കാട്ടുതീയില്‍ വേവുന്ന കാനഡ

കാട്ടുതീയില്‍ വേവുന്ന കാനഡ


കാനഡ കത്തുകയാണ്. ജൂലൈയില്‍ ഒന്റാരിയോയില്‍ പടര്‍ന്നുപിടിച്ച 190-ലേറെ കാട്ടുതീ ഇതുവരെ 7.35 ലക്ഷം ഹെക്ടറിലധികം ബോറിയല്‍ അഥവാ ഉപആര്‍ട്ടിക് വനപ്രദേശം കത്തിച്ചുകളഞ്ഞു. ഈ തീപിടിത്തങ്ങളില്‍ നിന്നുയര്‍ന്ന കനത്ത പുകയാകട്ടെ അമേരിക്കയുടെ മിഡ്വെസ്റ്റ് മേഖലയെയും കിഴക്കന്‍ തീരപ്രദേശങ്ങളെയും ദിവസങ്ങളോളം അപകടകരമായ പുകമഞ്ഞില്‍ മൂടാനുള്ളത്രയും ശക്തമായിരുന്നു. 

2023ലും സമാനമായ സാഹചര്യമുണ്ടായിരുന്നു. അന്ന് കാനഡയില്‍ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് വ്യാപകമായി പടര്‍ന്ന കാട്ടുതീയില്‍ നിന്നുള്ള പുക അമേരിക്കയിലെ ചില നഗരങ്ങളുടെ ആകാശക്കാഴ്ചകളെ പോലും ഓറഞ്ച് നിറത്തിലാക്കി. ഭാവിയിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് ഇത്തരം സംഭവങ്ങള്‍ ഇനിയും പലതും ഉണ്ടായേക്കുമെന്നാണ്.

അതിതീവ്ര കാട്ടുതീ വര്‍ധിക്കുന്നതെന്തുകൊണ്ട്?

ബോറിയല്‍ വനങ്ങളിലെ തീപിടിത്തങ്ങളെക്കുറിച്ചുള്ള മൂന്ന് വസ്തുതകള്‍ പുകമഞ്ഞിനപ്പുറമുള്ള യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ സഹായിക്കും. ഇക്കാര്യങ്ങള്‍ ചിലപ്പോള്‍ നമ്മുടെ സാധാരണ ധാരണകള്‍ക്ക് വിരുദ്ധമായേക്കാവുന്നതുമാകാം. 

മൂന്ന് ഘടകങ്ങള്‍ സംഭവിക്കുമ്പോഴാണ് അതിതീവ്രമായ ഒരു കാട്ടുതീ ഉണ്ടാകുന്നത്. തീപിടിത്തത്തിന് കാരണമാകുന്ന ഒരു ഉറവിടം, കത്താന്‍ പാകത്തിലുള്ള വരണ്ട സസ്യാവശിഷ്ടങ്ങള്‍, ചൂടും ശക്തമായ കാറ്റുമുള്ള കാലാവസ്ഥ എന്നിവയാണ് അവ. 

കാനഡയിലെ ബോറിയല്‍ വനങ്ങളില്‍ തീപിടിത്തത്തിന് പ്രധാനമായും കാരണമാകുന്നത് മിന്നലോ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളോ ആണ്. അശ്രദ്ധമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റി, തീക്കൂനയില്‍നിന്ന് തെറിച്ചുപോകുന്ന തീക്കനല്‍, റെയില്‍വേയില്‍നിന്നുള്ള തീപ്പൊരി തുടങ്ങിയവ മനുഷ്യനിര്‍മിത തീപിടിത്തങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഓരോ വര്‍ഷവും ഉണ്ടാകുന്ന തീപിടിത്തങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മിന്നലും മനുഷ്യരുടെ പ്രവര്‍ത്തനങ്ങളും ഏതാണ്ട് തുല്യമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

എന്നാല്‍ കത്തിപ്പോകുന്ന ആകെ വിസ്തൃതിയുടെ കാര്യത്തില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കത്തുന്ന ഭൂവിസ്തൃതിയുടെ ഏകദേശം 92 ശതമാനത്തിനും ഉത്തരവാദി മിന്നലാണ്. പലപ്പോഴും കാനഡയിലെ ഏറ്റവും വിദൂര പ്രദേശങ്ങളിലാണ് ഇത്തരം തീപിടിത്തങ്ങള്‍ ഉണ്ടാകുന്നത്. അവിടെ തീ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ അതിന്റെ ഗതി നിരീക്ഷിക്കുകയാണ് സാധാരണ ചെയ്യുന്നത്.

