യുദ്ധത്തിലെ നഷ്ടപരിഹാരത്തിന്റെ പേരിലും പോര്; വാദങ്ങൾ തീരാതെ യുഎസും ഇറാനും

യുദ്ധത്തിലെ നഷ്ടപരിഹാരത്തിന്റെ പേരിലും പോര്; വാദങ്ങൾ തീരാതെ യുഎസും ഇറാനും


ഒമാന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ നീക്കങ്ങൾ പുരോ​ഗമിക്കുന്നതിനിടെ, പുതിയ വാദത്തിന്റെ പേരിലുള്ള പോരിന് തുടക്കമിട്ടിരിക്കുകയാണ് അമേരിക്കയും ഇറാനും. യുദ്ധത്തിലുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം നൽകണമെന്നാണ് പുതിയ വാദം. ഇറാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിന് പിന്നാലെ തിരിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും രം​ഗത്തെത്തി. ഇതുവരെയുള്ള ചർച്ചകളിൽ ഉന്നയിക്കാത്ത വിഷയം ഇറാൻ പുതുതായി അവതരിപ്പിച്ചിരിക്കുകയാണെന്നും ഒരു രസകരമായ കാര്യമായതിനാൽ തിരിച്ച് താനും ഈ ആവശ്യം ഉന്നയിക്കുകയാണെന്നും ട്രംപ് പറയുന്നു. 

സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഇതൊരു രസകരമായ ആശയമാണ്; കാരണം, ജനറൽ സുലൈമാനിയുടെ നേതൃത്വത്തിൽ ഇറാൻ നടത്തിയ റോഡ്‌സൈഡ് ബോംബ് ആക്രമണങ്ങളിലും മറ്റ് സംഘർഷങ്ങളിലും കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തവർക്ക് (യുഎസ്എസ് കോൾ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും യുദ്ധത്തിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് പേരും ഉൾപ്പെടെ) വേണ്ടി ഞാനും ഇപ്പോൾ ഇറാനിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നു, കഴിഞ്ഞ 50 വർഷത്തിനിടെ നടന്ന ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുമ്പോൾ കൊല്ലപ്പെട്ടവർക്കും, കഴിഞ്ഞ അഞ്ച് മാസത്തിനിടെ കൊല്ലപ്പെട്ട 52,000 പേർക്കും നഷ്ടപരിഹാരം നൽകണം. ഭാവിയിൽ നടക്കാൻ പോകുന്ന എല്ലാ ചർച്ചകളിലും ഈ ആവശ്യം ശക്തമായി ഉന്നയിക്കാൻ ഞാൻ എന്റെ പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്- ട്രംപ് പറയുന്നു. 

ഇറാനെതിരെ കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്തുന്നതിന് പകരം സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിക്കാൻ തയ്യാറാണെന്നും, യുദ്ധത്തോടുള്ള തന്റെ സമീപനത്തിൽ അയവ് വരുത്തുകയാണെന്നും ട്രംപ് പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിൽ പുതിയ പരാമർശങ്ങളുമായി ട്രംപ് രം​ഗത്തെത്തിയത്. 

അതേസമയം, ട്രംപിന്റ പുതിയ വാദത്തോട് തുറന്ന പ്രതികരണത്തിന് ഇറാൻ തയ്യാറായിട്ടില്ല. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം നീക്കുക, മാസങ്ങളായി തുടരുന്ന യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക എന്നിവ ചെയ്യുന്നതുവരെ കടലിടുക്ക് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ. മേഖലാതല ചർച്ചകളിൽ വാഷിംഗ്ടൺ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.