിക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വൈകാതെ തന്നെ വിമാനത്തിൽ അവ പരമാവധി ശേഷിയിൽ സജ്ജീകരിക്കുമെന്നാണ് അദ്ദേഹം മറുപടി നൽകിയത്.

ഏകദേശം 14 വർഷം പഴക്കമുള്ള ഈ വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് മുൻപ് വേഗത്തിലും ഉയർന്ന ചെലവിലും നവീകരണത്തിന് വിധേയമാക്കിയിരുന്നു. കൂടുതൽ നവീകരണ പ്രവർത്തനങ്ങൾക്കായി ഈ വർഷം അവസാനം ഏകദേശം ഒരു മാസത്തേക്ക് വിമാനം സർവീസിൽ നിന്ന് പിൻവലിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. "പുതിയ എയർ ഫോഴ്സ് വൺ പ്രസിഡന്റിന്റെ യാത്രകൾക്ക് തികച്ചും സുരക്ഷിതമാണ്. എങ്കിലും, ശരത്കാലത്തിൽ ഇതിൽ കൂടുതൽ നവീകരണങ്ങളും മെച്ചപ്പെടുത്തലുകളും വരുത്തും; ഇതിന് ഏകദേശം ഒരു മാസം വേണ്ടിവരും. ആ സമയത്ത് പ്രസിഡന്റ് പഴയ എയർ ഫോഴ്സ് വണ്ണിലായിരിക്കും യാത്ര ചെയ്യുക."- വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറയുന്നു.

മുന്നറിയിപ്പുമായി ട്രംപ് 

ട്രംപിനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ​ഗൂഡാലോചനകളെ കുറിച്ച് ഇസ്രയേൽ പങ്കുവെച്ച രഹസ്യാന്വേഷണ വിവരങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു തുർക്കിയിൽ നിന്നുള്ള ഭീഷണിയെന്നും റിപ്പോർട്ടിലുണ്ട്. ഇറാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകാം ഇസ്രായേൽ ഈ വിവരങ്ങൾ നൽകിയതെന്നായിരുന്നു ചില യുഎസ് ഉദ്യോഗസ്ഥർ ഇതിനെ സംശയിച്ചിരുന്നത്. എന്നാൽ, കൂടുതൽ വിവരങ്ങൾ ലഭിച്ചതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയായിരുന്നു. 

ട്രംപിൻ്റെ തുർക്കി സന്ദർശന വേളയിൽ, ഇറാനെതിരായ ആക്രമണങ്ങൾ അമേരിക്ക പുനരാരംഭിച്ചിരുന്നു. അത് നിലവിലുണ്ടായിരുന്ന സംഘർഷാവസ്ഥ വർദ്ധിപ്പിക്കുകയും ചെയ്തു. ഉച്ചകോടിക്കിടെ തനിക്കെതിരായ ഭീഷണികളെക്കുറിച്ച് ട്രംപ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു- "അവർക്ക് യുഎസ് നേതാവിനെ - അതായത് എന്നെ - ഇല്ലാതാക്കണം. എല്ലാ പട്ടികയിലും എൻ്റെ പേരുണ്ട്. അവരുടെ എല്ലാ പട്ടികകളിലും എൻ്റെ പേരുള്ളതായി ഇന്ന് രാവിലെ ഞാൻ കണ്ടു. ഇതുവരെ എനിക്ക് അല്പം ഭാഗ്യമുണ്ടായിരുന്നു എന്ന് കരുതുന്നു, പക്ഷേ അത് അധികകാലം നീണ്ടുനിന്നേക്കില്ല."

അതിരൂക്ഷമായ ഭീഷണി 

മുതിർന്ന അമേരിക്കൻ നേതാക്കൾക്കെതിരായ ഭീഷണികൾ അഭൂതപൂർവമായ തലത്തിലെത്തിയെന്ന് സീക്രട്ട് സർവീസ് വ്യക്തമാക്കുന്നതിനിടെയാണ് ഈ ആശങ്കകൾ ഉയരുന്നത്."ഈ ഏജൻസിയിലെ കണക്കുകൾ - എൻ്റെ 24 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്തത്ര ഉയർന്നതാണ് - അസാധാരണമായ നിലയിലാണ്"- വൈറ്റ് ഹൗസ് കറസ്പോണ്ടൻ്റ്സ് ഡിന്നറിന് മുന്നോടിയായി സംസാരിക്കവെ സീക്രട്ട് സർവീസ് ഡയറക്ടർ ഷോൺ കറൻ പറഞ്ഞു. "സാഹചര്യം വളരെ അസ്ഥിരമായി മാറിയിരിക്കുന്നുവെന്നും അത് എല്ലായിടത്തും അങ്ങനെയാണെന്നും ഞാൻ കരുതുന്നു. സംരക്ഷണം നൽകുന്നവർക്ക് മാത്രമല്ല, പ്രാദേശിക ഉദ്യോഗസ്ഥർക്കും ഇത് ബാധകമാണ്. ഭീഷണിയുടെ വ്യാപ്തിയും സാഹചര്യവും ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുതാണ്."- അദ്ദേഹം കൂട്ടിച്ചേർത്തു. 

ട്രംപിന് സുരക്ഷയൊരുക്കുന്ന സംഘത്തെ നേരത്തെ നയിച്ചിരുന്ന കറൻ, 2024 ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്ട്ലറിൽ നടന്ന പ്രചാരണ റാലിക്കിടെ ട്രംപിനുനേരെ വധശ്രമം ഉണ്ടായപ്പോൾ അദ്ദേഹത്തിന് സംരക്ഷണമൊരുക്കിയ ഏജൻ്റുമാരിൽ ഒരാളായിരുന്നു.