'ബോറിയല്‍ വനം കത്തുന്നതിനായി തന്നെ പരിണമിച്ചിട്ടുള്ളതാണ്. അതിലൂടെയാണ് അത് സ്വയം പുതുക്കുന്നത്'- ഒന്റാരിയോയിലെ സോള്‍ട്ട് സെന്റ് മേരിയില്‍ പ്രവര്‍ത്തിക്കുന്ന കനേഡിയന്‍ ഫോറസ്റ്റ് സര്‍വീസിലെ കാട്ടുതീ ശാസ്ത്രജ്ഞ ചെലീന്‍ ഹെയ്ന്‍സ് പറയുന്നു.

'തീ സമൂഹങ്ങളെ ബാധിക്കുമെന്ന് ഭീഷണിയില്ലാത്തിടത്തോളം തീയെ അതിന്റെ സ്വാഭാവിക പ്രക്രിയ നിര്‍വഹിക്കാന്‍ അനുവദിക്കുന്നതാണ് പരിസ്ഥിതിശാസ്ത്രപരമായി ഉചിതം' എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

കാനഡ വളരെ വിശാലവും ജനസാന്ദ്രത കുറഞ്ഞതുമായ രാജ്യമാണ്. അതിനാല്‍ ജനവാസമില്ലാത്ത വനപ്രദേശങ്ങളിലെ തീപിടിത്തങ്ങള്‍ക്കെതിരെ വ്യാപകമായി വിഭവങ്ങള്‍ വിനിയോഗിച്ച് പോരാടുന്നത് പ്രായോഗികമായിരിക്കണമെന്നില്ല. തീപിടിത്തമുണ്ടായ ഉടന്‍ തന്നെ അതിവേഗ നടപടികള്‍ ഉണ്ടായെങ്കില്‍ മാത്രമേ തീ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളു. തീപിടിത്തം ആരംഭിച്ച് ആദ്യത്തെ 30 മിനിറ്റിനുള്ളില്‍ തന്നെ ഇടപെടാനാവുമ്പോഴാണ് പരമാവധി ഫലപ്രാപ്തി ലഭ്യമാവുക. ജനവാസ മേഖലകളിലെ തീപിടിത്തങ്ങളെ അപേക്ഷിച്ച് വിദൂര പ്രദേശങ്ങളിലെ തീപിടിത്തങ്ങളില്‍ ഇത് സാധ്യമാകണമെന്നില്ല. 

മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ തീപിടുത്തമുണ്ടാകുന്നതിന് പ്രധാന കാരണം ജനങ്ങളുടെ അശ്രദ്ധയാണെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മനുഷ്യരുടെ അശ്രദ്ധ മൂലമുണ്ടാകുന്ന തീപിടിത്തങ്ങള്‍ 2018ഓടെ കുറഞ്ഞിരുന്നു. തീ നിയന്ത്രണവുമായി ബന്ധപ്പെട്ട പൊതുജന ബോധവത്കരണം ഉള്‍പ്പെടെ ഇതിന് കാരണമായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് മനുഷ്യ നിര്‍മിത തീപിടുത്തങ്ങള്‍ വീണ്ടും വര്‍ധിച്ചിട്ടുണ്ട്.

അശ്രദ്ധ മാത്രമല്ല മനുഷ്യ നിര്‍മിത തീപിടുത്തങ്ങള്‍ക്ക് പിന്നിലെ കാരണമെന്നാണ് ഹെയ്ന്‍സിന്റെ കണ്ടെത്തല്‍. കാലാവസ്ഥാ വ്യതിയാനം മൂലം ഭൂഭാഗങ്ങള്‍ കൂടുതല്‍ വരണ്ടതും ചൂടേറിയതുമാകുന്നതിനാല്‍, ചെറിയ തീപ്പൊരികള്‍പോലും വന്‍ തീപിടിത്തങ്ങള്‍ക്ക് തുടക്കമിടുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

