പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പ്രതിരോധത്തിന് ഒരു മറുചേരി; സൗദി, തുർക്കി എന്നിവരുടെ കൂടി പാകിസ്ഥാനും, ശത്രുരാജ്യങ്ങൾ ഒന്നിക്കുന്നോ?

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പ്രതിരോധത്തിന് ഒരു മറുചേരി; സൗദി, തുർക്കി എന്നിവരുടെ കൂടി പാകിസ്ഥാനും, ശത്രുരാജ്യങ്ങൾ ഒന്നിക്കുന്നോ?


ഇറാൻ-യുഎസ് സംഘർഷം വർദ്ധിക്കുന്നത് സംബന്ധിച്ച ആശങ്കകൾ തുടരുന്നതിനിടെ, പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നി രാജ്യങ്ങൾ ഒരു സുപ്രധാന പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. മെക്ക സംയുക്ത പ്രതിരോധ കരാർ എന്നറിയപ്പെടുന്ന കരാറിലെ വ്യവസ്ഥയാണ് പുതിയ ചർച്ചാ വിഷയം. പങ്കാളിത്ത രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സൈനിക ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന ('അറ്റാക്ക് ഓൺ വൺ, അറ്റാക്ക് ഓൺ ഓൾ') വ്യവസ്ഥയാണ് ഇതിലെ പ്രധാനം. 

മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതും ഏകോപനം മെച്ചപ്പെടുത്തുന്നതുമാണ് കരാറിന്റെ ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും കരുതലോടെയാണ് ഇന്ത്യ ഇതിനെ നോക്കിക്കാണുന്നത്. ശത്രുരാഷ്ട്രമായ പാകിസ്ഥാനും സുഹൃദ് രാഷ്ട്രമായ സൗദി അറേബ്യയും തമ്മിലെ പ്രതിരോധ കരാറിലേക്ക് തുർക്കി കൂടി ചേരുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഘട്ടത്തിൽ പാകിസ്ഥാന് ഡ്രോണുകളും ആയുധങ്ങളും നൽകി സഹായിച്ച രാജ്യമാണ് തുർക്കി. തുടർന്ന് ഇന്ത്യയും തുർക്കിയും തമ്മിലെ ബന്ധം വഷളായിരുന്നു.

മക്കയിൽ നടന്ന ഉംറ തീർത്ഥാടനത്തിന് ശേഷം, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റെജെപ് തയ്യിപ് എർദോഗൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ പങ്കെടുത്ത സംയുക്ത പ്രതിരോധ ഉച്ചകോടിയിലാണ് കരാറിൽ ഒപ്പുവെച്ചത്. ഭാവിയിൽ മറ്റ് പ്രാദേശിക രാജ്യങ്ങൾക്കും ഇതിൽ പങ്കാളികളാകാമെന്നും തുർക്കി വ്യക്തമാക്കി. കരാർ ഒപ്പുവെച്ചത് ഇന്ത്യ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. കരാറുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ സസൂക്ഷ്‌മം നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. പിന്നീട് വിവരങ്ങൾ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ഏതെങ്കിലും രാജ്യത്തിന് എതിരെയുള്ളതല്ല കരാറെന്നും തികച്ചും തങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾക്കുള്ളതാണിതെന്നും മൂന്ന് രാജ്യങ്ങളും വ്യക്തമാക്കുന്നു. "ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിനെതിരായ കൂട്ടായ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ കരാർ. ഇതിലെ വ്യവസ്ഥ പ്രകാരം, മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലുമൊന്നിനു നേരെ ഉണ്ടാകുന്ന സായുധ ആക്രമണം തങ്ങൾക്കെല്ലാം എതിരായ ആക്രമണമായി കണക്കാക്കപ്പെടും. കൂടാതെ, മൂന്ന് രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ എല്ലാ മേഖലകളും മെച്ചപ്പെടുത്തുന്നതിനും ഈ കരാർ വ്യവസ്ഥ ചെയ്യുന്നു," എന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ദരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.

നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായ തുർക്കി, ലോകത്തെ പ്രധാന എണ്ണ ഉൽപാദക രാജ്യമാണ്. ഇസ്ലാമിക ലോകത്തിന്റെ പ്രധാന കേന്ദ്രമായ സൗദി അറേബ്യയും ആണവായുധ ശേഷിയുള്ള പാകിസ്താനും ചേരുന്നതോടെ ശക്തമായൊരു പ്രതിരോധ കൂട്ടായ്മയാണ് രൂപപ്പെടുന്നത്. ദശാബ്ദങ്ങളായി സൗദി സേനയ്ക്ക് പാകിസ്ഥാൻ പരിശീലനവും സാങ്കേതിക സഹായവും നൽകിവരുന്നുണ്ട്. യുദ്ധക്കപ്പലുകളും പരിശീലന വിമാനങ്ങളും ഉൾപ്പെടെയുള്ള പ്രതിരോധ മേഖലയിലെ കൈമാറ്റങ്ങളിലൂടെയും സഹകരണങ്ങളിലൂടെയും തുർക്കിയും പാകിസ്ഥാനും പരസ്പരം സഹകരിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ വച്ച് പാകിസ്താന് മാത്രമാണ് പ്രഖ്യാപിത ശത്രുവുള്ളതെന്നതാണ് ഇവിടെ പ്രധാനം.