യുക്രെയിൻ യുദ്ധത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കുന്നതിനും റഷ്യൻ പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കും ഉപരോധം ഏർപ്പെടുത്തുന്നതിനുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കി. റഷ്യൻ പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്ന ഇന്ത്യ, ചൈന എന്നിവ അടക്കമുള്ള 5 രാജ്യങ്ങൾക്കും 100 ശതമാനം തീരുവ ഏർപ്പെടുത്താനാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. 'ലിൻഡ്‌സി ഒ. ഗ്രഹാം സാങ്‌ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് ഓഫ് 2026' എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ ബിൽ, 11നെതിരെ 86 വോട്ടുകൾക്കാണ് സെനറ്റ് അംഗീകരിച്ചത്.
സെനറ്റ് അംഗീകരിച്ച ബിൽ യുഎസ് ജനപ്രതിനിധി സഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലേക്ക് അയക്കും. എന്നാൽ, കോൺഗ്രസിന്റെ വേനലവധി ആയതിനാൽ 435 അംഗങ്ങളുള്ള ലോവർ ചേമ്പറിലെ വോട്ടെടുപ്പ് സെപ്റ്റംബർ വരെ നടക്കാനിടയില്ല. ഈ നീക്കം റഷ്യയെ ഒടുവിൽ ചർച്ചാമേശയിലെത്തിക്കുമെന്നും യുക്രെയിനും റഷ്യയും തമ്മിലുള്ള യുദ്ധത്തിന് വിരാമമിടുമെന്നും സെനറ്റ് ഫോറിൻ റിലേഷൻ കമ്മിറ്റിയിലെ റിപ്പബ്ലിക്കൻ അംഗമായ ജിംറിഷ് സെനറ്റ് ഫ്ളോറിൽ നടത്തിയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. യുദ്ധക്കളത്തിൽ നിന്നുണ്ടാകുന്ന നേട്ടത്തേക്കാൾ വലിയ സ്വാധീനം ചെലുത്താനും റഷ്യൻ സൈന്യത്തിന് ധനസഹായം നൽകുന്ന പണത്തിന്റെ ഒഴുക്ക് തടയാനും ഈ നീക്കം സഹായിക്കുമെന്ന് സെനറ്റർമാർ അഭിപ്രായപ്പെട്ടു.
റഷ്യൻ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്നതിൽ മുൻപന്തിയിലുള്ള അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100% തീരുവ ഏർപ്പെടുത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുവദിക്കുന്നതാണ് ഈ ബിൽ. നിലവിൽ ചൈന, ഇന്ത്യ, അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ എന്നിവയാണ് റഷ്യയിൽ നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്നതിൽ മുൻപന്തിയിലുള്ള അഞ്ച് രാജ്യങ്ങൾ. റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾക്ക് പുറമേ, ഇറാനിലെ ഊർജ്ജ മേഖലയിൽ നിക്ഷേപം നടത്തുന്ന കമ്പനികളെ ശിക്ഷിക്കുന്ന 1996-ലെ 'ഇറാൻ സാങ്‌ഷൻസ് ആക്റ്റി'ന്റെ (ഇറാൻ ഉപരോധ നിയമം) കാലാവധി 2031 വരെ നീട്ടാനും ഈ ബിൽ വ്യവസ്ഥ ചെയ്യുന്നു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, പ്രമുഖ വ്യവസായികൾ (ഒളിഗാർക്കുകൾ), ധനകാര്യ സ്ഥാപനങ്ങൾ എന്നിവരെ ലക്ഷ്യമിട്ട് റഷ്യൻ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും മേൽ ഉപരോധം ഏർപ്പെടുത്താനും ഈ ബിൽ ലക്ഷ്യമിടുന്നു. എന്നാൽ, റഷ്യയിൽ നിന്ന് 15 ശതമാനത്തിൽ താഴെ മാത്രം പ്രകൃതിവാതകം ഇറക്കുമതി ചെയ്യുകയും അത് കുറയ്ക്കാൻ നടപടികൾ എടുക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഈ താരിഫുകൾ സ്വയമേ നടപ്പിലാക്കില്ല. പ്രസിഡന്റിന് ഇതിനുള്ള വിവേചനാധികാരം നൽകിയിട്ടുണ്ട്. നിയമമായി മാറിയതിനു ശേഷമുള്ള എക്സിക്യൂട്ടീവ് തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും ഇതിന്റെ നടപ്പിലാക്കൽ. യുക്രെയ്ൻ യുദ്ധത്തെത്തുടർന്നുള്ള ആഗോള ഊർജ്ജ വിപണിയിലെ മാറ്റങ്ങൾക്ക് ശേഷം, വിലക്കുറവിൽ ലഭിക്കുന്ന റഷ്യൻ എണ്ണയുടെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നായി ഇന്ത്യ മാറി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്നുള്ള പ്രതിസന്ധികളും ഇന്ത്യയെ റഷ്യൻ എണ്ണയെ കൂടുതൽ ആശ്രയിക്കാൻ പ്രേരിപ്പിച്ചു. നയപരമായ താല്പര്യങ്ങളും ഊർജ്ജ സുരക്ഷയുമാണ് തങ്ങളുടെ ഊർജ്ജ ഇറക്കുമതിയെ നയിക്കുന്നതെന്നാണ് ഇന്ത്യയുടെ നിലപാട്.
റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം ഇല്ലാതാക്കാനുള്ള ഉപരോധ ബില്ലുമായി യുഎസ് സെനറ്റ്; അടി കിട്ടിയിരിക്കുന്നത് ഇന്ത്യ അടക്കം അഞ്ച് രാജ്യങ്ങൾക്ക്