രണ്ടു ലക്ഷം ഹെക്ടറിലധികം ഭൂമി കത്തിക്കുന്ന അതിതീവ്ര കാട്ടുതീകളാണ് ഇപ്പോള്‍ കാനഡയിലെ വാര്‍ഷിക തീപിടിത്ത കണക്കുകളില്‍ ആധിപത്യം പുലര്‍ത്തുന്നത്. എണ്ണത്തില്‍ ഇവ താരതമ്യേന കുറവാണ്. പ്രതിവര്‍ഷം ഉണ്ടാകുന്ന ആകെ തീപിടിത്തങ്ങളുടെ വെറും 3 ശതമാനം മാത്രമാണ് ഇത്തരം വന്‍ തീപിടിത്തങ്ങള്‍. എന്നാല്‍ കത്തുന്ന ആകെ ഭൂവിസ്തൃതിയുടെ 97 ശതമാനത്തിനും ഇവയാണ് ഉത്തരവാദികളാകുന്നത്. 

'കാനഡയിലെ തീ യഥാര്‍ഥത്തില്‍ നിയന്ത്രിക്കുന്നത് അതിതീവ്ര കാലാവസ്ഥയാണ്. അമേരിക്കയിലും ഇതുതന്നെയാണ് സ്ഥിതിയെന്ന് പറയാനാവും' എന്ന് ബ്രിട്ടീഷ് കൊളംബിയയിലെ കാംലൂപ്‌സിലുള്ള തോംപ്‌സണ്‍ റിവേഴ്‌സ് സര്‍വകലാശാലയിലെ കാട്ടുതീ ശാസ്ത്രജ്ഞ മൈക്ക് ഫ്‌ളാനിഗന്‍ ചൂണ്ടിക്കാട്ടുന്നു. 

തീയുടെ ഭാഷയില്‍ 'അതിതീവ്രം' എന്നത് പ്രധാനമായും തീ പടരുന്ന വിസ്തൃതിയെയാണ് സൂചിപ്പിക്കുന്നത്. വലിയ പ്രദേശത്തുണ്ടാകുന്ന തീപിടുത്തം അത്യന്തം ശക്തമായിരിക്കുമെന്ന് മാത്രമല്ല അവയുടെ ചൂട് വളരെ ഉയര്‍ന്നതും അതുവഴി സ്വന്തം കാലാവസ്ഥ പോലും സൃഷ്ടിക്കാന്‍ സാധിക്കുന്നതുമായിരിക്കും. 

ഇത്തരം തീപിടിത്തങ്ങളില്‍നിന്ന് അന്തരീക്ഷത്തിലേക്ക് ഉയരുന്ന ചൂട് പൈറോക്യുമുലസ് മേഘങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. തീപിടിത്തത്തില്‍നിന്ന് രൂപപ്പെടുന്ന ഇടിമിന്നല്‍ മേഘങ്ങളാണിവ. ഇത് വീണ്ടും കൂടുതല്‍ മിന്നലുകള്‍ക്ക് കാരണമാവുകയും പുതിയ തീപിടിത്തങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യുന്നു.

'ഇത്തരം വന്‍ തീപിടിത്തങ്ങള്‍ കൂടുതലായി കാണുകയാണ്. അവ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയുടെ എണ്ണം വളരെ വേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്,'- ഫ്‌ളാനിഗന്‍ പറയുന്നു.

കാനഡയില്‍ 2023ലെ തീപിടിത്തത്തില്‍നിന്ന് രൂപപ്പെട്ട ഇടിമിന്നല്‍ മേഘങ്ങളുടെ എണ്ണം 140ലേറെ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. അതിനു മുമ്പത്തെ റെക്കോര്‍ഡ് 2021ല്‍ 100 എണ്ണമായിരുന്നു.

ഇത്തരം അതിശക്തമായ തീപിടിത്തങ്ങളെ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. വിമാനങ്ങളില്‍നിന്ന് വെള്ളം, തീ അണയ്ക്കുന്ന രാസവസ്തുക്കള്‍, ഫോം തുടങ്ങിയവ തീയുടെ മുകളിലേക്ക് ഒഴിക്കുക ഇതിന്റെ ഭാഗമായി ചെയ്യുന്ന പ്രവര്‍ത്തികളാണ്.

