ഗാസ റോഡ്മാപ്പ് തള്ളിയ നെതന്യാഹുവിന്റെ നടപടി ട്രംപിനോടുള്ള 'അവഗണന': മുഹമ്മദ് ദഹ്ലാന്‍

ഗാസ റോഡ്മാപ്പ് തള്ളിയ നെതന്യാഹുവിന്റെ നടപടി ട്രംപിനോടുള്ള 'അവഗണന': മുഹമ്മദ് ദഹ്ലാന്‍


ഗാസ: ഗാസയ്ക്കായുള്ള 'ബോര്‍ഡ് ഓഫ് പീസ്' റോഡ്മാപ്പ് തള്ളിക്കളയാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനം അമേരിക്കന്‍ ഭരണകൂടത്തോടും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സംഘത്തോടുമുള്ള 'വെല്ലുവിളിയും അവഗണനയും വഞ്ചനയും' ആണെന്ന് പ്രവാസി പാലസ്തീന്‍ രാഷ്ട്രീയ നേതാവ് മുഹമ്മദ് ദഹ്ലാന്‍.

മധ്യസ്ഥര്‍ ഇപ്പോള്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള പ്രധാന തടസ്സമായി നെതന്യാഹുവിനെയാണ് കാണുന്നതെന്നും ദഹ്ലാന്‍ പറഞ്ഞു.

ഫതഹിലെ മുന്‍ ഉന്നത നേതാവായ ദഹ്ലാന്‍ പാലസ്തീനുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകളില്‍ നിര്‍ണായക മധ്യസ്ഥനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യു എ ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദിന്റെ അടുത്ത ഉപദേഷ്ടാവായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.

യുദ്ധാനന്തര ഗാസയുടെ ഭരണവുമായി ബന്ധപ്പെട്ട ട്രംപിന്റെ പദ്ധതിക്ക് രൂപം നല്‍കുന്നതിനിടെ ട്രംപിന്റെ പ്രത്യേക പ്രതിനിധി ജാരഡ് കുഷ്നറും ദഹ്ലാനുമായി അടുത്ത് കൂടിയാലോചന നടത്തിയിരുന്നു.

പൊതുവെ മാധ്യമ ശ്രദ്ധയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ദഹ്ലാന്‍ താത്പര്യപ്പെടുന്നുണ്ടെങ്കിലും ഹമാസിന്റെ നിരായുധീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ ഒരു സഹായി കഴിഞ്ഞ മാസം ആദ്യമായി സ്ഥിരീകരിച്ചിരുന്നു.