ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം ശക്തം; മുൻ ജെ പി എസ് സി മേധാവി അറസ്റ്റിൽ, നിയമസഭാ മാർച്ചിൽ സംഘർഷസാധ്യത

ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം ശക്തം; മുൻ ജെ പി എസ് സി മേധാവി അറസ്റ്റിൽ, നിയമസഭാ മാർച്ചിൽ സംഘർഷസാധ്യത


റാഞ്ചി: സർക്കാർ നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ (JPSC), ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (JSSC) പരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർഥികൾ തിങ്കളാഴ്ച നിയമസഭയിലേക്ക് മാർച്ച് നടത്തി. ഇതിനിടെ മുൻ ജെ പി എസ് സി  ചെയർമാൻ എൽ. ഖിയാങ്‌തെയെ  ജാർഖണ്ഡ് സിഐഡി അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.

റാഞ്ചിയിലെ ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ തുടരുന്ന വിദ്യാർഥി സമരത്തിന്റെ ആറാംഘട്ട ചർച്ച ഞായറാഴ്ച സർക്കാരുമായി നടന്നെങ്കിലും സമവായത്തിലെത്താനായില്ല. ഇതോടെയാണ് തിങ്കളാഴ്ച നിയമസഭയിലേക്ക് മാർച്ച് നടത്താൻ വിദ്യാർഥികൾ തീരുമാനിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് റാഞ്ചിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.

നിയമസഭയിലേക്കുള്ള മാർച്ച് കടന്നുപോകുന്ന ജഗന്നാഥ ക്ഷേത്രത്തിന് സമീപം റേസർ ഫെൻസിങ് സ്ഥാപിച്ചു. നിയമസഭയുടെ 750 മീറ്റർ ചുറ്റളവിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 163 പ്രകാരമുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ റാഞ്ചിയിലെ ഭൂരിഭാഗം സ്‌കൂളുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

ചർച്ച പരാജയം; പരസ്പരം പഴിചാരി സർക്കാരും വിദ്യാർഥികളും

പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് സർക്കാരും വിദ്യാർഥി പ്രതിനിധികളും തമ്മിൽ ഞായറാഴ്ച ആറാംവട്ട ചർച്ച നടത്തിയിരുന്നു. എന്നാൽ നിർണായക വിഷയങ്ങളിൽ ധാരണയിലെത്താൻ കഴിഞ്ഞില്ല.

വിദ്യാർഥികളുടെ ആവശ്യങ്ങളിൽ 98 ശതമാനവും അംഗീകരിച്ചതായി സർക്കാർ അവകാശപ്പെട്ടപ്പോൾ, ഈ വാദം വിദ്യാർഥി നേതാക്കൾ തള്ളി. ആവശ്യങ്ങളെ പരീക്ഷ റദ്ദാക്കൽ, അന്വേഷണം, നിയമനപരിഷ്‌കാരം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ചർച്ച നടത്തിയതെന്ന് വിദ്യാർഥി നേതാവ് രവീന്ദ്ര പാസ്വാൻ പറഞ്ഞു.

നിയമനപരിഷ്‌കാരവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചെങ്കിലും പരീക്ഷകൾ റദ്ദാക്കണമെന്ന പ്രധാന ആവശ്യത്തിൽ സർക്കാർ വഴങ്ങിയില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.

എന്തൊക്കെയാണ് വിദ്യാർഥികളുടെ ആവശ്യങ്ങൾ?

2019ന് ശേഷം നടത്തിയ ജെ എസ് എസ് സി-സി ജി എൽ , ജെ എസ് എസ് സി ജെ ഇ, പി ജി ടി ഉൾപ്പെടെയുള്ള പരീക്ഷകൾ റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. ടിഡിപിഎൽ ഏജൻസി നടത്തിയ പരീക്ഷകൾ, ജെ എസ് എസ് സിസി ജി എൽ ,പി ജി ടി , എക്‌സൈസ് പരീക്ഷകൾ എന്നിവയിലും ക്രമക്കേട് ആരോപിച്ച് അന്വേഷണം വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.


പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തുക, കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുക, വിഭാഗം തിരിച്ചുള്ള കട്ട് ഓഫ് മാർക്ക് പ്രസിദ്ധീകരിക്കുക, ഒ എം ആർ കോപ്പികളും ഉത്തര ഷീറ്റുകളും പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നു.

കൂടാതെ യു പി എസ് സി , എസ് എസ് സി  മാതൃകയിൽ സംസ്ഥാന സർക്കാർ നിയമനങ്ങൾക്ക് സ്ഥിരമായ റിക്രൂട്ട്‌മെന്റ് കലണ്ടർ പ്രഖ്യാപിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു.

ഇ ഡിയും രംഗത്ത്

ജെ പി എസ് സി പരീക്ഷകളിലെ ആരോപണവിധേയമായ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച അന്വേഷണം നടത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ പരീക്ഷാ ക്രമക്കേട് വിവാദത്തിന് കൂടുതൽ ഗൗരവം കൈവന്നിരിക്കുകയാണ്.


സമരം സമാധാനപരമായിരിക്കുമെന്ന് വിദ്യാർഥി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രക്ഷോഭത്തെ അക്രമത്തിലേക്ക് വഴിതിരിച്ചുവിടാൻ ശ്രമിക്കുന്ന സാമൂഹികവിരുദ്ധരെയോ അക്രമകാരികളെയോ വിദ്യാർഥികൾ തന്നെ തടഞ്ഞ് പൊലീസിന് കൈമാറുമെന്നും രവീന്ദ്ര പാസ്വാൻ പറഞ്ഞു.

എന്നാൽ സർക്കാർ-വിദ്യാർഥി ചർച്ചകൾ തുടർച്ചയായി പരാജയപ്പെടുകയും പരീക്ഷാ ക്രമക്കേട് ആരോപണത്തിൽ അന്വേഷണ ഏജൻസികൾ സജീവമാകുകയും ചെയ്ത സാഹചര്യത്തിൽ ജാർഖണ്ഡിലെ വിദ്യാർഥി പ്രക്ഷോഭം കൂടുതൽ ശക്തമാകുമോ എന്നതാണ് ഇനി ഉറ്റുനോക്കുന്നത്.