അതിനുശേഷം പരോക്ഷമായ നിയന്ത്രണ നടപടികളാണ് സ്വീകരിക്കുന്നത്. തീ കാറ്റിനൊപ്പം പടരുന്ന ദിശയില്‍ അതിന്റെ മുന്നിലുള്ള ഭൂഭാഗം മുന്‍കൂട്ടി കത്തിച്ച് തീയ്ക്ക് ലഭിക്കുന്ന ഇന്ധനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന രീതിയാണിത്.

എന്നാല്‍ 'വളരെ ശക്തമായ തീപിടിത്തമുണ്ടാകുമ്പോള്‍, തീ നിയന്ത്രിക്കുന്നവരുടെ കൈവശമുള്ള ഉപകരണങ്ങളുടെ ഫലപ്രാപ്തി വളരെ വേഗത്തില്‍ കുറയാന്‍ തുടങ്ങും' എന്നും ഹെയ്ന്‍സ് പറയുന്നു.

'ഒരു ഘട്ടം കഴിഞ്ഞാല്‍ തീ ഒരു വെള്ളപ്പൊക്കമോ ചുഴലിക്കാറ്റോ പോലെയാകും. അത് സ്വന്തം കാലാവസ്ഥ സൃഷ്ടിക്കാന്‍ തുടങ്ങുമ്പോള്‍, പിന്നെ നമുക്ക് അതിനെ നിയന്ത്രിക്കാന്‍ കഴിയില്ല.'

ആകാശത്തു നിന്നുള്ള ശ്രമങ്ങള്‍ തീ പടരുന്ന വേഗത കുറച്ച് സാഹചര്യം അനുകൂലമാക്കാനുള്ള സമയം ലഭ്യമാക്കും. എന്നാല്‍ മണ്ണിനടിയിലെ തീ ആഴ്ചകളോളം പുകയാതെ കത്തിക്കൊണ്ടിരിക്കും. 

അവശേഷിക്കുന്ന തീക്കനലുകള്‍ കണ്ടെത്തി അണച്ചില്ലെങ്കില്‍ ശക്തമായ കാറ്റ് വീശുമ്പോള്‍ തീ വീണ്ടും അതിവേഗം പടരുമെന്നും ഫ്‌ളാനിഗന്‍ പറയുന്നു. ഇത്തരം ചൂടുള്ള ഭാഗങ്ങള്‍ കണ്ടെത്തി അണയ്ക്കാന്‍ ഇന്‍ഫ്രാറെഡ് ക്യാമറകളുമായി സജ്ജീകരിച്ച കരസേന ആവശ്യമാണ്.

കാനഡയിലെ തീ നിയന്ത്രണ സംവിധാനങ്ങള്‍ക്ക് കാട്ടു തീയോടു മാത്രമല്ല സാമൂഹികമാധ്യമങ്ങളിലെ തെറ്റായ വിവരങ്ങളോടും പോരാടേണ്ടി വരുന്നുണ്ട്.  രാജ്യത്തെ നിയന്ത്രണാതീതമായ കാട്ടുതീകള്‍ മോശം വനപരിപാലനത്തിന്റെ ഫലമാണെന്ന് അവകാശപ്പെടുന്ന തെറ്റായ പ്രചാരണങ്ങളും കാട്ടുതീയോടൊപ്പം പടരാറുണ്ട്.

പഴക്കം ചെന്നതും കത്താന്‍ ധാരാളം ഇന്ധനം നല്‍കുന്നതുമായ മരങ്ങള്‍ വെട്ടിമാറ്റുകയോ വനത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയോ ചെയ്താല്‍ തീ നിയന്ത്രിക്കുന്നത് താരതമ്യേന എളുപ്പമാണെന്ന വാദങ്ങളും ചിലര്‍ ഉന്നയിക്കുന്നു.

എന്നാല്‍ ഏകദേശം 30 കോടി ഹെക്ടര്‍ വിസ്തൃതിയുള്ള കാനഡയുടെ വിശാലമായ ഉള്‍പ്രദേശങ്ങളിലുടനീളം ഇത്തരം പതിവ് വനപരിപാലനം നടത്തുക സാധ്യമോ അഭികാമ്യമോ അല്ല.

