ലോകത്തിലെ ഇലക്ട്രിക് വാഹന വിപണിയിൽ വൻ വിപ്ലവം കൊണ്ടുവരാനുള്ള ഒരു ചുവടുവയ്പാണ് ചൈന നടത്തിയിരിക്കുന്നത്. ഉപ്പിന്റെയോ സോഡിയത്തിന്റെയോ ഘടകങ്ങൾ ഉപയോഗിച്ച് വൈദ്യുതി സംഭരിക്കുന്ന സോൾട്ട്/ സോഡിയം ബാറ്ററികളാണ് ചൈന പുറത്തിറക്കിയിരിക്കുന്നത്. ലീഥിയം, കോബാൾട്ട് ബാറ്ററികളെ പോലെ തീപിടിക്കില്ലെന്ന് മാത്രമല്ല, അസംസ്കൃത വസ്തുക്കൾക്ക് വില കുറവായതിനാൽ ഇല്ക്രോണിക് വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കുമെന്നും ഉത്പാദകർ കണക്കാക്കുന്നു.
വർഷങ്ങളായി നടക്കുന്ന ഗവേഷണങ്ങൾക്കൊടുവിൽ യുഎസ് ആസ്ഥാനമായ ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ ചുവടുവയ്പിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഉപ്പിന്റെയോ സോഡിയത്തിന്റെയോ ഘടകങ്ങൾ ഉപയോഗിച്ചുള്ളതായതിനാൽ വിഷാംശം കുറഞ്ഞതും പുനരുപയോഗം ചെയ്യാൻ എളുപ്പമുള്ളതുമാണെന്നാണ് വിലയിരുത്തൽ. ലൈറ്റ് ഇലക്ട്രിക് വാഹനങ്ങൾ മുതൽ വാണിജ്യ കാറുകളിൽ വരെ ഇവ ഫലപ്രദമാണെന്നാണ് ഉത്പാദകർ പറയുന്നത്.
15 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. തണുത്തുറഞ്ഞ അന്തരീക്ഷാവസ്ഥയിൽ പോലും മികച്ച പ്രകടം കാഴ്ചവയ്ക്കുമെന്ന് മാത്രമല്ല, താപ സ്ഥിരതയുള്ളതും തീപിടിക്കുന്നതിനെ പ്രതിരോധിക്കുന്നതുമാണ്. ലീഥിയം ബാറ്ററികളെ അപേക്ഷിച്ച് 80 ശതമാനം വിലക്കുറവുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
ലീഥിയം ബാറ്ററികളെ അപേക്ഷിച്ച് അവയുടെ അസംസ്കൃത വസ്തുക്കൾ ചുരുക്കം ചില രാജ്യങ്ങളിൽ നിന്ന് മാത്രം ഖനനം ചെയ്തെടുക്കുന്നവയായിരുന്നു. അതിനാൽ അസംസകൃത വസ്തുക്കളുടെ ലഭ്യത കുറവ് ഉത്പാദനത്തെ ബാധിച്ചിരുന്നു. ഇത് മറികടക്കുന്നതാണ് ചൈനയുടെ സോഡിയം/ സോൾട്ട് ബാറ്ററികളുടെ പുറത്തിറക്കലിലൂടെ സംജാതമായിരിക്കുന്നത്. കടൽവെള്ളത്തിൽ നിന്ന് ലഭിക്കുന്നതും ധാരാളം ലഭ്യതയുള്ളതുമായതിനാൽ ഉത്പാദന രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാമെന്നും കണക്കാക്കുന്നുണ്ട്.
കൊബാൾട്ടോ നിക്കലോ ഉപയോഗിക്കാത്ത ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററികൾ ചൈനീസ് കമ്പനികൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും, ലിഥിയത്തിന്റെ ലഭ്യത ഇപ്പോഴും ഒരു പ്രധാന വെല്ലുവിളിയാണ്. ചൈന ശുദ്ധീകരിച്ച ലീഥിയം അയിരിൽ ഏകദേശം 60 ശതമാനവും ഓസ്ട്രേലിയയിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തവയായിരുന്നു.
ഭൂമിയുടെ ഉപരിതലത്തിൽ ലിഥിയത്തേക്കാൾ ഏകദേശം 1,000 മടങ്ങും സമുദ്രങ്ങളിൽ ഏകദേശം 60,000 മടങ്ങും അധികമായി സോഡിയം ലഭ്യമാണെന്നാണ് ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇക്കാരണത്താൽ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കും അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്കും സോഡിയം-അയൺ ബാറ്ററികൾ കുറഞ്ഞ തോതിലേ വിധേയമാകുന്നുള്ളൂയെന്ന് ചൈനയിലെ സുഷൗവിലുള്ള ഷിയാൻ ജിയാവോടോങ്-ലിവർപൂൾ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ലിയു ചെൻഗ്വാങ് പറയുന്നു.
ചൈനയുടെ സോൾട്ട് ബാറ്ററികൾ മാറ്റിമറിക്കുമോ ലോക ഇലക്ട്രിക് വാഹന വിപണി?