മാത്രമല്ല, ഈ വാദത്തിന്റെ അടിസ്ഥാന യുക്തിയും തെറ്റാണെന്ന് ഗവേഷകര്‍ പറയുന്നു. ഈ പ്രദേശങ്ങള്‍ ഒരിക്കലും മനുഷ്യരുടെ നിയന്ത്രണത്തിലുള്ള വനപരിപാലനത്തിന് വിധേയമായിട്ടില്ല. അതിനാല്‍ അവിടെ വനപരിപാലനം നടത്തിയില്ല എന്നതിനെ സമീപകാലത്ത് അതിതീവ്രമായ തീപിടിത്തങ്ങള്‍ വര്‍ധിച്ചതിന്റെ കാരണമായി കാണുന്നതില്‍ അര്‍തമില്ലെന്ന് അവര്‍ വിശദമാക്കുന്നു. 

യഥാര്‍ഥത്തില്‍ അടിസ്ഥാനപരമായ പ്രശ്‌നം മറ്റൊന്നാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ബോറിയല്‍ വനങ്ങള്‍ കടുത്ത തീപിടിത്തങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമായിക്കൊണ്ടിരിക്കുകയാണ്.

പ്രവചനങ്ങള്‍ പ്രകാരം 2026ലും കാനഡയില്‍ വലിയ തോതിലുള്ള കാട്ടുതീ ഉണ്ടാകുമെങ്കിലും റെക്കോര്‍ഡ് വര്‍ഷമായ 2023നെ മറികടക്കാന്‍ സാധ്യതയില്ല.

2023 അതിശയിപ്പിക്കുന്നതായിരുന്നുവെന്നും സാധാരണ കണക്കുകള്‍ക്കപ്പുറത്തായിരുന്നു അതെന്നും ഫ്‌ളാനിഗന്‍ പറയുന്നു. ആ വര്‍ഷം മെയ് മാസത്തിന്റെ തുടക്കത്തില്‍ കാനഡയില്‍ ഒന്നരക്കോടി  ഹെക്ടര്‍ ഭൂമിയാണ് കാട്ടുതീയില്‍ നശിച്ചത്. അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തിന്റെ വലുപ്പത്തിന് ഏകദേശം തുല്യമായ പ്രദേശമാണിത്. അതിന് മുമ്പുണ്ടായിരുന്ന റെക്കോര്‍ഡായ 69 ലക്ഷം ഹെക്ടറിനേക്കാള്‍ ഇരട്ടിയിലധികമായിരുന്നു അത്.

2023ലെ സ്ഥിതി ഞെട്ടിപ്പിക്കുന്നതായിരുന്നെങ്കിലും അത് ദീര്‍ഘകാലമായി തുടരുന്ന ആശങ്കാജനകമായ ഒരു പ്രവണതയുടെ ഭാഗമാണ്.

കിഴക്കന്‍ കാനഡയിലെ അസാധാരണവും രൂക്ഷവുമായ കാട്ടുതീ സീസണെ കുറിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത് കാലാവസ്ഥാ വ്യതിയാനം മൂലം ആ പ്രദേശത്ത് അതിതീവ്രമായ തീപിടിത്ത സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയിലധികമായി വര്‍ധിച്ചുവെന്നാണ്.


കാട്ടുതീയില്‍ വേവുന്ന കാനഡ

ആഗോള ശരാശരിയേക്കാള്‍ ഏകദേശം ഇരട്ടി വേഗത്തിലാണ് കാനഡ ചൂടുപിടിക്കുന്നത്. വേനല്‍ക്കാലം കൂടുതല്‍ ദൈര്‍ഘ്യമേറിയതും ചൂടേറിയതുമാകുന്നതിനോടൊപ്പം മഞ്ഞ് ഉരുകുന്നതും നേരത്തെയായിത്തീരുന്നു. 

ചൂടേറിയ അന്തരീക്ഷം വനത്തിന്റെ അടിത്തട്ടിലുള്ള സസ്യാവശിഷ്ടങ്ങളില്‍നിന്നും മണ്ണില്‍നിന്നും ഈര്‍പ്പം വളരെ വേഗത്തില്‍ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. വടക്കന്‍ അര്‍ധഗോളത്തിലെ ജെറ്റ് സ്ട്രീമിലുണ്ടാകുന്ന മാറ്റങ്ങള്‍ മഴയുടെ അളവ് കുറയ്ക്കുന്നുമുണ്ട്.

കൂടാതെ, ശൈത്യകാലത്തും ചൂടുണ്ടാകുന്നതോടെ പൈന്‍ മരങ്ങളുടെ തൊലിയില്‍ വ്യാപിക്കുന്ന കീടങ്ങളുടെ ആവാസവ്യപ്തി വര്‍ധിപ്പിക്കുകയും ഇവ മരങ്ങളെ നശിപ്പിക്കുന്നതോടെ ഫലത്തില്‍ തീ കത്തിപ്പിടിക്കാന്‍ കൂടുതല്‍ ഇന്ധനം ലഭ്യമാകുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. 

വലിയ തീപിടിത്തങ്ങള്‍ കൂടുതല്‍ വലുതായിക്കൊണ്ടിരിക്കുകയും അവ കൂടുതല്‍ വിസ്തൃതിയിലേക്ക് പടരുകയും കൂടുതല്‍ കാലം കത്തുകയും ചെയ്യുന്നുവെന്ന് ഹെയ്ന്‍സ് പറയുന്നു.

വരണ്ടുണങ്ങുന്ന ഭൂഭാഗങ്ങള്‍ ഒരുകാലത്ത് തീ പടരുന്നത് തടയാന്‍ സഹായിച്ചിരുന്ന ജലാശയങ്ങളും ചതുപ്പുനിലങ്ങളും കുറയുന്നതിന് കാരണമാകുന്നു. മറ്റൊരു കാര്യം, വലിയ തീപിടിത്തങ്ങള്‍ക്ക് കാനഡയിലെ നിരവധി തടാകങ്ങള്‍ക്ക് മുകളിലൂടെ പോലും കാര്യമായ തടസ്സമില്ലാതെ കടന്നുപോകാന്‍ കഴിയുമെന്നതാണ്. 

1959 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 20,000 ഹെക്ടറിലധികം ഭൂമി കത്തിച്ച വലിയ തീപിടിത്തങ്ങള്‍ കൂടുതല്‍ വലുതായിക്കൊണ്ടിരിക്കുകയാണെന്നും കത്തുന്ന ആകെ ഭൂവിസ്തൃതിയില്‍ അവയുടെ പങ്ക് വര്‍ധിച്ചുവരികയാണെന്നും 2025ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയിരുന്നു. ഹെയ്ന്‍സ്, ഫ്‌ളാനിഗന്‍ എന്നിവരും മറ്റു ഗവേഷകരമാണ് ഈ പഠനം നടത്തിയത്. 1950കളില്‍ വിശദമായ രേഖപ്പെടുത്തല്‍ ആരംഭിച്ചതിന് ശേഷമുള്ള കാനഡയിലെ കാട്ടുതീയുടെ പ്രവണതകള്‍ പരിശോധിച്ചാണ് പഠനം നിഗമനങ്ങളിലെത്തിയത്. 

കാനഡയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും സജീവമായ ആറ് കാട്ടുതീ വര്‍ഷങ്ങളും കഴിഞ്ഞ ഒരു ദശകത്തിനിടയിലാണ് ഉണ്ടായത്. 2017 മുതല്‍ 2025 വരെയുള്ള കാലയളവില്‍ കത്തിനശിച്ച ഭൂവിസ്തൃതി, അതിനു മുമ്പുള്ള മുഴുവന്‍ രേഖപ്പെടുത്തല്‍ കാലയളവിലും കത്തിനശിച്ച ഭൂവിസ്തൃതിയേക്കാള്‍ കൂടുതലാണ്.

2023, 2024, 2025 വര്‍ഷങ്ങളെല്ലാം വലിയ കാട്ടുതീ വര്‍ഷങ്ങളായിരുന്നു. രേഖപ്പെടുത്തിയ ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്ന് ഫ്‌ളാനിഗന്‍ പറയുന്നു.

'അതുകൊണ്ടുതന്നെ 2026 ഒരു ലിറ്റ്മസ് ടെസ്റ്റായിരുന്നു. കാനഡയില്‍ മറ്റൊരു സജീവമായ കാട്ടുതീ സീസണ്‍ കൂടി നാം കാണുമോ? അങ്ങനെ സംഭവിച്ചാല്‍, മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ കാരണം ഇനി എല്ലാ വര്‍ഷവും ഇതുപോലെയായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഭാവി ചൂടേറിയതും പുകമയവുമായിരിക്കും' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.